മുണ്ടകന്‍ കൃഷി ചെയ്യുന്ന മിക്ക പാടശേഖരങ്ങളിലും വിളവുനാശത്തിന് കാരണമാകുന്ന രോഗമാണ് കരിച്ചില്‍. ക്‌സാന്തോമോണാസ് ഒറൈസ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇത് പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ജൈവീക അണുനാശിനിയായ സ്യൂഡോമോണാസ് ഫ്‌ലൂറസെന്‍സാണ് ക്‌സാന്തോമോണാസ് ഒറൈസ ബാക്ടീരിയയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കേണ്ടത്. വിതയ്ക്കുമ്പോള്‍ വിത്ത് പരിചരണത്തിനായി സ്യൂഡോമോണാസ് 1 കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതില്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കണം. വിതച്ച് ഒരു മാസത്തിനു ശേഷം ഏക്കറിന് 1 കിലോഗ്രാം സ്യൂഡോമോണാസ് എന്ന തോതില്‍ 20 കിലോഗ്രാം ചാണകപ്പൊടിയില്‍ കൂട്ടിക്കലര്‍ത്തി പാടത്ത് ഇട്ടു കൊടുക്കുക. തുടര്‍ന്ന് ഒരു മാസത്തിനുശേഷം വീണ്ടും 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക.
20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളി 20 ഗ്രാം സ്യൂഡോമോണാസ് കൂടി ചേര്‍ത്ത് ഇലകളില്‍ തളിക്കുകയാണെങ്കില്‍ രോഗത്തിനെ തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാന്‍ സാധിക്കും. ബ്ലീച്ചിംഗ് പൗഡര്‍ 2 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ചെറിയ കിഴികളായി പാടത്ത് പലയിടങ്ങളിലായി നിക്ഷേപിക്കുകയും ചെയ്യണം. സ്‌ട്രെപ്‌റ്റൊസൈക്ലിന്‍ എന്ന മരുന്ന് 6 ഗ്രാം 30 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്താല്‍ രോഗം രൂക്ഷമായി പാടത്തിന്റെ മറ്റു മേഖലകളിലേക്ക് കരിച്ചില്‍ വ്യാപകമായി പടരുന്നത് തടയാന്‍ സാധിക്കും.
Discussion about this post