അടുക്കളത്തോട്ടത്തിൽ എല്ലാവരും വച്ചുപിടിപ്പിക്കുന്ന വിളയാണ് പച്ചമുളക്. ഈയടുത്ത് കേരള കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം കീടനാശിനി ഏറ്റവും കൂടുതൽ കണ്ടെത്തിയിരിക്കുന്ന പച്ചക്കറി വിഭവം കൂടിയാണ് പച്ചമുളക്. അതുകൊണ്ടുതന്നെ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും വച്ചു പിടിപ്പിക്കേണ്ട ഒരു വിള കൂടിയാണ്.
മുളക് കൃഷി ചെയ്യാനൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നഴ്സറികളിൽ വിത്ത് പാകി തൈ പറിച്ചു നട്ടു മുളക് കൃഷി ആരംഭിക്കാം. തവാണകളിലും പോട്രേകളിലും വിത്ത് പാകി മുളപ്പിക്കാവുന്നതാണ്. വിത്തുകൾ പാകുന്നതിന് മുൻപും തൈകൾ പറിച്ചു നടുന്നതിന് മുൻപും 20 ഗ്രാം സ്യൂഡോമൊണാസ് കൾച്ചർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ലായനി തയ്യാറാക്കി വിത്തുകളും തൈകളും അതിൽ മുക്കി വയ്ക്കുന്നത് ചെടികൾക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കുവാൻ മികച്ച വഴിയാണ്. തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടുന്നതിന് മുൻപ് മണ്ണിൽ പി എച്ച് മൂല്യം ക്രമീകരിക്കണം. സാധാരണഗതിയിൽ ഒരു സെൻറ് സ്ഥലത്തേക്ക് വേണ്ടിവരുന്നത് ഒരു കിലോ മുതൽ മൂന്ന് കിലോ വരെ കുമ്മായം ആണ്. അടിവളമായി ഒരു സെന്റിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. മുളക് തൈകൾ നടുന്നതിന് വേണ്ടി രണ്ടടി അകലത്തിൽ ചാലുകൾ എടുക്കുകയും ചെടികൾക്കിടയിൽ രണ്ടടി അകലം പാലിക്കുകയും ചെയ്യണം. 10 ദിവസം ഇടവിട്ട് മേൽവളം നൽകുന്നത് നല്ലതാണ്. ഇതിനുവേണ്ടി പച്ചചാണകം ലായനി അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി ഒരു കിലോഗ്രാം 10 ലിറ്റർ ലയിപ്പിച്ച് ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
മുളക് കൃഷിയിൽനിന്ന് നല്ല രീതിയിൽ വിളവ് ലഭ്യമാക്കുവാൻ ചെടിയുടെ കടക്കൽ മണ്ണിളക്കി രണ്ടാഴ്ചയിലൊരിക്കൽ വേപ്പിൻപിണ്ണാക്ക് ചേർത്ത് കൊടുക്കുന്നത് ഗുണം ചെയ്യും. കൂടാതെ ചെടികൾ വേഗത്തിൽ പൂക്കുവാൻ വേണ്ടി കർഷകർ പ്രയോഗിക്കുന്ന മറ്റൊരു കാര്യമാണ് ഒരു കപ്പ് പുളിച്ച കഞ്ഞിവെള്ളത്തിൽ ഒരുപിടി ചാരം ചേർത്ത് അത് 20 ഇരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത്. കൂടാതെ മുളകിൽ നല്ല രീതിയിൽ പൂക്കൾ പിടിക്കുവാൻ കാൽ ടീസ്പൂൺ കായപ്പൊടി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് മുളക് ചെടിയിൽ ചെറുതായി തളിച്ചു കൊടുത്താൽ മതി. മണ്ണിൽ മാത്രമല്ല ഗ്രോബാഗിലും മുളക് കൃഷി ചെയ്യാം. ഇതിനുവേണ്ടി മേൽമണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി തുടങ്ങിയവ ഒരേ അനുപാതത്തിൽ എടുത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന് മുക്കാൽഭാഗം നിറയ്ക്കണം. ഒരു ഗ്രോബാഗിൽ 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 100 ഗ്രാം ചാരം എന്നിവ ചേർക്കുന്നതും നല്ല വിളവിന് കാരണമാകും. ഗ്രോബാഗുകളിൽ യഥാസമയം കളകൾ നീക്കം ചെയ്യുന്നതും, നന പ്രയോഗം നടത്തേണ്ടതും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ മേൽവളമായി ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, ഒരു ഭാഗം മണ്ണിരക്കമ്പോസ്റ്റ്, ഒരു ഭാഗം ചാരം, അരഭാഗം കടലപ്പിണ്ണാക്ക് തുടങ്ങിയവ കൂട്ടിക്കലർത്തി ഒരു ചിരട്ട വീതം ആഴ്ചയിലൊരിക്കൽ ഇട്ടു നൽകിയാൽ നല്ല വലിപ്പമുള്ള മുളകുകൾ കിട്ടും.
മുളക് കൃഷിയിൽ ധാരാളം കീടരോഗ സാധ്യതകൾ കണ്ടുവരാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബാക്ടീരിയൽ വാട്ടം. ഇതിനെ പ്രതിരോധിക്കുവാൻ അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. കീടരോഗ സാധ്യതകൾ കുറവായ ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലസഖീ, വെള്ളായണി അതുല്യ തുടങ്ങിയവ കൃഷിക്ക് തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ ഒരു സെൻറ് സ്ഥലത്തിന് 60 ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ ചേർത്ത് നൽകിയാൽ മതി. തൈകൾ പറിച്ചു നടുന്നതിന് ഒരാഴ്ച മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തടങ്ങളിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ബാക്ടീരിയൽ വാട്ടം കൂടാതെ ചെടികളിൽ കായ് ചീയൽ, ഇലകരിച്ചിൽ, തണ്ട് കരച്ചിൽ തുടങ്ങി രോഗങ്ങളെ സ്യുഡോമോണസ് ലായനി ചെടികളിൽ തളിച്ചു കൊടുക്കുന്നതും, തടങ്ങളിൽ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇത് ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാനും ഉത്തമമാണ്. മുളകിൽ കണ്ടുവരുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ ഇല്ലാതാക്കാൻ ഗോമൂത്രം -കാന്താരി മുളക് മിശ്രിതം, കിരിയാത്ത് സോപ്പ് മിശ്രിതം തുടങ്ങിയവയിൽ ഏതെങ്കിലും രണ്ടാഴ്ച ഇടവിട്ട് തളിച്ച് കൊടുക്കുന്നത് നല്ലതാണ്.
Discussion about this post