പയറുവര്‍ഗ്ഗങ്ങളുള്‍പ്പെടുന്ന ഫാബേസിയെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധച്ചെടി ആണ് നീലഅമരി. ഇന്‍ഡിഗോഫെറ ടിന്‍ക്ടോറിയ എന്നാണ് ശാസ്ത്രനാമം. ഉഷ്ണ – മിതോഷ്ണ പ്രദേശങ്ങളിലാണ് വളരുന്നത്. ഒന്നോ രണ്ടോ മീറ്റര്‍ മാത്രം വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. എന്നാല്‍ ഗുണത്തിന്റെ കാര്യത്തില്‍ നീലഅമരി ചില്ലറക്കാരിയല്ല.
പുളിയിലയോട് സാദൃശ്യമുള്ള എന്നാല്‍ അല്‍പ്പംകൂടി വലിപ്പമുള്ള ഇലകളാണ് നീല അമരിയുടേത്. പിങ്ക് നിറത്തിലുള്ള പൂക്കളാണ്. പയറു പോലെയുള്ള കായ്കളുള്ള നീലഅമരിയെ നീലി എന്നും വിളിക്കാറുണ്ട്.
വസ്ത്രങ്ങള്‍ക്ക് നിറം പിടിപ്പിക്കാനുള്ള പ്രകൃതിദത്തമായ ഇന്‍ഡിഗോ നിറം നീല അമരിയില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന നീലിഭൃംഗാദി പോലെയുള്ള എണ്ണകളുടെ പ്രധാന ചേരുവയാണ് നീല അമരി. രാസപദാര്‍ത്ഥങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയര്‍ഡൈ ആണ് നീല അമരിപ്പൊടി. ഇലകള്‍ തണലത്ത് ഉണക്കിപ്പൊടിച്ചാണ് നീല അമരി പൊടി നിര്‍മ്മിക്കുന്നത്. മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവയോടൊപ്പം മുടി വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഹെയര്‍ പാക്ക് ആയും നീലഅമരി ഉപയോഗിക്കാറുണ്ട്. വിഷചികിത്സയ്ക്കും ചര്‍മ രോഗത്തിനും അപസ്മാരത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും മുറിവിനുമെല്ലാം ഉപയോഗിക്കുന്ന ഔഷധച്ചെടികൂടിയാണിത്.
വിത്ത് മുളപ്പിച്ചും തണ്ട് നട്ടും നീലഅമരി എളുപ്പത്തില്‍ വളര്‍ത്താം. ചട്ടിയിലും ഗ്രോബാഗിലുമെല്ലാം ഈ ചെടി വളര്‍ത്താനാകും. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളാണ് വിതയ്ക്കാന്‍ പറ്റിയ സമയം. വിതച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ചെടികള്‍ പുഷ്പിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി പൂക്കുന്നതിനുമുന്‍പ് ചെടികള്‍ വെട്ടി ഉപയോഗിക്കാം.
Discussion about this post