കവികൾക്ക് ഒത്തിരി ഇഷ്ടമാണ് പവിഴമല്ലിയെ. പവിഴമല്ലിയുടെ എല്ലാ പേരുകളും കവികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നിക്റ്റാന്തസ് അർബോട്ടിട്ടസ് എന്നാണ് ശാസ്ത്രനാമം. പവിഴമുല്ല, പാരിജാതം എന്നൊക്കെ പേരുകളുണ്ട്. കോറൽ ജാസ്മിൻ, ട്രീ ഓഫ് സോറോ , ക്യൂൻ ഓഫ് ദ നൈറ്റ് എന്നൊക്കെയാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
ഒലിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. വടക്കുകിഴക്കൻ ഏഷ്യയാണ് ജന്മദേശം. വെസ്റ്റ് ബംഗാളിന്റെ സംസ്ഥാന പുഷ്പമാണ് പവിഴമല്ലി. സഖിയായ സത്യഭാമക്ക് വേണ്ടി ശ്രീകൃഷ്ണൻ ദേവലോകത്ത് നിന്ന് കൊണ്ടുവന്നതാണ് പാരിജാത വൃക്ഷം എന്നൊരു ഐതിഹ്യവുമുണ്ട്.
ചെറു മരമാണ് പവിഴമല്ലി. 10 മീറ്റർ വരെ ഉയരം വയ്ക്കും. വെളുത്ത നിറത്തിലുള്ള പൂക്കൾക്ക് നടുവിലായി ചുവപ്പും ഓറഞ്ചും കലർന്ന നിറമാണ്. പൂക്കളുടെ സുഗന്ധം പറഞ്ഞറിയിക്കാനാവില്ല. സന്ധ്യയ്ക്ക് വിരിഞ്ഞ് രാവിലെ വാടി പോകുന്ന പൂക്കളാണ് ഇവയുടെ. അതുകൊണ്ടാണ് ഇവയ്ക്ക് ട്രീ ഓഫ് sorrow അഥവാ “ദുഃഖത്തിന്റെ മരം” എന്ന പേരും വന്നത്.
ഇവയുടെ പൂക്കളിൽ നിന്ന് മഞ്ഞനിറത്തിലുള്ള ചായം വേർതിരിച്ച് എടുക്കാറുണ്ട്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും ഔഷധക്കൂട്ടുകളിൽ പവിഴമല്ലി ഉപയോഗിക്കാറുണ്ട്. മാനിറ്റോൾ, ബീറ്റസൈറ്റോസ്റ്റിറോൾ, ഫ്ളേവനോൾ, അസ്ട്രാഗാലിൻ, ഒലിയനോലിക് ആസിഡ്, ടാനിക് ആസിഡ്,അസ്കോർബിക് ആസിഡ്, മീഥൈൽ സാലിസിലേറ്റ്, ലൂപ്പിയോൾ, എന്നിങ്ങനെ ഒത്തിരി കെമിക്കലുകൾ ഇവയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്.
Discussion about this post