പയറു ചെടിയുടെ ബന്ധുവാണെങ്കിലും ആളത്ര ചില്ലറക്കാരനല്ല. തൊട്ടാൽ തൊടുന്നയാൾ ചൊറിഞ്ഞില്ലാതാകും വിധം ഭീകരനാണിവൻ. മുകുന പ്രുറിയെൻസ് എന്നാണ് ശാസ്ത്രനാമം. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗം. ആഫ്രിക്കയും ഏഷ്യയുമാണ് ജന്മദേശം.
വള്ളിച്ചെടിയാണ് നായ്ക്കുരണം. ഒരു വർഷമാണ് ഇവയുടെ ജീവിതചക്രം. തിളങ്ങുന്ന കറുപ്പ് കലർന്ന കാപ്പി നിറത്തിലുള്ള വിത്തുകളാണ് ഇവയ്ക്ക്. നായ്ക്കുരണത്തിലുള്ള മുകുന്യിൻ എന്ന പ്രോട്ടീനാണ് ചൊറിച്ചിൽ ഉണ്ടാകുവാനുള്ള കാരണം. മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുവാനുള്ള കഴിവുണ്ട് നായ്ക്കുരണത്തിന് . അങ്ങനെ മണ്ണിന്റെ വളക്കൂറും കൂട്ടുന്നു.
ഇവയുടെ തണ്ടുകൾ ഭക്ഷ്യയോഗ്യമാണ്. പാചകം ചെയ്തു കഴിക്കണമെന്ന് മാത്രം. ആയുർവേദത്തിലും യൂനാനിയിലും ഔഷധക്കൂട്ടുകളിൽ ഇവ ഉപയോഗിക്കുന്നു. ലൈംഗിക രോഗങ്ങൾക്കുള്ള പ്രതിവിധിയായും നായ്ക്കുരണ ഉപയോഗിക്കുന്നു. ലൈംഗിക ഉത്തേജകമായും (ആഫ്രോഡിസിയാക്) ഇവ ഉപയോഗിക്കുന്നുണ്ട്. പാമ്പ് വിഷത്തിനെതിരായും ഉപയോഗിക്കുന്നു. നായ്ക്കുരുണത്തിലുള്ള ചില ഘടകങ്ങൾ പാർക്കിൻസൺസ് രോഗത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നുണ്ട്.
Discussion about this post