കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമായാണ് പൂച്ചെടിയാണ് ഓര്‍ക്കിഡ്. ഭംഗി മാത്രമല്ല വരുമാനവും കൊണ്ടുവരാന്‍ ഓര്‍ക്കിഡ് കൃഷിയിലൂടെ സാധിക്കും. കുറഞ്ഞ സ്ഥലം മതി ഓര്‍ക്കിഡ് പൂക്കള്‍ വിരിയിക്കാന്‍. പൂക്കള്‍ ഇറുത്തെടുത്താലും ദീര്‍ഘനാള്‍ വാടാതെ നില്‍ക്കും.
ഓര്‍ക്കിഡ് കൃഷി ചെയ്യുന്ന രീതി
നന്നായി വായു സഞ്ചാരം ലഭിക്കുന്നയിടം വേണം ഓര്‍ക്കിഡ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. അഴുകിയ ഇല, തൊണ്ട്, ആറ്റുമണ്ണ്, ചെറിയ കരിക്കഷ്ണം, ചെറുതായി ഉടച്ച ഓടിന്‍ കഷ്ണം എന്നിവ നന്നായി കലര്‍ത്തി ചട്ടി നിറയ്ക്കണം. ഷേഡ്‌നെറ്റിനു താഴെ വേണം വളര്‍ത്താന്‍. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ കൂടെക്കൂടെ നനച്ചു കൊടുക്കുന്നത് നല്ലതാണ്. ചെടിച്ചട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന രീതിയില്‍ ഓര്‍ക്കിഡ് നടണം. താഴ്ന്നു പോകരുത്. ചെടി പൂത്തുകഴിഞ്ഞാല്‍ ഇടയ്ക്കിടെ നനയ്ക്കുന്നത് ആവശ്യമില്ല.
വളപ്രയോഗം
പച്ചച്ചാണകവും ഉണക്കച്ചാണകവും കലര്‍ത്തിയെടുക്കുന്ന കാലിവളമാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. മാസത്തില്‍ ഒരിക്കല്‍ കാലിവള പ്രയോഗം നടത്താം. ഇത് 1:5, 1:10,1:15,1:20 എന്നിങ്ങനെ വിവിധയനുപാതത്തില്‍ വെള്ളവുമായി കലര്‍ത്തി തെളിയെടുത്ത് ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്.
കോഴിവളമാണ് മറ്റൊന്ന്. ഇത് പ്രയോഗിക്കുന്നതിനു മുന്‍പ് കോഴിവളം ചൂടുള്ള ഒരു പദാര്‍ത്ഥമായതിനാല്‍ അതുപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും നനവുണ്ടായിരിക്കണമെന്ന് ഉറപ്പ് വരുത്തണം.മൂന്ന് മാസത്തിലൊരിക്കല്‍ കോഴി വളം പ്രയോഗിക്കാവുന്നത്. തറയില്‍ വളര്‍ത്തുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് 200 ഗ്രാം കോഴിവളവും, ചട്ടിയില്‍ വളര്‍ത്തുന്നവയ്ക്ക് 20 ഗ്രാമുമാണ് നല്‍കാവുന്നത്.
പന്നിവളവും ഓര്‍ക്കിഡിന് വളരെ നല്ലതാണ്. ഒരു ഭാഗം പന്നിവളം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിന്റെ തെളിയെടുത്ത് ഓരോ ചെടിയുടെയും ചുവട്ടില്‍ അരലിറ്റര്‍ വീതം ഒഴിച്ചു കൊടുക്കുക.
Discussion about this post