തടതുരപ്പന്‍ പുഴു അഥവാ പിണ്ടിപ്പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നന്മയും മേന്മയും. മരച്ചീനിയില്‍ നിന്ന് തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണ് നന്മയും മേന്മയും.
നന്മ ഉപയോഗിക്കേണ്ട വിധം
പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് നന്മ ഉപയോഗിക്കേണ്ടത്. 4 മുതല്‍ 5 മാസം വരെ പ്രായമായതും കുല വരാറായതുമായ വാഴകളിലാണ് പ്രയോഗിക്കേണ്ടത്. ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്തതിനുശേഷം 5 ശതമാനം വീര്യമുള്ള നന്മ 50ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും പിണ്ടിയിലും മുഴുവനായി തളിച്ചു കൊടുക്കാവുന്നതാണ്.
ആക്രമണം തിരിച്ചറിയാം
പിണ്ടിപ്പുഴുക്കള്‍ വാഴത്തടയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി മുട്ടകള്‍ നിക്ഷേപിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വാഴയുടെ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു. നാല് മുതല്‍ ആറ് മാസത്തിനിടയിലാണ് പിണ്ടിപ്പുഴു ആക്രമണം കാണുന്നത്. തടയില്‍ ചുവപ്പും കറുപ്പും കുത്തുകള്‍ കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. കുത്തുകളില്‍ നിന്നും ദ്രാവകം ഒഴുകുന്നതും കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കാം.
മേന്മ ഉപയോഗിക്കേണ്ട വിധം
വണ്ടുകളുടെ ആക്രമണം ആരംഭിച്ചശേഷം നന്മ മാത്രം ഉപയോഗിക്കുന്നത് ഫലം ചെയ്യില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ കീടം ആക്രമിച്ച ഭാഗത്തിന് ചുറ്റുമായി മേന്മ 5ml വീതം മൂന്നിടങ്ങളില്‍ കുത്തിവയ്ക്കുക.
Discussion about this post