ഒലിവ് മരങ്ങളെ കണ്ടിട്ടില്ലെങ്കിലും കേൾക്കാത്തവരായി ആരുമുണ്ടാവില്ല. “ഒലിവ്” എന്ന പേര് തന്നെ എന്തോ പ്രത്യേകതയുള്ളതായി തോന്നും. കേൾക്കുവാൻ സുഖമുള്ളൊരു പേര്. ഒലിയ യൂറോപ്പിയ എന്നാണ് ഒലിവിന്റെ ശാസ്ത്രനാമം. പേര് പോലെതന്നെ യൂറോപ്പ് ആണ് ജന്മദേശം. ഒലിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ഒലിവിന്റെ പേരിൽ നിന്നാണ് കുടുംബപ്പേരും വന്നിരിക്കുന്നത്. നമ്മുടെ മുല്ലയൊക്കെ ഈ കുടുംബത്തിലെ അംഗമാണ്.
നിത്യഹരിത വൃക്ഷമാണ് ഒലിവ്. എട്ടു മുതൽ പതിനഞ്ച് മീറ്റർ വരെ ഉയരം വയ്ക്കും. തിളങ്ങുന്ന പച്ച നിറമുള്ള ഇലകൾ. വെളുത്ത നിറത്തിലുള്ള ചെറിയ പൂക്കൾ. ഒലിവ് മരത്തിന്റെ പഴങ്ങൾക്കും “ഒലിവ്” എന്ന് തന്നെയാണ് പേര്.
ഒത്തിരി കാർഷിക പ്രാധാന്യമുള്ള മരമാണ് ഒലിവ്. അതുകൊണ്ടുതന്നെ ഇവയുടെ ഒത്തിരി ഇനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒലിവ് ഓയിലിന്റെ ഗുണമേന്മയും ഇനങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.
പല ഭക്ഷണപദാർത്ഥങ്ങളിലും ചേരുവയായി ഒലിവ് ഓയിൽ ഉപയോഗിക്കാറുണ്ട്. വൈൻ ഉണ്ടാക്കുവാനും ഒലിവ് ഉപയോഗിക്കുന്നു. ഒലിവു മരത്തിന്റെ തടിയും വാണിജ്യ പ്രാധാന്യമുള്ള ഒന്നാണ്. അലങ്കാര വൃക്ഷമായും ഒലിവ് ഉപയോഗിക്കാറുണ്ട്.
മതപരമായ പല ആചാരങ്ങളിലും ഒലിവിന് പ്രാധാന്യമുണ്ട്. ചില മത വിശ്വാസപ്രകാരം ഒലിവ് ഓയിൽ ഒരു വിശുദ്ധ വസ്തുവാണ്. അധികാരത്തിന്റെയും അറിവിന്റെയും ഫലഭൂയിഷ്ടിയുടെയും പ്രതീകമായിട്ടാണ് ഒലിവിനെ കാണുന്നത്.
Discussion about this post