കാര്‍ഷിക വിളകളിലെ രോഗങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും കര്‍ഷകരെ സഹായിക്കുന്ന അത്യാധുനിക പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് കാസർഗോഡ് ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നു.
മലബാറില്‍ ആദ്യമായി പടന്നക്കാട് കാര്‍ഷിക കോളേജിലാണ് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നത്. കൃഷി വകുപ്പിന് കീഴില്‍ നിലവിലുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെ റഫറല്‍ ലാബ് എന്ന നിലയിലായിരിക്കും അത്യാധുനിക പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഫണ്ട് ഉയോഗിച്ച് 25ലക്ഷം രൂപ ചിലവിലാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കൊണ്ട് നിരവധി മാറ്റങ്ങളാണ് കാര്‍ഷിക മേഖലയില്‍ കണ്ടുവരുന്നത്. മനുഷ്യരെ പോലെ തന്നെ സസ്യങ്ങളിലും രോഗങ്ങള്‍ കൂടി വരുന്നു. പുതിയ നിരവധി രോഗങ്ങളാണ് സസ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയാന്‍ ഈ ലാബ് ഉപകരിക്കും. കൃഷി ഭവന്‍ മുഖേന റഫര്‍ ചെയ്യുന്നത് കൂടാതെ കൃഷിയിടത്തിലെ സാമ്പിളുകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ലാബില്‍ എത്തിച്ച് പരിശോധന നടത്താനും കഴിയും.
കണ്ണൂര്‍, വയനാട്, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലൊന്നും നിലവില്‍ ഇത്തരത്തിലുള്ള ലാബ് സൗകര്യമില്ല.
വൈറസ്, ഫംഗസ്, ബാക്ടീരിയ, ഫൈറ്റോപ്ലാസ്മ തുടങ്ങിയവ മൂലം വിളകള്‍ക്കുണ്ടാക്കുന്ന രോഗങ്ങള്‍ തിരിച്ചറിയാനും, സസ്യ സാമ്പിളിന്റെ മോളിക്യുലാര്‍ ലെവല്‍ അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണയം നടത്താനും ഈ ലാബിലൂടെ സാധിക്കും. മോളിക്യുലര്‍ ഡയഗ്നോസിസ് സെന്ററിന്റെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. വിളകള്‍ക്കു നല്‍കേണ്ട പ്രാഥമിക പരിശോധനകള്‍ കൃഷി ഭവന്‍ മുഖേന നിലവില്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ അത്യാധുനിക പ്ലാന്റ് ഹെല്‍ത്ത് ക്ലിനികിലൂടെ പുതിയ രോഗങ്ങളടക്കം കണ്ടെത്താന്‍ സാധിക്കും. പി.സി ആര്‍ മെഷീന്‍, ജെല്‍ ഇലക്ട്രോഫോറെസിസ് യൂണിറ്റ്, നാനോഡ്രോപ്പ് സെപ്‌ക്ട്രോഫോട്ടോമീറ്റര്‍, ബി.ഒ.ഡി ഇന്‍കുബേറ്റര്‍ തുടങ്ങിയ നൂതന ഉപകരണങ്ങള്‍ ഇവിടെയുണ്ട്. സസ്യങ്ങളുടെ സാമ്പിളുകള്‍ സൂക്ഷിക്കാനടക്കം കഴിയുന്ന ഏറ്റവും നൂതനമായ ലാബ് സൗകര്യമാണ് ഇവിടെ ഒരുക്കിട്ടുള്ളത്. പ്ലാന്റ് പാത്തോളജി വിഭാഗത്തിലെ അസി.പ്രൊഫസര്‍ ഡോ.പി.കെ.സജീഷാണ് ഇതിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പി.ജി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ലാബ് പ്രവര്‍ത്തനം. കൃഷി നാശവും പുതിയ രോഗങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ കര്‍ഷകര്‍ കടന്നു പോകുമ്പോള്‍ കാര്‍ഷിക സംരക്ഷണത്തിന് ഒരു മുതല്‍ കൂട്ടാവാന്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ അഡ്വാന്‍സ്ഡ് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന് കഴിയും.
Discussion about this post