തിരുവോണനാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ച് ഓണാഘോഷത്തിന് തുടക്കമായി കഴിഞ്ഞു. അത്തം തുടങ്ങിയതോടെ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങളും നിറഞ്ഞു. പറമ്പിലും തൊടിയിലും നടന്നു പൂ പറിച്ചിരുന്ന കാലത്ത് നിന്ന് ഇന്ന് ഒരുപാട് മാറ്റമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഈ കാഴ്ച ഇന്നും അത്ര വിരളമല്ല. പണ്ടൊക്കെ ഓണപ്പൂക്കളങ്ങളില്‍ നിര്‍ബന്ധമായി കണ്ടുവന്നിരുന്ന ചില പൂക്കളുണ്ട്. ഇന്ന് ഇലകള്‍ വരെ പൂക്കളത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍ പുതുതലമുറയും അറിഞ്ഞിരിക്കണം ഏതായിരുന്നു പൂക്കളങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ പൂക്കളെന്ന്. ഓരോ പൂക്കളെയായി നമുക്ക് പരിചയപ്പെടാം.
തുളസി
ഔഷധഗുണം കൊണ്ടുമാത്രമല്ല, ആകര്‍ഷകമായ പച്ചനിറം കൊണ്ടും തുളസി ഒരു സവിശേഷ സസ്യമാണ്. തുമ്പയും തുളസിയും ചേര്‍ന്നാല്‍ തന്നെ അത്തപ്പൂക്കളം ആകര്‍ഷകമാകും. അത്തം തുടങ്ങി രണ്ടാം ദിനം, അതായത് ചിത്തിരയുടെ അന്ന് തുമ്പപ്പൂവിനൊപ്പം തുളസി കൂടിവെക്കും. അത്തം, ചിത്തിര, ചോതി നാളുകളില്‍ തുമ്പയും തുളസിയും മാത്രമാണ് പണ്ടൊക്കെ വെച്ചിരുന്നത്. വിശുദ്ധിയുടെ പര്യായമായാണ് തുളസിയെ കാണുന്നത്. പലതരം തുളസിയുണ്ടെങ്കിലും രാമതുളസി, കൃഷ്ണതുളസി എന്നിവയാണ് പ്രധാനം. ഇതില്‍ ഇലകള്‍ക്ക് കറുപ്പുനിറം കൂടുതലുള്ള കൃഷ്ണതുളസിയ്ക്കാണ് ഓണപ്പൂക്കളത്തില്‍ പ്രധാന സ്ഥാനമുള്ളത്.
Discussion about this post