നെൽ വയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് നടപടികൾ ആരംഭിച്ചു.നെൽ വയലുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായാണ് നെൽ വയൽ ഉടമകൾക്ക് പ്രോത്സാഹനമെന്ന നിലയിൽ റോയൽറ്റി ഏർപ്പെടുത്തുന്നത്. 2020-21 ലെ ബജറ്റിൽ നെൽ കൃഷി വികസനത്തിനുള്ള 118.24 കോടി രൂപയിൽ 40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ആദ്യ വർഷം രണ്ടു ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. കൃഷി ചെയ്യാവുന്ന നെൽ വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്ക് ഓരോ വർഷവും ഇത് ലഭിക്കും.നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകളും നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ വിള പരിക്രമത്തിന്റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയവ കൃഷി ചെയ്യുന്ന നിലം ഉടമകളും റോയൽറ്റിക്ക് അർഹരാണ്.
തരിശു കിടക്കുന്ന വയൽ സ്വന്തമായോ മറ്റു കർഷകരോ ഏജൻസികളോ മുഖേനയോ നെൽകൃഷിക്ക് ഉപയോഗിക്കുന്നവരെയും പരിഗണിക്കും. ഈ ഭൂമി പിന്നീട് മൂന്നുവർഷം തുടർച്ചയായി തരിശു കിടന്നാൽ റോയൽറ്റിക്കുള്ള അർഹത നഷ്ടമാകുമെങ്കിലും വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് ലഭിക്കും.
അപേക്ഷകൾ സെപ്റ്റംബര് 11 മുതല് www.aism.kerala.gov.in എന്ന പോർട്ടൽ വഴി സമർപ്പിക്കാം. വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം.നടപ്പു സാമ്പത്തിക വർഷത്തിലെ കരം അടച്ച രസീത്/കൈവശാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയലൽ രേഖ, അക്കൗണ്ട് വിവരങ്ങൾ അടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ പേജിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
Discussion about this post