ഇന്ന്, കേരളത്തില്‍ ഏറ്റവും ലാഭകരമായ കൃഷി ഏതെന്ന ചോദ്യത്തിന്, നെല്ല് എന്നാണ് എന്റെ ഉത്തരം. ചില പുരികങ്ങള്‍ ചുളിയുന്നത് ഞാന്‍ കാണുന്നുണ്ട്. എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു എന്ന് ചോദിച്ചാല്‍ അതിന് മൂന്ന് കാരണങ്ങള്‍ പറയാം.
1.കൃഷി തുടങ്ങും മുന്‍പേ പ്രഖ്യാപിച്ച സംഭരണ വില . (കിലോ ഗ്രാമിന് 28രൂപ )
2.ഉറപ്പുള്ള സംഭരണ സംവിധാനം. ഗുണമേന്മ നന്നെങ്കില്‍ Supplyco ഉറപ്പായും സംഭരിച്ചു വില ബാങ്ക് അക്കൗണ്ടില്‍ നല്‍കും.
3.സര്‍ക്കാര്‍ സബ്സിഡികള്‍. ഇന്നുള്ള കാര്‍ഷിക വിളകളില്‍ ഏറ്റവും കൂടുതല്‍ സബ്സിഡികള്‍ നെല്‍കൃഷിയ്ക്കാണ്, എന്ന് വേണമെങ്കില്‍ പറയാം. ഏക്കറിന് കുറഞ്ഞത് 7500രൂപ.
അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് അത് മുതലാക്കാന്‍ കുട്ടനാടും പാലക്കാടും കോള്‍ പാടങ്ങളിലും ഒഴികെയുള്ള കര്‍ഷകര്‍ക്ക് കഴിയാത്തത് എന്ന് ആഴത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും.
നെല്‍കൃഷിയുടെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ആണ്.
1.വിത്തിന്റെ ഗുണമേന്മ
2.കാലാവസ്ഥ
3.പരിപാലനം
ഇതില്‍ മൂന്നാമത്തെ ഘടകം മാത്രമാണ് കര്‍ഷകന്റെ നിയന്ത്രണത്തില്‍ ഉള്ളത്. അതില്‍ തന്നെ പലതും കാലാവസ്ഥയെ ആശ്രയിച്ചാണ് നില കൊള്ളുന്നതും. എങ്കിലും വിത്തിന് ഏറെക്കുറെ എല്ലാ കര്‍ഷകരും ആശ്രയിക്കുന്നത് കൃഷി വകുപ്പിനെ തന്നെ ആണ്. കൃഷി വകുപ്പ് ആശ്രയിക്കുന്നത് കര്‍ഷകരെയും. Registered Seed Grower’s Programme (RSGP) എന്ന പദ്ധതിയിലൂടെ ഗുണമേന്മയുള്ള മാതൃവിത്തു നല്‍കി, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ നല്ല വിത്ത് കര്‍ഷകനില്‍ നിന്നും തിരികെ വാങ്ങി Kerala State Seed Development Authority എന്ന സ്ഥാപനം വഴി കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും എത്തിച്ചു കൊടുക്കുന്നു.
കൂടാതെ സര്‍ക്കാര്‍ വിത്തുല്‍പ്പാദന ഫാമുകളില്‍ നിന്നും ശേഖരിക്കുന്നു. തികയാതെ വരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ National Seeds Corporation ല്‍ നിന്നും വാങ്ങി കര്‍ഷകര്‍ക്ക് നല്‍കുന്നു.
ചുരുക്കി പറഞ്ഞാല്‍, ഇന്ന് കര്‍ഷകന്‍ ഉപയോഗിക്കുന്നത് കടം കൊണ്ട വിത്തുകള്‍ ആണ്. സ്വന്തമായി വിത്ത് ശേഖരിക്കുന്ന പതിവ് എന്നോ നിര്‍ത്തി. അത് അത്ര നല്ല കാര്യമായി തോന്നുന്നില്ല. വിളവെടുക്കുമ്പോള്‍ ഒരു കര്‍ഷകന്‍ പാടത്തിറങ്ങി അവിടെ ഘനം തൂങ്ങി നില്‍ക്കുന്ന കതിര്‍ക്കുലകള്‍ മാത്രം പ്രത്യേകം ശേഖരിച്ചു ശാസ്ത്രീയമായി ഉണക്കി നെല്‍വിത്ത് തയ്യാറാക്കിയിരുന്നെങ്കില്‍ അതുകൊണ്ട് മാത്രം വിളവ് 10-15ശതമാനം കൂടുമായിരുന്നു.
പലപ്പോഴും അധിനിവേശ സ്വഭാവം ഉള്ള പല കളകളും പാടത്തേക്കു വരുന്നത് ശരിയായി സംസ്‌കരണം ചെയ്യാത്ത വിത്തുകളിലൂടെ ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
നൂറ് മേനി വിളവെന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം? നമ്മള്‍ ഉപയോഗിച്ച നെല്‍ വിത്തിന്റെ എത്ര ഇരട്ടി വിളവ് കിട്ടി എന്നാണ് അതിന്റെ അര്‍ത്ഥം. സാധാരണ ഒരേക്കറിന് 30 കിലോ നെല്‍ വിത്ത് ഞാറ്റടി ഉണ്ടാക്കാന്‍ ഉപയോഗിച്ചു എങ്കില്‍, അതില്‍ നിന്നും 3000കിലോ നെല്ല് കിട്ടിയാല്‍ അത് നൂറ് മേനിയായി. നാലായിരം കിലോ കിട്ടിയാല്‍ നൂറ്റി മുപ്പത് മേനിയിലധികമായി.
നൂറ്റി മുപ്പത് മേനി നെല്ല് എന്ന് പറയുമ്പോള്‍ ഒരു സെന്റില്‍ നിന്നും ഏതാണ്ട് നാല്‍പ്പതു കിലോ നെല്ല്. അതായത് ഒരു ചതുരശ്ര മീറ്ററില്‍ നിന്നും ഒരു കിലോ നെല്ല്. അത് സാധ്യമാണ്. പല രാജ്യങ്ങളിലും ആ വിളവ് കിട്ടുന്നുണ്ട്. കേരളത്തില്‍തന്നെ ആ അളവില്‍ നെല്ല് കൊയ്യുന്ന കര്‍ഷകര്‍ ഉണ്ട്. ഉദാഹരണത്തിന് എടപ്പാള്‍ കോലോത്തുംപാടം കോള്‍പ്പടവ് പ്രസിഡന്റ് ശ്രീ അബ്ദുല്‍ ലത്തീഫ്. അങ്ങനെ .മറ്റ് പലരും ഉണ്ടാകാം.
ഒരു ചതുരശ്ര മീറ്റര്‍ (ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഉള്ള )പാടത്തു നിന്നും ഒരു കിലോ നെല്ല് ഉണ്ടാകണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
ഉമ പോലെ ഉള്ള ഇനങ്ങള്‍, അല്ലെങ്കില്‍ പൊന്മണി (CR 1009) ആണ് ഈ വിളവ് കിട്ടാന്‍ യോജിച്ച ഇനങ്ങള്‍. ഞാറ്റടി തയ്യാറാക്കുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ എന്ന അളവില്‍ അഴുകി പൊടിഞ്ഞ ചാണകപ്പൊടി നിര്‍ബന്ധമായും ചേര്‍ക്കണം.
ഞാറ് പതിനെട്ടു ദിവസം മൂപ്പില്‍ എങ്കിലും പറിച്ചു നട്ടിരിക്കണം. (അതിന് ശേഷം വൈകുന്ന ഓരോ ദിവസത്തിനും സെന്റിന് 325ഗ്രാം വീതം നെല്ല് കുറയും.ഹെക്ടറിന് 100കിലോ വീതം )
ഒരു സെന്റിന് 2250ഗ്രാം (2.25കിലോ )കുമ്മായം രണ്ട് തുല്യ തവണകള്‍ ആയി നിലം ഒരുക്കുമ്പോഴും നട്ട് രണ്ടാഴ്ച കഴിഞ്ഞും നല്‍കിയിരിക്കണം.
രണ്ടു നുരികള്‍ തമ്മില്‍ 20 cm അകലം പാലിക്കണം. (അങ്ങനെ വരുമ്പോള്‍ ഒരു ചതുരശ്ര മീറ്ററില്‍ 25 നുരികള്‍ വരും. (അഞ്ച് വരികളും അഞ്ച് നിരകളും ).
ഓരോ നുരിയിലും മൂന്ന് ഞാറുകള്‍ മതിയാകും. അപ്പോള്‍ ഒരു ചതുരശ്ര മീറ്ററില്‍ 75ഞാറുകള്‍. ഒരു സെന്റില്‍ 3000(75×40) ഞാറുകള്‍. അതായത് 3000നെന്മണികള്‍ മതി ഒരു സെന്റില്‍ നടാന്‍, എല്ലാം മുളയ്ക്കുക ആണെങ്കില്‍. ഉമ പോലെ ഉള്ള ഇനങ്ങള്‍ക്ക് 1000 വിത്തിന് (1000seed weight ) 25ഗ്രാം തൂക്കം എന്ന് കരുതുകയാണെങ്കില്‍ ഒരു സെന്റില്‍ നടാനുള്ള ഞാറിനു 75ഗ്രാം വിത്ത് മതിയാകും. ഏക്കറിന് 7.5 (750ഗ്രാംx100cent ) കിലോ വിത്ത് തന്നെ ധാരാളം.
ഇനി മുളശേഷി (Germination percentage) 50ശതമാനമേ ഉള്ളൂ എങ്കില്‍ പോലും 15 കിലോ വിത്ത് മതിയാകും. ഇപ്പോള്‍ സര്‍ക്കാര്‍ 30-32കിലോ വിത്ത് ഒരേക്കറിന് നല്‍കുന്നുണ്ട്.
അപ്പോള്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ മറക്കരുത്.
18 ദിവസം മൂപ്പില്‍ പറിച്ചു നടണം
രണ്ട് നുരികള്‍ (hills )തമ്മില്‍ 20cm അകലം പാലിക്കണം
ഒരു നുരിയില്‍ മൂന്ന് ഞാറുകളില്‍ കൂടുതല്‍ വേണ്ട. (ഒറ്റ ഞാര്‍ ആയാലും മതി ).
ഇങ്ങനെ നടുമ്പോള്‍, ഇടയകലം കൂടുന്നത് കൊണ്ട്, ആദ്യഘട്ടത്തില്‍ കളകള്‍ കൂടാന്‍ സാധ്യത ഉണ്ട്. ശരിയായ അളവില്‍ വെള്ളം നിര്‍ത്തിയും പ്രകൃതി സൗഹൃദ കള നാശിനികള്‍ ഉപയോഗിച്ചും കോണോ വീഡര്‍, പവര്‍ വീഡര്‍ തുടങ്ങിയ യന്ത്ര സഹായത്താലും, വേണ്ടി വന്നാല്‍ കള പറിക്കാന്‍ ആളെ നിര്‍ത്തിയും കള നിയന്ത്രണം സാധ്യമാക്കാം.
നട്ട്, ആദ്യത്തെ 42 ദിവസം വളരെ പ്രധാനം. അപ്പോള്‍ കളകള്‍ വരാതെ നോക്കിയാല്‍ പിന്നെ വരില്ല. അപ്പോഴേക്കും നെല്ല് ചിനച്ചു തിങ്ങി വളര്‍ന്നിട്ടുണ്ടാകും.
ശരിയായ ഇടയകലം (ശരിദൂരം ) പാലിച്ചില്ലെങ്കില്‍ മുഞ്ഞ, അവിച്ചില്‍ രോഗം (sheath blight )എന്നിവയായിരിക്കും ഫലം. അതുകൊണ്ടാണ് വിത രീതി പിന്തുടരുന്ന കുട്ടനാട്ടില്‍ മുഞ്ഞയും അവിച്ചിലും കൂടുതലായി കാണുന്നത്.
ഇനി, ഞാര്‍ പറിച്ചു നടുന്നതിനു മുന്‍പ് ഒരു സെന്റിന് 20കിലോ എന്ന അളവില്‍ (ഒരു സ്‌ക്വയര്‍ മീറ്ററിന് അരകിലോ )അഴുകി പൊടിഞ്ഞ ചാണകപ്പൊടി കൊടുക്കണം. കൂടാതെ അളന്നു തൂക്കിയുള്ള NPK വളങ്ങളും(ജൈവമോ രാസമോ, അവനവന്റെ കഴിവും കാഴ്ചപ്പാടും അനുസരിച്ചു) നല്‍കണം.
രാസമെങ്കില്‍, ഒരു സെന്റിന് 780ഗ്രാം യൂറിയ, 900ഗ്രാം മസൂറി ഫോസ്, 300ഗ്രാം പൊട്ടാഷ് എന്നിവയും മൊത്തം നല്‍കണം. അതും മൂന്ന് തവണകളായി. പകുതി യൂറിയയും മുഴുവന്‍ മസൂറിഫോസും പകുതി പൊട്ടാഷും അടിവളമായും ബാക്കി ഉള്ള യൂറിയയും പൊട്ടാഷും രണ്ട് തുല്യ തവണകള്‍ ആയി നട്ട് നാലാഴ്ച കഴിഞ്ഞും ഏഴാഴ്ച കഴിഞ്ഞും നല്‍കണം.
(ഈ വളങ്ങളുടെ പകുതി പോലും നെല്ലിന് കിട്ടില്ല. കാരണം കുറെ വളങ്ങള്‍ ഒലിച്ചും ആവിയായും (Leaching &Volatalization) നഷ്ടപ്പെടും. അതും കൂടി കണക്കിലെടുത്താണ് ഈ അളവ് നിശ്ചയിച്ചിരിക്കുന്നത് )
അപ്പോള്‍, ഒരു ചതുരശ്ര മീറ്ററില്‍ 25 നുരികള്‍. ഓരോ നുരിയിലും മൂന്ന് ഞാറുകള്‍ വീതം. അപ്പോള്‍ ആകെ 75ഞാറുകള്‍. ഒരു നുരിയില്‍ നിന്നും 20 കതിരുള്ള ചിനപ്പുകള്‍(Productive Tillers) അങ്ങനെ ആകെ 500 കതിരുകള്‍. ഒരു കതിരില്‍ 100 നെന്മണികള്‍. അപ്പോള്‍ ആകെ 50000 നെന്മണികള്‍. അതില്‍ 20 ശതമാനം പതിരാണെന്നിരിക്കട്ടെ.അത് കിഴിച്ചു, ബാക്കി ഘനമുള്ള 40000 മണികള്‍. ആയിരം നെന്മണിയ്ക്കു 25ഗ്രാം തൂക്കം. അപ്പോള്‍ 40000 മണികള്‍ക്കു 1000ഗ്രാം തൂക്കം. അതായത് 1കിലോ നെല്ല് ഒരു ചതുരശ്ര മീറ്ററില്‍ നിന്നും. ഒരു ചതുരശ്ര മീറ്ററില്‍ നിന്നും 250 ഗ്രാം നെല്ല് കിട്ടിയാല്‍ ഏക്കറില്‍ 1000 കിലോ ( നെല്ലില്‍ നിന്നും വരുമാനം 28000രൂപ, വൈക്കോല്‍ വേറെ ). 500ഗ്രാം വച്ചു കിട്ടിയാല്‍ ഏക്കറില്‍ 2000കിലോ (വരുമാനം 56000രൂപ ). 750ഗ്രാം വച്ചു കിട്ടിയാല്‍ ഏക്കറിന് 3000കിലോ. (വരുമാനം 84000രൂപ )
ടൂ മീറ്ററിന് 1കിലോ വച്ചു നെല്ല് കിട്ടിയാല്‍ ഏക്കറിന് 4000കിലോ.
(വരുമാനം 1, 12, 000 രൂപ
നല്ല രീതിയില്‍ കുമ്മായപ്രയോഗം, ശാസ്ത്രീയമായ NPK വള പ്രയോഗം, ശരിയായ കള നിയന്ത്രണം, കീട-രോഗ നിയന്ത്രണം. ഇതൊക്കെ കൃഷി വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചെയ്യണം എന്ന് മാത്രം.
ഇത്തരത്തില്‍ ഏക്കറിന് 4000 കിലോ കിട്ടിയാല്‍ നെല്ലില്‍ നിന്നും ഏക്കറിന് ഒരു ലക്ഷത്തിലധികം രൂപ മൊത്തം വരുമാനം കിട്ടും. വൈക്കോല്‍ വിറ്റ് വേറെയും. 30000-35000രൂപ വരെ കൃഷി ചെലവ് വരാം, അതിന്റെ നാലില്‍ ഒന്ന് തുക സബ്സിഡിയും കിട്ടിയേക്കാം. (റോയല്‍റ്റി, ഉല്‍പ്പാദന ബോണസ്, ജനകീയാസൂത്രണം, Sustainable Development of Rice സ്‌കീം etc )
കൃഷി ശാസ്ത്രീയമായാല്‍ വിളവ് മെച്ചപ്പെടും. കാലാവസ്ഥയും കനിയണം. കൃഷി വകുപ്പും സര്‍ക്കാരും കര്‍ഷകന്റെ കൂടെയുണ്ട്.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post