വേനല്‍ക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാത്ത ഒരു ചെടിയാണ് പീച്ചില്‍. ചിലയിടങ്ങളില്‍ പൊട്ടിക്ക, ഞരമ്പന്‍, നരമ്പന്‍ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിന്റെ ഫലമായ പീച്ചിങ്ങ.
വെള്ളരി വര്‍ഗക്കാരനായ പീച്ചില്‍ വീട്ടില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. കൃഷി ചെയ്യാന്‍ ആലോചിക്കുമ്പോള്‍ തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് വിത്തിന്റെ തിരഞ്ഞെടുപ്പാണ്. നല്ലയിനം വിത്ത് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചകിരിച്ചോറ്, മണല്‍, ചാണകപ്പൊടി മിശ്രതത്തിലോ, ചകിരിച്ചോറിലൊ വിത്ത് പാകുക. ഒരു നുള്ള് സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകളാണ് നല്ലത്. മേല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി, ചകിരിച്ചോറ് മിശ്രിതത്തില്‍ ഗ്രോബാഗില്‍ നിറക്കുകയോ, തടമൊരുക്കുകയോ ചെയ്യുക.
രണ്ട് ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിച്ചുവട്ടിലും ഇലകളിലും തളിക്കുന്നതും നല്ലതാണ്. ചെടി വേര് പിടിച്ച് കഴിയുമ്പോള്‍ ചാണകം ആഴ്ചയില്‍ ഒരിക്കല്‍ ചെടികള്‍ക്ക് ഇട്ട് കൊടുക്കുന്നതും നല്ലതാണ്.
വള്ളി വീശുമ്പോള്‍ പന്തലൊരുക്കി പടര്‍ത്തുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ കടല പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം ഇവ ചേര്‍ത്ത് ഒഴിച്ചു കൊടുക്കുന്നതും ഉത്തമമാണ്.
Discussion about this post