പയര്‍ കൃഷിയിലെ പ്രധാന ശത്രുവാണ് പയര്‍ പേന്‍ അഥവാ പീ എഫിഡ്. പയര്‍ ചെടികളുടെ ഇളം തണ്ടുകളിലും ഇലയുടെ അടിയിലും പൂവിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുകയാണ് പയര്‍ പേനുകള്‍ ചെയ്യുന്നത്. ഇതിന്റെ ഫലമായി ഇലകള്‍ മഞ്ഞളിക്കുകയും ചെടിയുടെ വളര്‍ച്ച മുരടിക്കുകയും തണ്ടുകള്‍ ഉണങ്ങുകയും പൂക്കള്‍ പൊഴിയുകയും കായ്കള്‍ വികൃതമായി മുരടിക്കുകയും ചെയ്യുന്നു. പലതരം വൈറസ് രോഗങ്ങളുടെ വാഹകര്‍ കൂടിയാണ് പയര്‍ പേനുകള്‍. പയര്‍ പേനുകളെ പിന്തുടര്‍ന്നു വരുന്ന ഉറുമ്പുകള്‍ ഇവയ്ക്ക് മറ്റു ചെടികളില്‍ വ്യാപിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.
പയര്‍ പേനിന്റെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
ആക്രമണം രൂക്ഷമായ ഇലകളും തണ്ടുകളും കായകളും പറിച്ച് നശിപ്പിക്കുക എന്നതാണ് ആദ്യപടി. രണ്ടാഴ്ചയിലൊരിക്കല്‍ ജൈവ കീടനാശിനികള്‍ ചെടികളില്‍ തളിക്കുന്നത് ഇവയുടെ ആക്രമണം നിയന്ത്രിക്കും. ഇതിനായി നാറ്റപ്പൂച്ചെടി എമല്‍ഷന്‍, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പുകയിലക്കഷായം എന്നിവ മാറിമാറി ഉപയോഗിക്കാം.
നാറ്റപ്പൂച്ചെടി എമള്‍ഷന്‍ തയ്യാറാക്കുന്ന വിധം
വഴിവക്കില്‍ എല്ലാം സുലഭമായി കാണുന്ന ചെടിയാണ് നാറ്റപ്പൂച്ചെടി. വളരെ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ നാറ്റപ്പൂച്ചെടി എമല്‍ഷന്‍ ഉണ്ടാക്കാന്‍ കഴിയും. 500 ഗ്രാം നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ശേഖരിച്ച് അരച്ച് പിഴിഞ്ഞു നീരെടുക്കണം. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായിനി നാറ്റപ്പൂച്ചെടിയുടെ അരലിറ്റര്‍ നീരുമായി ചേര്‍ത്തിളക്കുക. പത്തിരട്ടി വെള്ളം ചേര്‍ത്താണ് ഈ ലായനി ചെടികളില്‍ തളിക്കേണ്ടത്.
മിത്ര കുമിളുകളുടെ ഉപയോഗം
മിത്ര കുമിളായ ഫ്യൂസേരിയം പല്ലിഡോറോസിയം അല്ലെങ്കില്‍ വെര്‍ട്ടിസീലിയം ലെക്കാനി തളിക്കുന്നതും നല്ലതാണ്. മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ലയിപ്പിക്കണം. ഇതില്‍ അഞ്ച് മില്ലി സസ്യ എണ്ണ, 10 ഗ്രാം ശര്‍ക്കരയുമായി ചേര്‍ത്തത് ചേര്‍ക്കണം. ആവണക്കെണ്ണയോ സൂര്യകാന്തി എണ്ണയോ ഇതിനായി ഉപയോഗിക്കാം.ഇത് ചെടികളില്‍ സ്‌പ്രേ ചെയ്യാം.
Discussion about this post