പൂന്തോട്ടങ്ങളിലെല്ലാം തന്നെ വളരെ സാധാരണമാണ് നാലുമണിച്ചെടി. വൈകുന്നേരം നാലുമണിക്ക് ശേഷമാണ് ഇവയുടെ പൂക്കൾ വിരിയുന്നത്. അതുകൊണ്ടാണ് നാലുമണിച്ചെടി എന്ന പേര്. മിറാബിലിസ് ജലാപ്പ എന്നാണ് ശാസ്ത്രനാമം. അമേരിക്കയാണ് ജന്മദേശമെങ്കിലും ഏഷ്യയിൽ എല്ലായിടത്തും ഇവരെ ഇപ്പോൾ കാണാം. അലങ്കാരത്തിനായി ഇവിടേക്ക് കൊണ്ടുവന്നതാണ് ഇവരെ.
കുറ്റിച്ചെടിയാണ് നാലുമണിച്ചെടി. ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരം വയ്ക്കും. ഒരു വിത്താണ് ഓരോ പൂവിലും ഉണ്ടാവുക. ചുളുങ്ങിയ പ്രതലമുള്ള കറുത്ത നിറത്തിലുള്ള വിത്തുകൾ. നാലു മണിയുടെ വിത്തുകൾ പൊട്ടിച്ച് അതിനുള്ളിലെ വെളുത്ത പൊടി വെള്ളത്തിൽ ചാലിച്ച് പൊട്ട് തൊട്ടത് ചിലരുടെയെങ്കിലും കുട്ടിക്കാലത്തെ നല്ല ഓർമ്മകളിൽ ഒന്നായിരിക്കും.
നാലുമണിയിൽ ഒരു ചെടിയിൽ തന്നെ ഒത്തിരി നിറത്തിലുള്ള പൂക്കൾ കാണുവാൻ സാധിക്കും. അതുപോലെതന്നെ ഒരു പൂവിൽ പല നിറങ്ങളും കാണുവാൻ കഴിയും. ഒരു പൂങ്കുലയിൽ 3 മുതൽ 7 വരെ പൂക്കൾ ഉണ്ടാകും . നല്ല സുഗന്ധമാണ് ഇവയുടെ പൂക്കൾക്ക്. രാത്രി മുഴുവൻ അത് നീണ്ടുനിൽക്കുകയും ചെയ്യും. പൂമ്പാറ്റകളെ ആകർഷിക്കുനതിനാണ് ഇത്രയും സുഗന്ധം പൂക്കൾക്ക് നൽകിയിരിക്കുന്നത്. സ്വയം പരാഗണം ചെയ്യുവാനുള്ള കഴിവും ഇവയ്ക്കുണ്ട്.
ഗാർഡനുകളിൽ വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചെടിയാണ് ഇവ. വെയിലും തണലുമൊന്നും ഒരു പ്രശ്നമേയല്ല ഇവർക്ക്. നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണെങ്കിൽ പെട്ടെന്ന് തന്നെ ഇവ പടർന്നുപിടിക്കും.
ഇതൊക്കെയാണ് നാലു മണിയുടെ കഥ… ഇനി കുറച്ച് കാര്യം പറഞ്ഞാലോ? ജനിതക ശാസ്ത്രത്തിൽ ഒത്തിരി പ്രാധാന്യമുണ്ട് നാലുമണിച്ചെടിക്ക്. ആയിരത്തിതൊള്ളായിരത്തിൽ കാൾ കോരൻസ് എന്ന ശാസ്ത്രജ്ഞൻ ഇവയിൽ നടത്തിയ പരീക്ഷണങ്ങൾ ജനിതക ശാസ്ത്രത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. നാലു മണിയുടെ ചുവന്ന നിറത്തിലുള്ള പൂക്കളെ വെളുത്ത നിറത്തിലുള്ള പൂക്കളുമായി ഹൈബ്രിഡൈസ് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് പിങ്ക് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നത് എന്നതിന്റെ കാരണമാണ് അദ്ദേഹം കണ്ടുപിടിച്ചത്. ‘സൈറ്റോപ്ലാസ്മിക് ഇൻഹെറിറ്റൻസ്’ എന്ന പ്രതിഭാസം കണ്ടുപിടിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത് നാലുമണിച്ചെടിയുടെ പൂക്കളുടെ പ്രത്യേകതയാണ്.
Discussion about this post