ക്ഷീരകർഷകർക്ക് സബ്സിഡി സ്‌കീമുകളിൽ ഇനി അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി സമർപ്പിക്കാം. ഇതിനായുള്ള ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിനു സമർപ്പിച്ചു.
ക്ഷീരകർഷകർക്ക് അർഹമായ സേവനങ്ങളും സഹായവും അതിവേഗത്തിൽ സുതാര്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പോർട്ടൽ തയ്യാറാക്കിയതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. പാലിന്റെ ഗുണനിലവാര വർധന, ക്ഷീരസംഘങ്ങളുടെ പ്രവർത്തന ഏകീകരണം, സുതാര്യത, കാര്യക്ഷമത തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള വെബ് അധിഷ്ഠിത ഏകീകൃത സോഫ്റ്റ്വെയറിന്റെ ഭാഗമായാണു പോർട്ടൽ ആരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അപേക്ഷകൾ പോർട്ടൽ വഴി സ്വീകരിക്കും. ഒരു വർഷം 50 ലക്ഷം രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി ഒരു ഗ്രാമത്തിൽ ചെലവാക്കുന്നത്. പാൽ ഉത്പാദനത്തിൽ ഇതു വലിയ മാറ്റമുണ്ടാക്കും. ഇതിന്റെ ചുവടുപിടിച്ച് വരും വർഷങ്ങളിൽ കൂടുതൽ നൂതന പദ്ധതികൾ നടപ്പാക്കാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. പുതിയ കർഷകരെ ഈ രംഗത്തേക്കു കൊണ്ടുവരണം. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ആകർഷിക്കണം. പ്രവാസികൾ അടക്കം പലരും ഈ രംഗത്തേക്കു കടന്നുവരുന്നുണ്ട്. പാൽ ഉത്പാദനം വർധിക്കുന്നതോടെ മിച്ചംവരുന്ന പാൽപൊടിയാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഐ.എം.ജിയിലെ പത്മം ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ് കുമാർ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫിസർ പി.വി. മോഹൻകുമാർ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സി. സുജയ് കുമാർ, ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ ഗോപിനാഥ്, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ശശികുമാർ എന്നിവർ പങ്കെടുത്തു.
Discussion about this post