‘ഞാറ്റില്‍ പിഴച്ചാല്‍ ചോറില്‍ പിഴയ്ക്കും’ എന്നൊരു പഴമൊഴിയുണ്ടായിരുന്നു.കാലാവസ്ഥയും കാറ്റിന്റെ ഗതിയും നോക്കിയാണ് കൃഷി ഇറക്കേണ്ടതെന്ന്‍ പഴമക്കാര്‍ക്ക് അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ഈ പഴമൊഴി. കാര്‍ഷിക കലണ്ടറുകളില്‍ ഞാറ്റുവേലയ്ക്ക് പ്രാധാന്യമേറെയാണ്.ഓരോ കാലയളവിലും ഏതൊക്കെ കൃഷിക്ക് മുന്‍ഗണന നല്‍കണമെന്ന് മനസിലാക്കാന്‍ കൂടിയാണ് ഞാറ്റുവേലകള്‍ ആഘോഷിക്കുന്നത്.
ഓരോ ഞാറ്റുവേലകളുടെ പ്രത്യകതയും അതില്‍ സ്വികരിക്കേണ്ട കാര്‍ഷിക മുറകളും സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രഞാറ്റുവേല കലണ്ടര്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടാതെ കാര്‍ഷികമേഖലയെ പിന്തുണയ്ക്കാനായി ഞാറ്റുവേല ആരംഭ ദിനമായ ഇന്ന് സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ വിതരണവും നാളികേര വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍ തൈ വിതരണവും നടക്കും. ഞാറ്റുവേല ചന്തയുടെ ഭാഗമായി ഇന്ന് രാവിലെ 10മണിക്കാകും പരിപാടികള്‍ നടക്കുക. ജൂലൈ 4 വരെ നിണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങിന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും.
മലയാളത്തില്‍ 27 ഞാറ്റുവേലകളാണുള്ളത്. നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഞാറ്റുവേലകളില്‍ പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. അതായത് ഇന്ന് രാത്രി 11:18ന് ആരംഭിക്കുന്ന തിരുവാതിര ഞാറ്റുവേലയ്ക്ക്. മറ്റ് ഞാറ്റുവേലകളില്‍ നിന്ന് വ്യത്യസ്തമായി പതിനഞ്ച് പൂര്‍ണ ദിവസങ്ങളിലായാണ് ഈ ഞാറ്റുവേല ആഘോഷിക്കുക.
രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാന്‍ സൂര്യന് വേണ്ട കാലയളവാണ് ഞാറ്റുവേല.അതില്‍ പ്രധാനമായ തിരുവാതിര ഞാറ്റുവേലയാണ് ഇന്ന് പിറക്കുക. സൂര്യന്‍ ഏത് നക്ഷത്രത്തിന്റെ കൂടെ നില്‍ക്കുന്നുവോ അതനുസരിച്ചാണ് ഞാറ്റുവേല നിശ്ചയിക്കപ്പെടുന്നത്. സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നിന്ന് മറ്റൊരു നക്ഷത്രത്തിലേക്ക് മാറുന്നതിനെ ഞാറ്റുവേല പകര്ച്ച എന്ന് വിളിക്കുന്നു.
‘ഇടവപ്പാതി തെങ്ങിന്‍തടത്തില്‍ പെയ്യുമ്പോള്‍ തുലാമഴ തടത്തിനു പുറത്ത് പെയ്യണം’ എന്നത് കര്‍ഷകര്‍ക്ക് അറിയാമായിരുന്നു. തിരുവാതിരയില്‍ തിരുമുറിയാതെ വാട്ടലും പിഴിച്ചിലും മുഖ്യം എന്നൊരു പറച്ചിലും ഉണ്ടായിരുന്നു.
തിരുവാതിരയില്‍ വിരലൊടിച്ചു കുത്തിയാലും മുളയ്ക്കും എന്നാണ് ചൊല്ല്. കൊമ്പ് കുത്തിപിടിക്കുന്ന ഏത് ചെടിയും തിരുവാതിരയില്‍ നടാം എന്നര്ഥം. കുരുമുളക് വള്ളികള്‍ നട്ട് പിടിപ്പിക്കാന്‍ പറ്റിയ കാലമാണിത്. ഔഷധസസ്യങ്ങള്‍,ഫലവൃക്ഷങ്ങള്‍,കാട്ടുമരങ്ങള്‍,കിഴങ്ങുവര്‍ഗങ്ങള്‍ ഒക്കെ നടാന്‍ ഉത്തമമായ സമയം കൂടിയാണിത്. വിരിപ്പുനിലങ്ങളില്‍ ഒറ്റപൂവായി കൃഷി ചെയ്യുന്ന വിത്തിനങ്ങളാണ് ഈ ഞാറ്റുവേലയില്‍ ഞാറിടുക.
ഞാറ്റുവേല അനുസരിച്ച് കൃഷി ചെയ്തിരുന്ന കാലത്ത് മണ്ണില്‍ പൊന്ന്‍ വിളഞ്ഞിരുന്നു. മണ്ണറിഞ്ഞും കാലാവസ്ഥ അറിഞ്ഞും കൃഷി ഇറക്കാം എന്ന അറിവായിരുന്നു ഇതിനു പിന്നില്‍.എന്നാല്‍ ഇന്ന് കാര്‍ഷികകേരളം ആകെ മാറിയിരിക്കുന്നു. പഴയ കാര്‍ഷിക കേരളത്തിനെ തിരിച്ചു കൊണ്ട് വരാന്‍ നമ്മള്‍ ഒന്നിച്ചു നിന്നാല്‍ കഴിയും. തിരുവാതിര ഞാറ്റുവേലയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനു ഒപ്പം ഞാറ്റുവേല ചന്തകളും വിജയിപ്പിക്കേണ്ടതുണ്ട്. പണ്ട് കുരുമുളക് കടത്തിയ പറങ്കികളെ കുറിച്ച് സാമൂതിരി പറഞ്ഞതുപോലെ ‘തിരുവാതിര ഞാറ്റുവേല ആര്‍ക്കും കൊണ്ടുപോകാനാകില്ലലോ’.
കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കുന്ന തിരുവാതിര ഞാറ്റുവേലയ്ക്ക് സ്വാഗതം.
Discussion about this post