പത്തുമണിച്ചെടികൾ (പോർട്ടുലാക്ക)
സാധാരണ നിലത്തോ മതിലിനുമുകളിലോ വെച്ച ചട്ടികളിലാണ് കൂടുതലും പത്തു മണി ചെടികൾ വളർത്തുന്നത്. ഹാങ്ങിങ് ബാസ്കറ്റുകളിൽ അല്ലെങ്കിൽ ചട്ടികളിൽ വളർത്തുമ്പോൾ ഇതിന് കൂടുതല്‍ ഭംഗിയുണ്ടാകും. തൂക്കുചട്ടിയില്‍ പോട്ടിങ് മിശ്രിതം തയ്യാറാകുമ്പോൾ അധികം ഭാരം കൂടാതെ നോക്കണം. വിവിധ തരത്തിലുള്ള ഹാങ്ങിങ് ഐഡിയകൾ ഉപയോഗിക്കാം
പലനിറങ്ങളിൽ വിടർന്നുനിൽക്കുന്ന പത്തുമണിപ്പൂക്കളെ ഇഷ്ടമാകാത്തവർ ചുരുക്കമാണ്.പോർട്ടുലാക്ക എന്ന സസ്യക്കൂട്ടത്തിൽ അനേകം ഇനങ്ങളുണ്ട്. വീതികുറഞ്ഞ സൂചി പോലെയുള്ള ഇലകളുള്ളവയാണ് സാധാരണയായി പോർട്ടുലാക്ക എന്നറിയപ്പെടുന്ന പത്തുമണിച്ചെടികൾ. ഇവയുടെ പുഷ്പങ്ങളിൽ ധാരാളം അടുക്കുകളുണ്ടാവും. പൂക്കൾ വൈകുന്നേരം 3 മണി വരെയൊക്കെ വിടർന്നു തന്നെ നിൽക്കും
കമ്പ് നട്ട് വളർത്തുന്നതാണ് ഏറ്റവും എളുപ്പം. നല്ല സൂര്യപ്രകാശമാണ് പുഷ്പിക്കാൻ ആദ്യം വേണ്ടത്. തീവ്രമായ മഴ പത്തുമണിക്ക് യോജിച്ചതല്ല. മഴയത്ത് നിൽക്കുന്ന ചെടികൾ ചീഞ്ഞ് നശിക്കുന്നത് കാണാറുണ്ട്. ചട്ടികളിലാണ് നട്ടിരിക്കുന്നതെങ്കിൽ മഴക്കാലത്ത് മഴ കൊള്ളാത്ത രീതിയിൽ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കാം. കീടാക്രമണം വരുന്നുണ്ടോ എന്ന് നോക്കണം.
ഫ്ലെയിം വയലറ്റ്
എപ്പീസിയ കുപ്രിയേറ്റ എന്നാണ് ഫ്രെയിം വയലറ്റിന്റെ ശാസ്ത്രനാമം. അമേരിക്കയാണ് ജന്മദേശം.ഫ്ളയിം വയലറ്റിന്റെ ഇലകളും പൂക്കളും ഒരുപോലെ ആകർഷകമാണ്. പച്ച, ചുവപ്പ് കലർന്ന പച്ച, എന്നിങ്ങനെയുള്ള നിറങ്ങളിൽ തിളങ്ങുന്ന ഇലച്ചാർത്താണ് എപ്പീസിയക്കുള്ളത്. ഓറഞ്ച് കലർന്ന ചുവന്ന നിറത്തിലും പിങ്ക്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുമുള്ള എപ്പീസിയപ്പൂക്കളുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കൾ കാണാം.
അധികം ശ്രദ്ധ ആവശ്യമില്ലാത്ത ചെടികളിലൊന്നാണ് ഫ്ലെയിം വയലറ്റ്. ഹാങ്ങിങ് ചട്ടികളിൽ വളർത്തുമ്പോൾ ചട്ടിയിൽ കൃത്യമായ നീർവാർച്ച ഉറപ്പുവരുത്തണം. മണ്ണ്, മണൽ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ എപ്പീസിയ നട്ടുവളർത്താം. ചട്ടിയുടെ ചുവട്ടിൽ ചെറിയ ഓടിൻ കഷണങ്ങൾ, കരിക്കട്ടകൾ എന്നിവ ഇടുന്നത് നീർവാർച്ച കൂട്ടുന്നതിന് നല്ലതാണ്, ശക്തമായ വെയിൽ ചെടിയെ ദോഷകരമായി ബാധിക്കും. അതിനാൽ 50 ശതമാനം തണലുള്ള ഇടങ്ങളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്. കൃത്യമായി നന നൽകാൻ ശ്രദ്ധിക്കണം. കാര്യമായ വളപ്രയോഗമൊന്നും ആവശ്യമില്ലെങ്കിലും മാസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ അല്പം കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.
Discussion about this post