വീടിനകത്തും പുറത്തും ഒരു പോലെ വളര്‍ത്താന്‍ കഴിയുന്ന ചെടിയാണ് പെന്നിവര്‍ട്ട്. തണ്ടില്‍ കുട പോലെ വിരിഞ്ഞുനില്‍ക്കുന്ന ഇലകളാണിതിന്റെ പ്രത്യേകത. ആകൃതിയുടെ പ്രത്യേകതയാല്‍ അംബ്രല്ല പെന്നിവര്‍ട്ടെന്നും ഈ ചെടി അറിയപ്പെടുന്നു. മണ്ണിലും വെള്ളത്തിലും ഒരു പോലെ വളര്‍ത്താന്‍ കഴിയും. വെള്ളം ധാരാളം ആവശ്യമുള്ള ചെടിയാണിത്. ചതുപ്പുപോലെ വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണിലാണ് ഈ ചെടി തഴച്ചുവളരുക.
സൗത്ത്- നോര്‍ത്ത് അമേരിക്കയാണ് പെന്നിവര്‍ട്ടിന്റെ ജന്മദേശം. കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമാണ് ഈ ചെടി. ഹൈഡ്രോകോട്ടയില്‍ വെര്‍ട്ടിസിലിറ്റ എന്നാണ് ശാസ്ത്രീയ നാമം.
നേരിട്ടല്ലാത്ത സൂര്യപ്രകാശത്തിലാണ് ചെടി മികച്ച രീതിയില്‍ വളരുക. നേരിട്ടുള്ള സൂര്യപ്രകാശം ചെടിയുടെ ഇലകള്‍ വാടാനോ മഞ്ഞനിറമാകാനോ കാരണമാകും. മണ്ണിലാണ് വളര്‍ത്തുന്നതെങ്കില്‍ വെള്ളം ധാരാളമുണ്ടെന്ന് ഉറപ്പുവരുത്തണം. വെള്ളം ധാരാളം വേണമെന്നതുകൊണ്ട് തന്നെ അക്വേറിയത്തിലും ഈ ചെടി വളര്‍ത്താന്‍ സാധിക്കും. ഹാങിംഗ് ചെടിയായും ഉപയോഗപ്പെടുത്താം. പുതിയ ചെടി നടാന്‍ വേരുള്ള തണ്ടെടുത്താല്‍ മതി. ചെറിയ പൂക്കളുണ്ടാകും ഈ ചെടിയില്‍.
Discussion about this post