കോട്ടയം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിലെ കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു.
വേമ്പനാട് കായലിനോടു ചേർന്നു കിടക്കുന്ന 117 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ മത്സ്യകൃഷിയോടൊപ്പം ജലവിനോദ സഞ്ചാരത്തിനും മെച്ചപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്.മുപ്പതുപേർക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധം നിർമിച്ച ഫ്‌ളോട്ടിംഗ് റസ്‌റ്റൊറന്റിലുള്ളത്.എം.പി. ഇ ഡി എ യുടെ വല്ലാർപാടത്തെ ആർ ജി സി എ കേന്ദ്രത്തിൽ നിന്നും സംഭരിച്ച ഗുണമേന്മയുള്ള കാളാഞ്ചി കുഞ്ഞുങ്ങളെ പതിനഞ്ചോളം മത്സ്യകൂടുകളിലാണ് നിക്ഷേപിക്കുന്നത്.
മത്സ്യ കൂടുകളിൽ കൂടാതെ പാരാബോള ആകൃതിയിൽ നിർമിച്ചിട്ടുള്ള രണ്ട് പെന്നുകളിലും കാളാഞ്ചി നിക്ഷേപിച്ചിട്ടുണ്ട്. സന്ദർശകർക്ക് കാളാഞ്ചി കൃഷി കണ്ട് മനസ്സിലാക്കാനും ഉച്ചയൂണിനൊപ്പം സ്പെഷ്യലായി കാളാഞ്ചി വിഭവങ്ങൾ കഴിക്കാനും അവസരമുണ്ടാകും. 20 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടന്നിരുന്ന നാല് കുളങ്ങളുടെ ചിറ ബലപ്പെടുത്തി കുളങ്ങൾ ഒരുക്കി പൂമീൻ, തിരുത ,കരിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ കൃഷിക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ പരീക്ഷണ അടിസ്ഥാനത്തിൽ വനാമി ചെമ്മീൻ കൃഷിയും ആരംഭിച്ചിട്ടുണ്ട്.മത്സ്യകൃഷിയിലൂടെ മത്സ്യോത്പാദനം വർധിപ്പിക്കുകയും അക്വാ ടൂറിസത്തിൽ നൂതനമായ സംവിധാനങ്ങളൊരുക്കുകയും ചെയ്യുകയാണ് മത്സ്യഫെഡ്.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ്, പഞ്ചായത്തംഗങ്ങളായ ശാലിനി മധു, സുനിൽകുമാർ മുണ്ടയ്ക്കൽ, വി.എം. ശശി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡേ. ദിനേശൻ ചെറുവാട്ട്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ റ്റി. രഘുവരൻ, ശ്രീവിദ്യാ സുമോദ്, പി.ബി. ദാളോ ഫ്രാൻസിസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി. ബാബു, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ. കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.
Discussion about this post