അലങ്കാര സസ്യകൃഷി ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാൻ ഓർക്കിഡിനോളം മികവ് മറ്റ് ഏത് സസ്യത്തിനുണ്ട്? ദീർഘകാലം വാടാതെ നിലനിൽക്കുന്ന പുഷ്പം, ഒപ്പം വൈവിധ്യമാർന്ന നിറങ്ങളും രൂപങ്ങളും. ഒപ്പം പൂക്കൾക്കും തൈകൾക്കും വിപണിയിൽ നല്ല വിലയും ലഭിക്കുന്നു. ഓർക്കിഡിന്റെ എണ്ണൂറിൽപരം ജനുസ്സുകളും മുപ്പത്തയ്യായിരത്തോളം സ്പീഷീസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുപുറമേ ഒരു ലക്ഷത്തിൽപരം സങ്കരയിനങ്ങളും പ്രചാരത്തിലുണ്ട്.
ഉഷ്ണമേഖലയിൽ നന്നായി വളരാൻ സാധിക്കുന്ന ഓർക്കിഡിന് കേരളത്തിലെ കാലാവസ്ഥ വളരെ യോജിച്ചതാണ്. വർഷംതോറും ലഭിക്കുന്ന മഴയും അന്തരീക്ഷത്തിലെ ആർദ്രതയും കേരളത്തിലെ ഓർക്കിഡ് കൃഷി കൂടുതൽ എളുപ്പമുള്ളതാകുന്നു.
ഓർക്കിഡ് വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവരും ഈ കുടുംബത്തിലെ പ്രമുഖരെ പറ്റി കൂടുതൽ അറിയുന്നത് ഏറെ ഗുണം ചെയ്യും. ഒരേ കുടുംബത്തിൽപ്പെട്ടവരെങ്കിലും പലതരം സ്വഭാവ സവിശേഷതകളുള്ള ഓർക്കിഡ് വിഭാഗങ്ങളുണ്ട്. ഈ സ്വഭാവ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഇവയെ പലരീതിയിൽ തരംതിരിച്ചിട്ടുമുണ്ട്.
വളരുന്ന രീതിയുടെ അടിസ്ഥാനത്തിൽ ഇവയെ രണ്ടായി തരംതിരിക്കാം. മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളാണ് എപ്പിഫൈറ്റിക് ഓർക്കിഡുകൾ. മണ്ണിൽ വളരുന്നവയാണ് ടെറസ്ട്രിയൽ ഓർക്കിഡുകൾ.
കായിക വളർച്ചയനുസരിച്ച് ഓർക്കിഡിനെ മോണോപോടിയൽസ് എന്നും സിംപോടിയൽസ് എന്നും വിളിക്കാറുണ്ട്. ഒരേ ദിശയിൽ തുടർച്ചയായി വളരുകയും തണ്ട് അനിശ്ചിതമായി നീളുകയും തണ്ടിന് എല്ലാ ഭാഗത്തുനിന്നും അന്തരീക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന വേരുകൾ കാണുകയും ഇലയുടെ കക്ഷത്തു നിന്നു എതിർവശത്തു നിന്ന് പൂങ്കുലകൾ ഉണ്ടാവുകയും ചെയ്യുന്ന വിഭാഗത്തെ മോണോപോടിയൽസ് എന്നു വിളിക്കുന്നു. വാൻഡ, ഫെലനോപ്സിസ് എന്നീ ഓർക്കിഡുകൾ ഈ വിഭാഗത്തിൽ പെടുന്നു.
ഒരു സീസൺ കഴിയുമ്പോൾ വളർച്ച അവസാനിപ്പിക്കുകയും അടുത്ത സീസൺ ആകുമ്പോൾ പാർശ്വ മുകുളങ്ങൾ വളർന്നു വരികയും ചെയ്യുന്ന ഇനമാണ് സിംപോടിയൽസ്. ക്യാറ്റ്ലിയ, ഡെൻഡ്രോബിയം, ഓൺസീഡിയം എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു.
ഇനി സാധാരണയായി കൃഷി ചെയ്ത് വരുന്ന ഓർക്കിഡ് ഇനങ്ങളെ പരിചയപ്പെടാം.
വാൻഡ
ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഓർക്കിഡ് ഇനമാണ് വാൻഡ. ഇവർ രണ്ടു തരത്തിലുണ്ട്. കട്ടിയും വീതിയുമുള്ള ഇലകളുള്ള വാൻഡയാണ് സ്ട്രാപ്പ് ലീഫ്ഡ് വാൻഡ. മരത്തിൽ വച്ചു കെട്ടിയോ തൂക്ക് ചട്ടികളിലോ ഇവയെ വളർത്താം. പെൻസിൽ രൂപത്തിലുള്ള ഇലകളുള്ള ഇനമാണ് ടെറേറ്റ് വാൻഡ. ഇവയ്ക്ക് വലിയ പൂക്കളാണ്. തറയിൽ വരികളായോ കൂട്ടമായോ ഇവയെ വളർത്താം. തൊണ്ട്, ഇഷ്ടിക കഷണം, മരക്കഷ്ണം എന്നിവ തുല്യ അളവിൽ ചേർത്ത് നിറച്ച പൂച്ചട്ടിയിലും ടെറേറ്റ് വാൻഡ വളർത്താം.
ആരാക്നിസ്
ചിലന്തി, തേൾ എന്നിവയോട് സാദൃശ്യമുള്ളവയാണ് അരാക്നിസ് ഓർക്കിഡുകൾ. ഒരു പൂങ്കുലയ്ക്ക് ഒരു മീറ്ററോളം നീളം വരും. പൂവിതളുകളിൽ മഞ്ഞ വരയുള്ളവയെ യെല്ലോ റിബണെന്നും ചുവന്ന വരെയുള്ളവയെ റെഡ് റിബൺ എന്നും വിളിക്കുന്നു. ചെടികളുടെ മുകളിലേക്ക് വളരുന്ന ഭാഗം 2 -3 വേരുകളോടെ മുറിച്ചു നട്ട് വളർത്താം. സൂര്യപ്രകാശം ഇഷ്ടമുള്ള ഇനമാണ് അരാക്ക്നിസ് ഓർക്കിഡുകൾ.
ഫെലെനോപ്സിസ്
ഒറ്റക്കമ്പായി വളരുന്ന ഇനമാണിത്. നിശാശലഭത്തോട് രൂപസാദൃശ്യമുള്ള പൂക്കളുണ്ട്. വീതികൂടി, കടുംപച്ചനിറത്തിലോ പിങ്ക് കലർന്ന പച്ച നിറത്തിലോ ഉള്ള തടിച്ച ഇലകളാണ് ഫെലെനോപ്സിസിന്റേത്. തൂക്കു ചട്ടിയിൽ വളർത്താം.വേരുകൾക്കു ചുറ്റും ഈർപ്പം ഉണ്ടായിരിക്കുന്നത് ഏറെ ഇഷ്ടമുള്ള ഇനമാണിത്. അതിനാൽ ചുവട്ടിൽ ചകിരി വെച്ചു കൊടുക്കുന്നത് നല്ലതാണ്.ഫെലെനോപ്സിസിന്റെ ചുവട്ടിൽ നിന്നോ പൂക്കൾ കൊഴിഞ്ഞ തണ്ടിൽ നിന്നോ പുതിയ തൈകൾ ഉണ്ടാകാറുണ്ട്. ഇവ ഇളക്കിയെടുത്ത് നടാവുന്നതാണ്.
ഡെൻഡ്രോബിയം
ആയിരത്തോളം ഇനങ്ങളുണ്ട് ഡെൻഡ്രോബിയത്തിന്. പൂത്തണ്ടിൽ ഒന്ന്- രണ്ട് പൂക്കൾ ഉണ്ടാവുകയും നീണ്ട പൂത്തണ്ടിൽ നിരവധി പൂക്കൾ ഉണ്ടാവുകയും ചെയ്യുന്ന ഇനങ്ങളുണ്ട്. ഏറ്റവും പുതിയ തണ്ടുകളെ ഒന്നോ രണ്ടോ വേരുകളോടുകൂടി വേർപ്പെടുത്തി ഡെൻഡ്രോബിയം വളർത്താം.
ഓൺസീഡിയം
ഡാൻസിംഗ് ഗേൾ ഓർക്കിഡുകൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്. തടിച്ചു പരന്ന ചുവടും ചെറിയ ഇലകളുമാണ് ഇതിന്റെ പ്രത്യേകത. രോഗങ്ങൾ താരതമ്യേന കുറഞ്ഞ ഇനമാണ് ഓൺസീഡിയം.
ക്യാറ്റ്ലിയ
വലിയ പൂക്കൾ വിടരുന്ന ചെറിയ ചെടികളാണ് ക്യാറ്റ്ലിയകൾ. അനേകം നിറങ്ങളുള്ള പൂക്കളാണ്. 60 ശതമാനം സൂര്യപ്രകാശം വേണം. ഓർക്കിഡ് ചട്ടികളിൽ കെട്ടിത്തൂക്കി വളർത്തുന്നതാണ് നല്ലത്.
നടീൽ രീതി
ചട്ടികളിൽ വളർത്തുമ്പോൾ പ്രത്യേകം തയ്യാറാക്കിയ വലിയ ദ്വാരങ്ങളുള്ള ഓർക്കിഡ് ചട്ടികളാണ് ഉപയോഗിക്കേണ്ടത്. തടിക്കഷണങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ബാസ്ക്കറ്റുകളും ഇതിനായി ഉപയോഗിക്കാനാകും. ചട്ടി നിറക്കുന്നതിനായി കരിക്കട്ട, ഓടിൻ കഷ്ണം, ഇഷ്ടിക കഷ്ണം എന്നിവയാണ് ഉപയോഗിക്കേണ്ടത്. മൂന്നോ നാലോ തൊണ്ടിൻ കഷ്ണങ്ങൾ കൂടി ചട്ടിയിൽ ഇടാം. ഏറ്റവും അടിയിൽ ഒരു നിര ഓടിൻ കഷണം നിരത്തണം. അതിനുമുകളിൽ കരിക്കട്ടയും ഇഷ്ടിക കഷണങ്ങളും നിരത്തി ഇടാം. മീഡിയത്തിന്റെ മധ്യഭാഗത്ത് ചെറിയ ഒരു കമ്പ് നാട്ടി ഉറപ്പിച്ചശേഷം അതിൽ ചെടി കെട്ടി നിർത്താം ഉപ്പം വേരിനുചുറ്റും തൊണ്ടിൻ കഷണങ്ങൾ ഇട്ടു കൊടുക്കുകയും വേണം. സിംപോഡിയൽ ഇനങ്ങളിൽ വളർത്തുന്ന ചെടിയിൽ നിന്നും തൈ ഇളക്കിയെടുക്കുന്നത് ചട്ടിയിൽ തണ്ടുകൾ വളർന്നു നിറഞ്ഞശേഷം വേണം. ഇളക്കുമ്പോൾ 3 തണ്ടുകൾ ചേർത്തു വേണം ഇളക്കാൻ . ഇനി അതു പുതിയ ചട്ടിയിൽ നടാൻ ഉപയോഗിക്കാം.
വളപ്രയോഗം
മാസത്തിലൊരിക്കൽ കാലിവളപ്രയോഗം നടത്താം. പച്ചച്ചാണകവും ഉണക്കചാണകവും 1:5, 1:10, 1:15, 1:20 എന്നിങ്ങനെ വിവിധ അനുപാതത്തിൽ വെള്ളവുമായി കലർത്തി തെളിയെടുത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഒരു ലിറ്റർ ഗോമൂത്രം 20 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടിച്ചുവട്ടിൽ കുറേശ്ശെ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. തേങ്ങാവെള്ളം ഓർക്കിഡിന് പറ്റിയ വളമാണ്. ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലി തേങ്ങാവെള്ളം കലക്കി ചെടിയിൽ തളിക്കാം.10:10:10 അല്ലെങ്കിൽ 17:17:17 രാസവളമിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ചെടികൾക്ക് നൽകാം.
Discussion about this post