തൊടിയിലും പറമ്പിലും സാധാരണയായി കണ്ടുവരുന്ന അക്യാന്തേസിയെ സസ്യ കുടുംബത്തിൽപെട്ട ഔഷധ ചെടിയാണ് നിലകാഞ്ഞിരം അഥവാ കിരിയാത്ത്. വേപ്പിലയോടുള്ള സാദൃശ്യത്താൽ ചില സ്ഥലങ്ങളിൽ ഇത് നിലവേപ്പ് എന്നും അറിയപ്പെടുന്നു. കാഞ്ഞിരത്തിന്റെ കയ്പ്പുള്ളതുകൊണ്ടാണ് ‘നിലകാഞ്ഞിരം’ എന്ന പേര് ഈ സസ്യത്തിന് ലഭിച്ചത്. ആൻഡ്രോഗ്രാഫിസ് പാനിക്കുലേറ്റാ എന്നാണ് ശാസ്ത്രനാമം. മാർച്ച്-ഡിസംബർ മാസങ്ങളിലാണ് നിലകാഞ്ഞിരം പൂവിടുന്നത്. അരമീറ്റർ ഉയരത്തിൽ ഇടതൂർന്ന ശാഖകളായി പടർന്നു വളരുന്ന ഈ ചെടിയിൽ വെളുത്ത നിറമുള്ള പൂവുകളാണ് ഉണ്ടാകുന്നത്. ഏതു തരത്തിലുള്ള മണ്ണും ഇതിനു അനുയോജ്യമാണ്. വിത്ത് വഴിയാണ് ഇവയുടെ പ്രത്യുല്പാദനം. ആയുർവേദത്തിൽ ഏകദേശം ഇരുപത്തിയാറോളം ഔഷധ കൂട്ടുകളിൽ ഈ ചെടി ഉപയോഗിക്കുന്നുണ്ട്.
നിലകാഞ്ഞിരത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് ഒത്തിരി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ ഇല വെറും വയറ്റിൽ കഴിക്കുന്നത് ജീവിതശൈലി രോഗമായ പ്രമേഹം കുറക്കുന്നതിന് ഉത്തമമാണെന്ന് പഠനങ്ങളിൽ പറയുന്നു. ഇവയുടെ ഇലകളും വേരുകളും ഔഷധ നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. പനി, മഞ്ഞപ്പിത്തം, മലമ്പനി, ക്ഷീണം, കരൾ രോഗങ്ങൾ എന്നിവ തടയുന്നതിനും ഇത് അത്യുത്തമമാണ്. വീടുകളിൽ പച്ചക്കറി തോട്ടത്തിൽ നിലകാഞ്ഞിരത്തിന്റെ ഒന്നോ രണ്ടോ ചെടികൾ നടുന്നത് കീടശല്യം കുറയ്ക്കും. ടെർപിനോയ്ഡ്സ്, ഫ്‌ളവനോയ്‌ഡ്‌സ്, പോളിഫിനോൾ എന്നീ ധതുക്കളാൽ സമ്പന്നമാണ് ഈ ഔഷധ സസ്യം. ഇതിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുള്ള ആൻഡ്രോഗ്രഫോലിഡ് എന്ന കെമിക്കൽ കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതായി ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
Discussion about this post