സ്വന്തമായി കൃഷി ചെയ്ത് വരുമാനം കണ്ടെത്തണം എന്ന് ചിന്തിക്കുന്നവര്‍ മാത്രമല്ല കൃഷിയെന്നാല്‍ മനസിന്റെ തൃപ്തിയ്ക്ക് വേണ്ടിയാണ് എന്ന് തെളിയിക്കുന്നവരും സമൂഹത്തിലുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് പന്തളം എന്‍എസ്എസ് കോളേജിലെ സ്റ്റാഫായ അനില്‍ കുമാര്‍ എന്ന കണ്ണന്‍ ചേട്ടന്‍. കോളേജിലും വീട്ടിലുമടക്കം കൃഷി ചെയ്യുന്നയാളാണ് കണ്ണന്‍. വാഴ, പൂച്ചെടികള്‍, പച്ചക്കറി, തേനീച്ച വളര്‍ത്തല്‍ എന്നിവയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കണ്ണന്റെ ‘കൃഷി വീട്’
വീടിന്റെ മുന്‍പില്‍ ചെറു തേനീച്ചക്കൂടുകള്‍ ഒപ്പം വന്‍ തേനും കണ്ണന്‍ കൃഷി ചെയ്യുന്നുണ്ട്. പൂച്ചെടികളും ഫല വൃക്ഷങ്ങളും അടുത്തുള്ളത് തേനീച്ചകള്‍ക്ക് ഏറെ സഹായകരമാണ്. വെറ്റില, വാഴ കൃഷി എന്നിവയും വീട്ടില്‍ ചെയ്യുന്നുണ്ട്. ഏത്തവാഴ, ചെങ്കദളി, ഞാലിപ്പൂവന്‍, കൂമ്പില്ലാ കദളി തുടങ്ങി വാഴയുടെ മിക്ക ഇനങ്ങളും കണ്ണന്റെ വീട്ടിലുണ്ട്. ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. ലാഭമല്ല മനസിന്റെ തൃപ്തിക്ക് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്ന് കണ്ണന്‍ പറയുന്നു.
500ഓളം ഇനത്തിലുള്ള പൂച്ചെടികളും ഫാന്‍സി കോഴികളുമാണ് അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ മറ്റൊരു പ്രത്യേകത. പുല്ലു പിടിക്കാതിരിക്കാന്‍ കൂടുതല്‍ സ്ഥലത്തും ടര്‍പ്പോളിന്‍ വിരിച്ച് പൂച്ചെടികള്‍ ചട്ടിയില്‍ വെച്ചിരിക്കുന്നു. വീട്ടില്‍ പണ്ട് നെല്‍ കൃഷി വരെയുണ്ടായിരുന്നുവെന്ന് കണ്ണന്‍ പറയുന്നു
കോളേജില്‍ തീര്‍ത്ത ഔഷധത്തോട്ടം
പന്തളം എന്‍എസ്എസ് കോളേജില്‍ കണ്ണന്‍ തീര്‍ത്ത ഔഷധത്തോട്ടമാണ് മറ്റൊരു പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്ന്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ഔഷധ സസ്യങ്ങള്‍ വരെ ഇവിടെയുണ്ട്. കോളേജിന്റെ മറ്റൊരു പ്രത്യേകതയാണ് കണ്ണന്‍ കോളേജില്‍ തീര്‍ത്ത വാഴത്തോട്ടം. വാഴമുക്ക് എന്നാണ് കോളേജിലെ വാഴത്തോട്ടത്തിന് കുട്ടികള്‍ നല്‍കിയിരിക്കുന്ന പേര്.
ആയിരത്തിലധികം വാഴകളാണ് ഇവിടെയുള്ളത്. കൃഷി എന്നത് കൊണ്ട് ലാഭം എന്നതു മാത്രമല്ല ഫലമണിയുന്നത് എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് പന്തളം എന്‍എസ്എസ് കോളേജിന്റെ സ്വന്തം കണ്ണന്‍ ചേട്ടന്‍.
Discussion about this post