ഇന്ത്യന്‍ മള്‍ബറി,ബീച്ച് മള്‍ബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിന്‍ഡ തുടങ്ങി വ്യത്യസ്ത പേരുകളില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ചെടിയാണ് നോനി. മൊറിന്‍ഡ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നോനി ഒരു ഔഷധസസ്യമാണ്. തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള ഭാഗങ്ങളാണ് ഇതിന്റെ ജന്മദേശം. വിശപ്പിന്റെ ഫലം എന്നൊ വിളിപ്പേരും നോനിക്കുണ്ട്.
വനപ്രദേശങ്ങളിലും മണല്‍-പാറ തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നോനി. സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലത്ത് വേണം കൃഷി ചെയ്യേണ്ടത്. പതിനെട്ടു മാസംകൊണ്ട് വളര്‍ച്ചപ്രാപിക്കുന്ന നോനി വര്‍ഷത്തില്‍ എല്ലാമാസത്തിലും 4 മുതല്‍ 8 കിലോഗ്രാം വരെ ഫലം പ്രദാനം ചെയ്യുന്നു. ലവണാംശമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും.
ചവര്‍പ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കുന്നുതെക്കുകിഴക്കന്‍ ഏഷ്യക്കാരും ഓസ്‌ട്രേലിയന്‍ ആദിമനിവാസികളും പാകം ചെയ്യാതെ ഉപ്പ് ചേര്‍ത്തും കറികളില്‍ വേവിച്ചും കഴിക്കാറുണ്ട്. . പസഫികിലെ ചില ദ്വീപുകളില്‍ പാകം ചെയ്തും അല്ലാതെയുമുള്ള പ്രധാന ധാന്യമായും ഇതു ഉപയോഗത്തിലുണ്ട്. ഫലവിത്തുകള്‍ വറുത്ത് ഭക്ഷിക്കാവുന്നതാണ്. നോനിപ്പഴത്തിന്റെ ചാറ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിക്കപ്പടുന്നു.
കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലാണ് നോനി കൃഷി ചെയ്യുന്നത്. ആറാംമാസം മുതല്‍ കായ്ച്ചുതുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതല്‍ 40 വര്‍ഷം വരെ ചെടികള്‍ക്ക് ആയുസ്സുണ്ട്. നോനിയുടെ രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു അതിന്റെ വാണിജ്യ സാധ്യതയ്ക്ക് തടസമായിരുന്നത്. എന്നാലിപ്പോള്‍ രുചികരമായ പൊടി രൂപത്തിലും ഗുളിക, ജ്യൂസ് എന്നിവയാക്കിയും അമേരിക്കന്‍ വിപണിയില്‍ നോനി സുലഭമാണ്. കൂടാതെ സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാര്‍ധക്യ നിയന്ത്രണ പാനീയങ്ങള്‍, ചായ എന്നിവയുടെ നിര്‍മ്മാണത്തിനും നോനി ഉപയോഗിക്കുന്നു. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയാല്‍ നോനിയുടെ കൃഷി ലാഭകരമാക്കാം.
Discussion about this post