ചെടികളെ ആക്രമിക്കുന്ന പലതരം പുഴുക്കള്‍ക്കും വണ്ടുകള്‍ക്കും എതിരെ ഫലപ്രദമാണ് വേപ്പധിഷ്ഠിതമായ ജൈവകീടനാശിനികള്‍. ഇലചുരുട്ടിപ്പുഴു, ഇല തീനിപുഴു, കായ് തുരപ്പന്‍ തണ്ടുതുരപ്പന്‍ പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവയ്‌ക്കെതിരെ ഇത് ഉപയോഗിക്കാം. പലതരത്തിലുള്ള വേപ്പധിഷ്ഠിത കീടനാശിനികള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് നോക്കാം.
5% വീര്യമുള്ള വേപ്പില സത്ത്
50 ഗ്രാം വേപ്പില മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഈ പേസ്റ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് രണ്ടു ദിവസം സൂക്ഷിക്കുക. ശേഷം ലായിനി അരിച്ചെടുത്ത് സ്‌പ്രേ ചെയ്യാം.
ചീരയിലെ ഇലതീനിപ്പുഴുക്കള്‍ക്കും ഇലചുരുട്ടിപ്പുഴുക്കള്‍ക്കും പച്ചക്കറിയിലെ മുഞ്ഞയ്ക്കുമെതിരെ ഫലപ്രദമാണ്.
5% വീര്യമുള്ള വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരു പൊടിച്ചെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി അര ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കി വെക്കുക. ശേഷം കീഴിയില്‍ നിന്ന് നീരൂറ്റിയെടുക്കുക. അര ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം സോപ്പ് ലയിപ്പിച്ച ലായനി ഇതിലേക്കു ചേര്‍ക്കണം. ഈ മിശ്രിതം നന്നായി ഇളക്കി ചെടികളില്‍ സ്‌പ്രേ ചെയ്യാം.
മുഞ്ഞ, കായ്തുരപ്പന്‍പുഴുക്കള്‍, തണ്ടുതുരപ്പന്‍പുഴുക്കള്‍, ചിത്ര കീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണ്.
2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം.
50 ഗ്രാം ബാര്‍സോപ്പ് 500ml ഇളം ചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കണം. 200 ഗ്രാം വെളുത്തുള്ളിയുടെ അല്ലികള്‍ 300 ഗ്രാം വെള്ളവുമായി ചേര്‍ത്തരച്ച് അരിച്ചെടുക്കണം. 500 ml സോപ്പുലായനി 200ml വേപ്പെണ്ണയിലേക്ക് പതിയെ ഒഴിക്കണം. ഒഴിക്കുന്നതിനൊപ്പം ഇളക്കി കൊടുക്കാന്‍ ശ്രദ്ധിക്കണം. ഈ മിശ്രിതത്തിലേക്ക് നേരത്തെ തയ്യാറാക്കി വച്ച വെളുത്തുള്ളിയുടെ നീര് ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേയ്ക്ക് 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കിയാല്‍ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കും. ഇത് ചെടികളില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്.
പയറിലെ മുഞ്ഞ, എപ്പിലാക്‌ന വണ്ടുകള്‍, ചിത്രകീടങ്ങള്‍, പച്ചക്കറിയിലെ മണ്ഡരി, വെള്ളീച്ച എന്നിവയ്‌ക്കെതിരെ ഫലപ്രദമാണ്.
Discussion about this post