നാട്ടിൽ എവിടെ വേണമെങ്കിലും വളർത്താൻ പറ്റുന്ന ഒന്നാണ് പയർ. വള്ളിപ്പയർ, കുറ്റിപ്പയർ എന്നിങ്ങനെ രണ്ടിനങ്ങളുണ്ടെങ്കിലും കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത് വള്ളിപ്പയറാണ്. കൂടുതൽ ലാഭം നേടിക്കൊടുക്കുന്നതും ഈ പയർ തന്നെയാണ്. പ്രോട്ടീന്റെ കലവറയാണ് പയർവർഗ വിളകൾ എന്നത് തന്നെയാണ് ഇതിനുള്ള കാര്യം.
ശാരിക, മാലിക, ലോല, വൈജയന്തി, വെള്ളായണി ജ്യോതിക, വെള്ളായണി ഗീതിക, കുരുത്തോല പയർ, മഞ്ചേരി ലോക്കൽ, കഞ്ഞിക്കുഴി പയർ എന്നിങ്ങനെ നീളുന്നു പയറിലെ വമ്പരുടെ നിര.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഏതു സമയത്തും കൃഷി ചെയ്യാൻ പറ്റിയ ഒന്ന് കൂടിയാണ് പയർ. ഒരു സെൻറിന് 20 ഗ്രാം വിത്ത് എന്ന രീതിയിൽ വേണമെന്ന് മാത്രം.
പയറിന്റെ മുഖ്യ ശത്രു മുഞ്ഞയാണ്. ഇളം തണ്ടുകളിലും ഇലയുടെ അടിഭാഗത്തും പൂവിലും പൂഞെട്ടിലും കായിലും കൂട്ടമായി പറ്റിയിരിക്കുന്ന , കറുപ്പുനിറത്തിലെ കടുകുമണി വലുപ്പത്തിലുള്ള ചെറുപ്രാണികളാണ് മുഞ്ഞ അല്ലെങ്കിൽ പയർപേൻ എന്നറിയപ്പെടുന്നത്.
ഇതിനെ നിയന്ത്രിക്കാൻ നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതമോ നിംബിസിഡിൻ നാലു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രയോ ചെയ്യുന്നത് നല്ലതാണ്.
നടീൽ രീതി
നിലം നന്നായി ഉഴുത ശേഷം ചാലുകൾ എടുത്ത് കുറ്റിപയർ വിതയ്ക്കാം. ചാലുകൾ തമ്മിൽ 30 സെന്റീമീറ്റർ അകലവും വിത്തുകൾ തമ്മിൽ 15 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ചെറുതായി പടരുന്ന ഇനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 50 സെന്റീമീറ്ററെങ്കിലും ഇടയകലം നൽകണം. നന്നായി പടരുന്ന വള്ളിപ്പയർ പാകുമ്പോൾ കുഴികൾ തമ്മിലും വരികൾ തമ്മിലും രണ്ട് മീറ്റർ ഇടയകലം ഉണ്ടായിരിക്കാം ശ്രദ്ധിക്കണം.
വിത്ത് പരിചരണം
പയർ വിത്തുകൾ പാകുന്നതിനുമുൻപ് റൈസോബിയം പരിചരണം നൽകുന്നത് വളരെ നല്ലതാണ്. ഒരു ഏക്കർ സ്ഥലത്തിന് 100 മുതൽ 150 ഗ്രാം കൾച്ചർ ആവശ്യമായിവരും. പാക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പയറിനങ്ങൾക്ക് മാത്രം ഉപയോഗിക്കുക. റൈസോബിയം കൾച്ചർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ അനുവദിക്കരുത്. റൈസോബിയം കഞ്ഞി വെള്ളത്തിൽ കുഴച്ചു പയർവിത്തുമായി കലർത്തുക. ഇങ്ങനെ പരിചരിച്ച വിത്തുകൾ വൃത്തിയുള്ള പേപ്പറിലോ ചണച്ചാക്കിലോ തണലത്തു വച്ച് ഉണക്കിയശേഷം അപ്പോൾ തന്നെ നടാനായി ഉപയോഗിക്കണം.
Discussion about this post