പാവങ്ങളുടെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന കപ്പലണ്ടി തൊടിയിലും ഇൻഡോർ പ്ലാൻറായും വളർത്താവുന്നതാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെടിയായ നിലക്കടല വീടിനുള്ളിൽ ചെറിയ പാത്രങ്ങളിലും വളർത്താം. വിത്തുകൾ കൃഷി ഗവേഷണ കേന്ദ്രങ്ങളിലും നഴ്സറികളിലും ലഭ്യമാണ്. കനം കുറഞ്ഞ പോട്ടിംഗ് മിശ്രിതം നിറച്ച ആറ് ഇഞ്ച് വലുപ്പമുള്ള പാത്രത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാം. പാത്രത്തിന് താഴെയായി വെള്ളം വാർന്നുപോകാനായി ദ്വാരം ഉണ്ടായിരിക്കണം. ഈ പാത്രം അടച്ചുവെക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി പ്ലാസ്റ്റിക് കവർ ഉപയോഗിക്കാം. വീടിനകത്ത് ഗ്രീൻഹൌസ് പോലുള്ള അന്തരീക്ഷം നിലനിർത്താം. ചൂടുള്ള മുറിയിൽ പാത്രം സൂക്ഷിക്കണം.
നിലക്കടല മുളച്ച് വരുമ്പോൾ പ്ലാസ്റ്റിക് കവർ ഒഴിവാക്കണം. തുടർന്ന് ഇത് 12 ഇഞ്ച് വലുപ്പമുള്ള വലിയ പാത്രത്തിലേക്ക് മാറ്റുക. ഈ പാത്രം വെയിൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കണം. ദിവസവും നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആറ് ആഴ്ചയ്ക്ക് ശേഷം പീവിടും. ഈ സമയത്താണ് വെള്ളം അത്യാവശ്യമായി വരുന്നത്.
വിളവെടുക്കുമ്പോൾ മണ്ണിൽ നിന്ന് ശ്രദ്ധയോടെ ചെടി കുഴിച്ചെടുത്ത് പുറന്തോടിന് മുകളിൽ പറ്റിപ്പിടിച്ച മണ്ണ് കുടഞ്ഞുകളയണം. സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കാം. വല കൊണ്ടുള്ള ബാഗിൽ തണുപ്പുള്ള ഇടത്താണ് നിലക്കടല സൂക്ഷിക്കുന്നത്. വായു സഞ്ചാരമുള്ള സ്ഥലത്തുവേണം സൂക്ഷിക്കാൻ. എണ്ണയുടെ അളവ് കൂടുതലുള്ളതിനാൽ നിലക്കടല എളുപ്പത്തിൽ കേടുവരാനും ദുർഗന്ധം വരാനും സാധ്യതയുണ്ട്. അതിനാൽ അടച്ചുറപ്പുള്ള പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
Peanut can be grown as an indoor plant
Discussion about this post