കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിത്തുകള്‍, തൈകള്‍,തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ കൃഷിവകുപ്പിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും, പച്ചക്കറി, പഴവര്‍ഗ, പലവ്യഞ്ജനങ്ങളുടെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു കേരളത്തിന്. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പ്രതിസന്ധി ഒരു അവസരമാക്കിയാണ് കൃഷിവകുപ്പിന്റെ ചുമതലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമിട്ടത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കാര്‍ഷിക രംഗത്ത് കഴിഞ്ഞ നാല് കൊല്ലമായി പച്ചക്കറി ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായിട്ടുള്ളതെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. 2016ല്‍ കേരളത്തിലെ പച്ചക്കറി ഉത്പാദനം ആറര ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. പ്രകൃതിദുരന്തങ്ങള്‍ അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് 2020 ആയപ്പോഴേക്കും പച്ചക്കറി ഉത്പാദനം പന്ത്രണ്ടേമുക്കാല്‍ ലക്ഷം മെട്രിക് ടണ്ണിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇത് കേരളത്തിന്റെ ചരിത്രത്തിലെ പച്ചക്കറി ഉത്പാദന രംഗത്തെ റെക്കോര്‍ഡ് മുന്നേറ്റമാണ്. പച്ചക്കറി ഉത്പാദന രംഗത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശക്തി പകര്‍ന്ന ഒരു വികസന പദ്ധതിയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി.
ഓരോ പ്രദേശത്തും ഓരോ വീടുകളിലും പ്രാദേശികമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വിഷരഹിതമായിട്ടുള്ള പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഇതിന്റെ ഭാഗമായി സ്വീകരിച്ചു. ഓരോ കുടുംബങ്ങളും അവരവര്‍ക്കാവശ്യമായിട്ടുള്ള പോഷകസമൃദ്ധമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയാണ് ജീവനി- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം. ഈ പദ്ധതിയുടെയും പ്രധാനപ്പെട്ട ഊന്നല്‍ പച്ചക്കറി ഉല്‍പ്പാദന രംഗത്തായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിച്ച് കൊണ്ട് സുഭിക്ഷ കേരളം എന്ന പരിപാടിയിലേക്ക് അത് മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 5 അഗ്രോ ഇക്കോളജിക്കല്‍ സോണുകള്‍ക്ക് പ്ര്‌ത്യേക പോഷകത്തളികയും രൂപവത്കരിച്ചിട്ടുണ്ട്.
സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്ന സമയത്ത് തന്നെ 50 ലക്ഷത്തോളം വീടുകളിലേക്ക് പച്ചക്കറി വിത്തുകളും, തൈകളും എത്തിക്കാന്‍ സാധിച്ചു. വളരെ ആവേശകരമായിട്ടാണ് കൃഷിഭവനുകള്‍ വഴിയും അല്ലാതെയും ജനങ്ങള്‍ പച്ചക്കറി വിത്തുകളും തൈകളും വാങ്ങി വീടുകളില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
Discussion about this post