വളരെ വേഗത്തില്‍ അനേകം ഗുണനിലവാരമുള്ള കുരുമുളക് തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാഗ പതിവെക്കല്‍. കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ ഏതൊരാള്‍ക്കും ഈ രീതിയിലൂടെ കുരുമുളക് തൈകള്‍ ഉല്‍പാദിപ്പിക്കാനാകും.
കുരുമുളകിന്റെ പ്രധാന തണ്ടില്‍ നിന്നും അരമീറ്റര്‍ ഉയരത്തില്‍ ലംബമായി പൊട്ടിമുളച്ചു വളരുന്ന തണ്ടുകളാണ് ചെന്തലകള്‍. ഇവയില്‍ നിന്ന് വേഗത്തില്‍ വേര് വരും. കുരുമുളകിന്റെ പ്രധാന നടീല്‍ വസ്തുവും ചെന്തലകളാണ്.
മാതൃ സസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
അഞ്ചു മുതല്‍ 12 വര്‍ഷം വരെ പ്രായമുള്ള മാതൃ സസ്യങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഒരുപാട് പാര്‍ശ്വ ശാഖകള്‍ ഉള്ളതും നീളത്തിലുള്ള തിരികളുള്ളതും, തിരികളില്‍ നല്ല മുഴുപ്പുള്ള മണികള്‍ ഉള്ളതുമായ മാതൃ സസ്യങ്ങളാണ് നല്ലത് . നല്ലയിനം തൈകളുല്പാദിപ്പിക്കാന്‍ പറ്റിയ കുരുമുളകിനമാണ് പന്നിയൂര്‍ 1.
ഫെബ്രുവരി പകുതിയോടെയാണ് നഴ്‌സറി തയ്യാറാക്കേണ്ടത്.ചെന്തലകളില്‍ നിന്നും ഇലകള്‍ തണ്ടിന് കേടുവരാതെ നീക്കംചെയ്യാന്‍ ശ്രദ്ധിക്കണം. മൂപ്പു കുറഞ്ഞ അഗ്രഭാഗവും മൂപ്പ് കൂടിയ കട ഭാഗവും മുറിച്ചു മാറ്റണം. ശേഷം രണ്ട് മുട്ടുകള്‍ ഉള്ള തണ്ടുകളായി ചെന്തലകളെ മുറിച്ചെടുക്കാം. കട വശം ചരിച്ചു മുറിക്കാന്‍ മറക്കരുത്. ഇതോടെ നടീല്‍വസ്തു തയ്യാര്‍.
നടീല്‍ മിശ്രിതം തയ്യാറാക്കലാണ് അടുത്തഘട്ടം. മേല്‍മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. ഇത് സുഷിരങ്ങള്‍ ഉള്ള ചെറിയ പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. രണ്ടു മുതല്‍ നാലു തണ്ടുകള്‍ വരെ ഒരു പോളിത്തീന്‍ കവറില്‍ നട്ടുപിടിപ്പിക്കാവുന്നതാണ്. കവറുകള്‍ 50% തണല്‍ ലഭിക്കുന്നിടത്ത് സൂക്ഷിക്കുകയും ദിവസവും നനയ്ക്കുകയും വേണം. മൂന്നു മാസം പ്രായമാകുമ്പോള്‍ തൈകള്‍ തോട്ടത്തില്‍ നടാന്‍ പരുവമാകും .
നാഗ പതിവെക്കല്‍
കൂടുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാനായി ഈ വേര് വന്ന തണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. നാഗ പതിവെക്കല്‍ അഥവാ സെര്‍പെന്റയിന്‍ ലയറിങ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. തൈകള്‍ മൂന്ന് മുതല്‍ നാല് മുട്ടുവരെ വലിപ്പമാകുമ്പോള്‍ ചരിച്ചു വളര്‍ത്തണം. ചെടിയിലെ ഓരോ മുട്ടും നടീല്‍ മിശ്രിതം നിറച്ച ഓരോ പോളിത്തീന്‍ ബാഗിലേക്ക് പതിച്ചു വയ്ക്കണം. ഇവ സ്ഥാനത്തുതന്നെ നില്‍ക്കാനായി വളച്ച ഈര്‍ക്കില്‍ ഉപയോഗിച്ച് പതി വെക്കാം. ഒരു മാസം കഴിയുമ്പോള്‍ മുട്ടുകളില്‍ നിന്ന് വേര് വന്നുതുടങ്ങും. വേര് വന്ന വള്ളികളെ ഒരു ബ്ലേഡ് ഉപയോഗിച്ച് മുട്ടിന് രണ്ടുവശവും മുറിച്ച് ഓരോ മുട്ടുകള്‍ ഉള്ള തൈകളായി വേര്‍തിരിക്കാം.
രണ്ടാഴ്ച കഴിയുമ്പോള്‍ ഓരോ തൈകളിലും മുള വന്നുതുടങ്ങും. ഏകദേശം രണ്ടു മാസം പ്രായമെത്തുമ്പോള്‍ തൈകളില്‍ നാലിലയോളം ഉണ്ടാകും. തണ്ട് ഇളം പച്ച നിറത്തില്‍ നിന്ന് കടുത്ത പച്ച നിറത്തിലേക്ക് മാറും. ഈ സമയത്ത് തൈകളെ തോട്ടത്തില്‍ നടാനായി ഉപയോഗിക്കാം. ഈ രീതിയില്‍ ഒരു മാതൃസസ്യത്തില്‍ നിന്നും 60 തൈകള്‍ വരെ ഉത്പാദിപ്പിക്കാവുന്നതാണ്.
Discussion about this post