ശ്രദ്ധിക്കാൻ അധികം സമയമില്ലെങ്കിലും അകത്തള സസ്യങ്ങളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. അത്തരക്കാർക്ക് വളർത്താൻ പറ്റിയ ചെടിയാണ് പെപ്പറോമിയ. റേഡിയേറ്റർ പ്ലാന്റ്, ബേബി റബ്ബർ എന്നീ പേരുകളിലും പെപ്പറോമിയ അറിയപ്പെടുന്നുണ്ട്. പൈപ്പറേസിയെ കുടുംബത്തിൽപ്പെട്ട പെപ്പറൊമിയക്ക് കുരുമുളകിനോട് സാദൃശ്യമുള്ള ഇലകളുണ്ട്. കുരുമുളകിന്റെ തിരി പോലെയുള്ള പൂങ്കുലകളുമുണ്ടാകാറുണ്ട്.
വൈവിധ്യമാർന്ന നിറങ്ങളിലുള്ള ഇലകളാണ് പെപ്പറോമിയയുടെ പ്രത്യേകത. ഇലകൾ കൊഴുത്തതും മിനുസമുള്ളതും ദൃഢതയുള്ളതുമാണ്. 50 സെന്റീമീറ്റർ വരെ മാത്രമേ പേപ്പറൊമിയ ഉയരം വയ്ക്കുകയുള്ളൂ.
പെപ്പറോമിയ പല ഇനങ്ങളിലുണ്ട്. പടർന്നുവളരുന്നവയും നേരേ മുകളിലേക്ക് വളരുന്നവയുമുണ്ട്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള ഇവയുടെ ഇലകൾ ആകർഷണീയമാണ്. കടും പച്ച ഇലകൾ, ഇളം പച്ചയും മഞ്ഞയും കലർന്ന ഇലകൾ, ചുവപ്പു നിറത്തിലുള്ള അരികുകളുള്ള ഇലകൾ എന്നിങ്ങനെ പല നിറങ്ങളിൽ ഇലകളുള്ള ഇനങ്ങൾ ലഭ്യമാണ്. ഇതുകൂടാതെ ചുളുങ്ങിയ പ്രതലമുള്ള ഇലകൾ ഉള്ളവയുമുണ്ട്. ഇവ കടുംപച്ച, വയലറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
പരിപാലനം
ജനാലയുടെ അരികുകളിലും ഓഫീസ് മുറികളിലും വാഷ്റൂമിലും അടുക്കളയിലുമെല്ലാം ഇവ സൂക്ഷിക്കാം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആറിഞ്ച് വലിപ്പമുള്ള ചട്ടികളിൽ രണ്ടുഭാഗം മണലും ഒരു ഭാഗം ചകിരിച്ചോറും നിറച്ച മിശ്രിതത്തിൽ ഈ ചെടി നടാം. പടരുന്ന ഇനങ്ങൾ തൂക്കിയിടാൻ പാകത്തിനുള്ള ചട്ടികളിൽ വളർത്താം. പെപ്പറൊമിയക്ക് വെള്ളവും വളവും വളരെ കുറച്ചു മാത്രം മതി. ആഴ്ചയിലൊരിക്കൽ ഹാൻഡ്സ്പ്രേയർ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്താൽ മതിയാകും. ആവശ്യമെങ്കിൽ മാസത്തിലൊരിക്കൽ ഒരു സ്പൂൺ ജൈവവളം നൽകാം.
കാഴ്ച്ചയിൽ മെഴുകിൽ നിർമ്മിച്ച ചെടി പോലെയാണ് പെപ്പറോമിയ. ഓഫീസുകളും വീടുകളും അലങ്കരിക്കാൻ ഏറ്റവും ഉതകുന്ന അകത്തള ചെടിയാണിത്.
Discussion about this post