പാൻ നമ്പർ വ്യവസായ സംരംഭങ്ങളുടെ തിരിച്ചറിയൽ രേഖയാക്കി മാറ്റാൻ കേന്ദ്ര നിർദ്ദേശം. വ്യവസായങ്ങൾ തുടങ്ങുവാനും വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നേടുവാനും ഏകീകൃത നമ്പറായി പാൻ മാറ്റുവാനാണ് കേന്ദ്ര നിർദ്ദേശം. സംസ്ഥാനങ്ങളുടെ വ്യവസായ റാങ്കിംഗ് നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധമായ കാര്യങ്ങൾ എളുപ്പത്തിൽ ആക്കാനും,കേന്ദ്ര സംസ്ഥാന ഓൺലൈൻ പോർട്ടലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ചർച്ചചെയ്യുന്നുണ്ട്. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിന്ന് അനുമതി വാങ്ങേണ്ട കാര്യങ്ങൾക്കെല്ലാം പാൻ നമ്പർ സംരംഭത്തിന്റെ പൊതു നമ്പറാക്കി മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്.
ഇതുകൂടാതെ ആഭ്യന്തരം, മലിനീകരണ നിയന്ത്രണ ബോർഡ്,കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ സംരംഭങ്ങളുടെ അപേക്ഷയിലെ കൺസ്യൂമർ നമ്പറിലും മാറ്റം വരും. വ്യവസായ സംരംഭങ്ങൾക്കുള്ള കൺസ്യൂമർ നമ്പർ ഇനിമുതൽ പാൻ നമ്പർ ആയി മാറും. പാൻ നമ്പർ നൽകിയാൽ ഏതു വകുപ്പിനും അതിനൊപ്പം സമർപ്പിച്ചിട്ടുള്ള രേഖകൾ വേഗത്തിൽ ലഭ്യമാകാൻ ഈ സംവിധാനം സഹായിക്കും. ആദായ നികുതിയുടെ വരുമാനപരിധിയിൽ ഉൾപ്പെടാത്ത സംരംഭങ്ങൾ തുടങ്ങുന്നവരും ഇനിമുതൽ പാൻ കാർഡ് നിർബന്ധമായും എടുക്കേണ്ടിവരും. രജിസ്ട്രേഷൻ, നിരാക്ഷേപ പത്രം നൽകൽ, അനുമതി പുതുക്കൽ,ആവശ്യമായ രേഖകൾ ഉറപ്പാക്കാൽ, സ്കീം അനുസരിച്ചുള്ള എല്ലാ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിവയ്ക്കെല്ലാം പാൻ ഐഡിയായി കണക്കാക്കും.
Discussion about this post