ഒരു ഔഷധ സസ്യമാണ് പാണൽ. കുറ്റിപ്പാണൽ, കുറുംപാണൽ, പാഞ്ചി എന്നൊക്കെ പേരുണ്ട്. ഗ്‌ളൈക്കോസ്സ്മിസ് പെന്റാഫില്ല എന്നാണ് ശാസ്ത്രനാമം. നാരകവും പാണലുമൊക്കെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. റൂട്ടേസിയെ എന്നാണ് കുടുംബപ്പേര്.
കുറ്റിച്ചെടിയാണ് പാണൽ. രണ്ടു മീറ്റർ വരെ ഉയരം വയ്ക്കും. പൂക്കൾക്കും കായ്കൾക്കും വെളുത്ത നിറമാണ്. പഴുക്കുമ്പോൾ കായ്കൾ പിങ്ക് നിറമായി മാറും. ഇവയുടെ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. വിത്തു വഴിയാണ് പ്രത്യുൽപാദനം. തണ്ടു മുറിച്ചു നടാവുന്നതുമാണ്. ഇൻഡോർ പ്ലാന്റ് ആയും ഇവയെ ഉപയോഗിക്കാം. നല്ല നീർവാർച്ചയുള്ള മണ്ണാണ് പാണൽ ചെടികൾക്ക് ഇഷ്ടം.
പാണൽ ചെടിയിലെ ചില ഘടകങ്ങൾക്ക് മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു നിത്യ ഔഷധമാണ് പാണൽ. ഇവയുടെ ഇലകൾ, വേരുകൾ, തണ്ടുകൾ, പഴങ്ങൾ, എന്നിവയ്ക്കെല്ലാം തന്നെ ഔഷധഗുണങ്ങളുണ്ട്. ജലദോഷം, പനി, നെഞ്ചുവേദന, വിളർച്ച, മഞ്ഞപ്പിത്തം, വാതം, മൂത്രാശയ രോഗങ്ങൾ, കരൾ രോഗങ്ങൾ, എന്നിവയുടെയെല്ലാം ചികിത്സയ്ക്ക് പാണൽ ഉപയോഗിക്കുന്നുണ്ട്.
Discussion about this post