പാഷൻ ഫ്രൂട്ടിന്റെ രുചിയും മണവും ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. വിപണിയിൽ ജാം, സ്ക്വാഷ്, ജ്യൂസ് എന്നിങ്ങനെ പാഷൻ ഫ്രൂട്ട് അടങ്ങിയ അനേകം ഉൽപന്നങ്ങൾ ഇന്ന് ലഭ്യമാണ്. ഒരുകാലത്ത് മലയാളികൾ അധികം വില കൽപ്പിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഏറെ പ്രാധാന്യം നൽകി വരുന്ന ഒരു ബഹുവർഷ വിളയാണ് പാഷൻഫ്രൂട്ട്. ബ്രസീലാണ് പാഷൻ ഫ്രൂട്ടിന്റെ ജന്മദേശം. പോഷകഗുണങ്ങൾ കൊണ്ടും ഔഷധമൂല്യം കൊണ്ടും പാഷൻ ഫ്രൂട്ട് മുന്നിൽ തന്നെ.
പൊട്ടാസ്യം, നയാസിൻ, ജീവകം സി, നാരുകൾ, വിവിധ ആൽക്കലോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഫലമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പാസിഫ്ലോറിൻ എന്ന പദാർത്ഥം വേദന ശമിപ്പിക്കുകയും ഉന്മേഷം നൽകുകയും ചെയ്യും. ദിവസവും പാഷൻഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി മാനസിക സംഘർഷം കുറയ്ക്കാൻ കഴിയും. തലവേദന, ചുമ, ഉറക്കമില്ലായ്മ, ദഹനക്കേടുകൾ, ആർത്തവ പ്രശ്നങ്ങൾ, വിരശല്യം, ഹൃദയ-നാഡീരോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള ഫലം കൂടിയാണിത്. ബ്ലഡ് കൗണ്ട് വർദ്ധിപ്പിക്കാനും അതുവഴി ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പാഷൻഫ്രൂട്ട് ക്യാൻസറിനെതിരെ ഫലപ്രദമാണത്രേ. ക്ഷീണിച്ച് എത്തുന്ന അതിഥികൾക്ക് നൽകാൻ ഏറ്റവും നല്ല പാനീയങ്ങളിൽ ഒന്നാണ് പാഷൻ ഫ്രൂട്ട് ജ്യൂസ്. മറ്റ് ഫ്രൂട്ട് ജ്യൂസുകളുമായി കലർത്തിയും പാഷൻ ഫ്രൂട്ട് ജ്യൂസ് ഉപയോഗിക്കാം.
പാഷൻ ഫ്രൂട്ട് പ്രധാനമായും രണ്ടു തരത്തിലുണ്ട്. പർപ്പിൾ നിറത്തിലുള്ളതും മഞ്ഞ നിറത്തിലുള്ളതും. ജയന്റ് പാസിഫ്ലോറ എന്നറിയപ്പെടുന്ന ആകാശവെള്ളരിയും പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ടതാണ്.
100 മുതൽ 250 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന ഉഷ്ണ- മിതോഷ്ണ മേഖലകളാണ് പാഷൻഫ്രൂട്ട് കൃഷിക്ക് ഉത്തമം. സമുദ്രനിരപ്പിൽ നിന്നും 800 മുതൽ 1500 മീറ്റർ ഉയരത്തിൽ വരെ കൃഷി ചെയ്യാനാകും. പാഷൻഫ്രൂട്ട് പുഷ്പിക്കുന്നതിനായി അല്പം തണുപ്പുള്ള കാലാവസ്ഥ വേണം. 18 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ് നല്ലത്. കൂടുതൽ അളവിൽ ഗുണമേന്മയുള്ള ജ്യൂസ് ഉൽപ്പാദിപ്പിക്കപ്പെടുന്നതിനായി അല്പം ഉയർന്ന കാലാവസ്ഥയും ആവശ്യമാണ്. താഴ്ന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ ഉത്തമം മഞ്ഞ പാഷൻ ഫ്രൂട്ടാണ്. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ പർപ്പിൾ നിറത്തിലുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് നല്ലത്.
പാഷൻഫ്രൂട്ട് കൃഷിക്ക് ഏറ്റവും നല്ലത് മണൽ അടങ്ങിയ പശിമരാശി മണ്ണാണ്. 6.5 മുതൽ 7.5 വരെയാണ് അനുയോജ്യമായ പി. എച്. കൃഷി ചെയ്യുന്നതിനുമുൻപ് കുമ്മായം ചേർത്ത് മണ്ണിലെ പുളിരസം ക്രമീകരിക്കണം. നല്ല ജൈവാംശമുള്ളതും ഉപ്പിന്റെ അംശം കുറഞ്ഞതും നീർവാർച്ചയുള്ളതുമായ മണ്ണാണ് വേണ്ടത്.
ഇനങ്ങൾ
പർപ്പിൾ നിറത്തിലുള്ള നാടൻ ഇനങ്ങളാണ് ഊട്ടി പർപ്പിൾ, കൂർഗ് പർപ്പിൾ, തൃശ്ശൂർ പർപ്പിൾ, ചിറാപുഞ്ചി പർപ്പിൾ എന്നിവ. നോയൽ സ്പെഷ്യൽ മഞ്ഞനിറത്തിലുള്ള ഇനമാണ്. ഒപ്പം ഊട്ടി യെല്ലോ, കൂർഗ് യെല്ലോ, മൂന്നാർ യെല്ലോ എന്നീ നാടൻ ഇനങ്ങളും ഉണ്ട്. സങ്കരയിനമായ കാവേരി രോഗപ്രതിരോധശേഷിയുള്ളതാണ്.
തൈ ഉൽപാദനം
വിത്ത് മുളപ്പിച്ചും വള്ളി മുറിച്ചു നട്ടും ഗ്രാഫ്റ്റ് ചെയ്തും തൈകൾ ഉൽപാദിപ്പിക്കാം. വിത്ത് മുളപ്പിച്ച് ഉൽപാദിപ്പിക്കുന്ന തൈകൾക്ക് ആരോഗ്യവും വളർച്ചയുടെ വേഗതയും കൂടുതലായിരിക്കും. അവർ പെട്ടെന്ന് പടർന്നു പന്തലിക്കുകയും ചെയ്യും. ഒപ്പം ആയുസ്സും കൂടുതലായിരിക്കും. എന്നാൽ പൂക്കാൻ ഒരു വർഷം വരെ വേണ്ടിവരും.വള്ളി നട്ട് ഉൽപാദിപ്പിക്കുന്ന തൈകൾ ആറേഴു മാസം കൊണ്ട് പൂക്കും. രോഗപ്രതിരോധശേഷിയുള്ള മഞ്ഞ പാഷൻ ഫ്രൂട്ട് ഇനങ്ങൾ റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്നതുമൂലം ഗ്രാഫ്റ്റ് ചെയ്ത തൈകൾക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും.
ആരോഗ്യവും നല്ല കായ്ഫലവുമുള്ള സസ്യങ്ങളിൽ നിന്നും വിത്ത് ശേഖരിക്കാം. പൾപ്പോടുകൂടി 72 മണിക്കൂർ പുളിപ്പിക്കാൻ വച്ച ശേഷമാണ് വിത്തുകൾ വേർതിരിക്കേണ്ടത്. തണലത്ത് ഉണക്കി വിത്തുകൾ വേർതിരിക്കാം.
മാർച്ച്-ഏപ്രിൽ മാസങ്ങളാണ് വിത്ത് പാകാൻ ഏറ്റവും നല്ലത്. 12 മുതൽ 15 ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങും. അപൂർവ്വം ചിലയിടങ്ങളിൽ വിത്തുകൾ മുളയ്ക്കാൻ രണ്ട് മാസം വരെയെടുക്കാറുണ്ട്. തൈകൾ മുളച്ച് ആറിലപ്പരുവമെത്തുമ്പോൾ പോളി ബാഗുകളിൽലേക്ക് (10×22 സെന്റീമീറ്റർ വലിപ്പമുള്ളവ ഉപയോഗിക്കാം ) മാറ്റി നടാം. 2ഭാഗം മണ്ണും ഒരു ഭാഗം കമ്പോസ്റ്റും ഒരു ഭാഗം മണലും ചേർത്ത മിശ്രിതമാണ് പോളി ബാഗിൽ നിറയ്ക്കേണ്ടത്. മൂന്നുമാസം പോളി ബാഗിൽ വളർത്തിയ തൈകൾ കൃഷിയിടങ്ങളിലേക്ക് മാറ്റി നടാം.
തണ്ട് മുറിച്ചു നടുന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള കൃഷി രീതി. ഇവയിൽ പെട്ടെന്ന് വേര് വരില്ല എന്ന ഒരു പോരായ്മയുണ്ട്. 30 മുതൽ 35 സെന്റീമീറ്റർ നീളത്തിലുള്ള മൂന്നോ നാലോ മുട്ടുകളുള്ള ശാഖകൾ നടാനായി ഉപയോഗിക്കാം. മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ വള്ളികൾ നടാം. റൂട്ടിങ് ഹോർമോണിൽ മുക്കി നടുന്നത് പെട്ടെന്ന് വേര് വരാൻ സഹായിക്കും.
ഗ്രാഫ്റ്റിംഗ്, ലെയറിങ് എന്നീ രീതികളും തൈകൾ ഉൽപ്പാദിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.
പന്തൽ നിർമ്മാണം
വലിയ വൃക്ഷങ്ങൾക്ക് മേൽ പടരാൻ അനുവദിച്ചാൽ കൂടുതൽ വിളയുന്ന സസ്യമാണ് ഫാഷൻഫ്രൂട്ട്. എന്നാൽ പന്തലുകൾ നിർമ്മിച്ചും ഇവ പടർത്താനാകും. അഞ്ച് മുതൽ എട്ട് വർഷം വരെ പാഷൻഫ്രൂട്ടിന് ആയുസ്സുണ്ട്. അതിനാൽ ബലമുള്ള പന്തലുകൾ നിർമ്മിക്കണം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താണ് പന്തലുകൾ നിർമിക്കേണ്ടത്. വടക്ക്-തെക്ക് ദിശയാണ് ഉത്തമം. ചരിഞ്ഞ പ്രദേശമാണെങ്കിൽ ചരിവിന് കുറുകെയാണ് പന്തലുകൾ നിർമ്മിക്കേണ്ടത്.
പറിച്ചു നടീൽ
തൈകൾ കൃഷിയിടങ്ങളിലേക്ക് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാഷൻ ഫ്രൂട്ടിന്റെ പെൺപൂക്കളാണ് ആദ്യം പാകമാകുന്നത്. അതിനാൽ തന്നെ പരപരാഗണം വർദ്ധിക്കുന്നതിലൂടെ പാഷൻ ഫ്രൂട്ടിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. അതിനാൽ പലതരത്തിലുള്ള വള്ളികൾ കെട്ടുപിണഞ്ഞ് വളരുന്നതിന് പല ഇനങ്ങളിലുള്ള തൈകൾ നടുന്നത് നല്ലതാണ്. 60 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിലാണ് തൈകൾ നടേണ്ടത്. കുഴികളിൽ മേൽമണ്ണും ചാണകവും ചേർത്ത് നിറയ്ക്കണം. ചെടികൾ തമ്മിൽ നാലര മീറ്റർ മുതൽ ആറു മീറ്റർ വരെ അകലം പാലിക്കാം.
പാഷൻ ഫ്രൂട്ടിന്റെ വളർച്ചയ്ക്കനുസരിച്ച് വളപ്രയോഗവും വ്യത്യാസപ്പെട്ടിരിക്കുന്നു. നടുന്ന സമയത്ത് അഞ്ച് കിലോഗ്രാം ജൈവവളവും 54 ഗ്രാം യൂറിയ, 50ഗ്രാം മസൂറിഫോസ്, 42 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും നൽകണം. രണ്ടു മുതൽ നാലു വർഷം വരെയുള്ള പ്രായത്തിൽ 10 കിലോഗ്രാം ജൈവവളവും 174 ഗ്രാം യൂറിയ, 150 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. നാല് വർഷം പ്രായമായ തൈകൾക്ക് 15 കിലോഗ്രാം ജൈവവളവും 325 ഗ്രാം യൂറിയ, 250 ഗ്രാം മസൂറി ഫോഴ്സ്, 167 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും നൽകണം. ഇതിൽ ജൈവവളവും മസൂറിഫോസും അടി വളമായും യൂറിയ മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് മാസത്തെ ഇടവേളകളിൽ പല തവണകളായും നൽകണം. പാഷൻ ഫ്രൂട്ടിന് പൊട്ടാഷ് വളം ഏറ്റവും അത്യാവശ്യമാണ്. സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സിങ്ക് എന്നിവയും പ്രധാനമാണ്. അമിത വളപ്രയോഗം വിപരീതഫലങ്ങൾ നൽകും.
തൈകൾ വളർന്ന് പന്തലിന് മുകളിലെത്തിയാൽ അഗ്രഭാഗം നുള്ളണം. ശേഷം വളർന്നുവരുന്ന രണ്ടു ശാഖകൾ ഇരുവശത്തേക്കുമായി പടർത്താം.
ജലസേചനം.
ചെടിയുടെ ചുറ്റിനും ഒരു വളയത്തിന്റെ ആകൃതിയിൽ ജലസേചനം നൽകുന്നതാണ് ഏറ്റവും നല്ലത്. വേനൽ കാലത്ത് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ജലസേചനം നൽകണം.
ചുവട്ടിൽനിന്നും കളകൾ കൃത്യമായി നീക്കം ചെയ്യണം. അധികം ആഴത്തിൽ കൊത്തിക്കിളയ്ക്കുന്നത് നല്ലതല്ല. ഈർപ്പം നിലനിർത്താനായി പുതിയിടാം.
കൊമ്പ് കോതൽ
ഫലവൃക്ഷമായ മാവിൽ നിന്നും വ്യത്യസ്തമായി ഒരേ സീസണിൽ ഉണ്ടാകുന്ന ശാഖയിൽ തന്നെയാണ് പാഷൻഫ്രൂട്ട് ചെടിയിൽ പൂക്കളുണ്ടാകുന്നത്. അതിനാൽ നല്ല വിളവിന് കമ്പ് കോതുന്നത് നല്ലതാണ്. വിളവെടുപ്പിന് ശേഷമാണ് കമ്പ്കോതേണ്ടത്. വള്ളിയുടെ അഗ്ര ഭാഗത്തുനിന്നും 4 മുതൽ 6 മുട്ടുകൾ വരെ നുള്ളിക്കളയാം. കായ് പിടിച്ച പാർശ്വ ശാഖകളുടെ അഗ്രം മാത്രമേ കോതാൻ പാടുള്ളൂ. കൂടുതലായി കമ്പ് കോതുന്നത് പാഷൻഫ്രൂട്ടിന് നല്ലതല്ല.
ഫെബ്രുവരി മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പാഷൻഫ്രൂട്ട് പുഷ്പിക്കുന്നത് ജൂൺ മാസത്തിൽ ധാരാളമായി പൂക്കുന്നു. ഒരു പൂവ് നന്നായി വിടർന്നുവരാൻ 14 ദിവസം വരെ എടുക്കും. കായ്കൾ മൂത്ത് പാകമാകാൻ 67 ദിവസവും. അതിനാൽ പൂമൊട്ട് ഉണ്ടായ ശേഷം വിളവെടുക്കാൻ 80 ദിവസം എടുക്കും.
രോഗങ്ങളും നിയന്ത്രണവും
കുമിൾ രോഗങ്ങളായ ഫ്യൂസേറിയം വാട്ടം, അഴുകൽ എന്നിവയാണ് പ്രധാന രോഗങ്ങൾ. രോഗങ്ങൾ നിയന്ത്രിക്കാനായി വെള്ളക്കെട്ട് ഒഴിവാക്കണം. നല്ല നീർവാർച്ച ഉറപ്പുവരുത്തണം. കുമ്മായം ചേർത്ത് പുളി രസം ക്രമീകരിക്കണം. സ്യൂഡോമോണാസ് അല്ലെങ്കിൽ ട്രൈക്കോഡർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 3 ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്യാം. രോഗത്തിന്റെ അളവ് കൂടുകയാണെങ്കിൽ ഒരു ലിറ്റർ ആവണക്കെണ്ണ, 3 ഗ്രാം ഫൈറ്റോലാൻ എന്നിവ മൂന്നു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിനോട് ചേർന്നുനിൽക്കുന്ന തണ്ടിന്റെ (കോളാർ) ഭാഗത്ത് തേച്ചു പിടിപ്പിക്കണം.
കായയുടെ പുറത്ത് ബ്രൗൺ നിറത്തിലുള്ള വളർച്ചകൾ കാണുന്ന രോഗമാണ് സ്ക്യാബ്. ഇതിനെ നിയന്ത്രിക്കാനായി രോഗം ബാധിച്ച കായ്കൾ പറിച്ചുമാറ്റിയ ശേഷം കോപ്പർ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക
രോഗങ്ങൾ കുറയ്ക്കാനായി കൃത്യമായി കമ്പ് കോതുകയും സസ്യത്തിന് ആവശ്യമായ സൂര്യ പ്രകാശം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
കീടങ്ങളും നിയന്ത്രണവും
വെള്ളീച്ച, മണ്ഡരി, മീലി മുട്ട, ചിതൽ, ശൽക്കകീടങ്ങൾ എന്നിവ പാഷൻ ഫ്രൂട്ടിനെ ആക്രമിക്കാറുണ്ട്. ഇവയെ തുരത്താനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. മണ്ഡരികളെ നിയന്ത്രിക്കാൻ കഞ്ഞിവെള്ളം സ്പ്രേ ചെയ്യാം. ഇലപ്പേനുകൾക്കായി നീലക്കെണി ഉപയോഗിക്കാം.
Discussion about this post