അരി രാജകീയ ഭക്ഷണമായിരുന്ന കാലം. അന്ന് ചാമയായിരുന്നു സാധാരണക്കാര്‍ കഴിച്ചിരുന്നത്. ഒരിക്കല്‍ രാജാവിന്റെ പാടത്ത് കൃഷി ചെയ്തിരുന്ന നെല്ല് ഒരു കര്‍ഷകന്‍ കവുങ്ങിന്റെ പാള അഥവാ മട്ടയില്‍ ഒളിപ്പിച്ചു കടത്തുകയും രഹസ്യമായി വിതയ്ക്കുകയും ചെയ്തു. അങ്ങനെ രാജഭക്ഷണത്തിന്റെ രുചി ജനങ്ങള്‍ക്കും അറിയാന്‍ അവസരം ലഭിച്ചു. മട്ടയില്‍ ഒളിപ്പിച്ചു കടത്തിയതു കൊണ്ട് ആ അരിയ്ക്ക് ജനങ്ങള്‍ മട്ട എന്ന് തന്നെ പേരിട്ടു. ആ അരിയാണ് പാലക്കാട്ടെ നെല്‍ക്കര്‍ഷകന്റെ അഭിമാനമായ പാലക്കാടന്‍ മട്ട.
കേരളമട്ട, പാലക്കാടന്‍ മട്ട, റോസ്മട്ട പേരുകളില്‍ പ്രസിദ്ധമായ കേരളത്തിലെ തനത് അരിയിനമാണ് ‘മട്ട’. വളരെ സ്വാദിഷ്ഠമായതും ചുവന്നനിറത്തോടുകൂടിയതുമായ അരിയാണ് പാലക്കാടന്‍ മട്ട. ഭൂമിശാസ്ത്രപരമായ പ്രത്യേകതക കൊണ്ട് ഭൂപ്രദേശസൂചികയില്‍ ഇടം പിടിച്ചിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഒരു ഉത്പന്നമാണ് പാലക്കാടന്‍ മട്ട. പോഷകഗുണമേറിയ ഈ ഇനം സവിശേഷമായ സ്വാദും തനിമയും കൊണ്ട് ഏറെ ജനപ്രീതിയുള്ളതാണ്.
സവിശേഷമായ പാലക്കാടന്‍ മണ്ണും ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റും ചുട്ടുപൊള്ളുന്ന പാലക്കാടന്‍ വെയിലും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുമാണു പാലക്കാടന്‍ മട്ടയ്ക്കു രുചി പകരുന്ന പ്രകൃതിയുടെ ചേരുവകള്‍. അതാണു മറ്റൊരു നാട്ടില്‍ വിളയിച്ചെടുത്താലും അരി പാലക്കാടന്‍ മട്ടയാവാത്തത്.തനിമയുടെ അംഗീകാരമായി 2007ല്‍ ഭൗമ സൂചികാ അംഗീകാരവും ലഭിച്ചു.
Discussion about this post