ഗാർഡനുകളിൽ സ്ഥിരാംഗത്വം എടുത്തിരിക്കുന്ന ആളാണ് നന്ത്യാർവട്ടം. പമ്പരം പോലെ 5 ഇതളുകളുള്ള വെളുത്ത പൂക്കൾ. തിങ്ങിനിറഞ്ഞ് പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. ടാബർനെമൊണ്ടാന ഡൈവേരിക്കേറ്റ എന്നാണ് ശാസ്ത്രനാമം. അപ്പോസയനേസിയെ കുടുംബത്തിലെ അംഗമാണ്.
അപ്പോസയനേസിയെ കുടുംബത്തിലെ ചെടികൾക്ക് ഒരു പ്രത്യേകതയുണ്ട്. അവയുടെ ഇലകളോ തണ്ടോ പറിച്ചു കഴിഞ്ഞാൽ അവിടെ നിന്ന് പാല് പോലെയുള്ള വെളുത്ത ദ്രാവകം പുറത്തുവരും. അതുകൊണ്ട് ഈ കുടുംബത്തെ മിൽക്ക് വീഡ് ഫാമിലി എന്നും വിളിക്കാറുണ്ട്. നന്ത്യാർവട്ടത്തിന്റെ ഇലകൾ പറിച്ചു നോക്കിയാലും നമുക്ക് ഈ ദ്രാവകം കാണുവാൻ സാധിക്കും.
1.5 മുതൽ 2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടികളാണ് ഇവ. ചെറിയ തിളക്കമുള്ള കടും പച്ച നിറത്തിലുള്ള ഇലകൾ. നല്ല ഗന്ധമാണ് ഇവയുടെ പൂക്കൾക്ക്. 66 ൽ കൂടുതൽ ആൽക്കലോയിഡുകൾ ഈ ചെടിയിൽനിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ടാബർസോണിൻ, ഡ്രിഗാമിൻ, കൊറോനാരിഡിൻ, ക്യാത്തറാന്തിൻ, വോയക്രിസ്റ്റിൻ, എന്നിവ അവയിൽ ചിലതാണ്. ഒത്തിരി ഔഷധഗുണങ്ങളുള്ള ചെടിയാണ് നന്ത്യാർവട്ടം. ഇവയിലുള്ള ഘടകങ്ങളെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
Discussion about this post