ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽചെവിയൻ. ശാസ്ത്രനാമം എമിലിയ സോഞ്ചിഫോളിയ. തൊടിയിലും പറമ്പിലും വളരെ സാധാരണയായി കണ്ടുവരുന്ന ചെടികളാണ് ഇവ. നിലം പറ്റി വളരുന്ന ഇവയിൽ നീലയും വെള്ളയും കലർന്ന നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. ഇവയുടെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതുകൊണ്ടാകാം മുയൽ ചെവിയൻ എന്ന പേര് വന്നത്. ദശപുഷ്പങ്ങളിൽ ഒന്നായതുകൊണ്ടുതന്നെ ഹൈന്ദവ പൂജകളിൽ വളരെ പ്രാധാന്യമുള്ള ഇവയുടെ ദേവതാസങ്കല്പം പരമശിവൻ ആണെന്ന് ചിലയിടങ്ങളിൽ കാണുന്നു.
ഒത്തിരി ഫ്‌ളവനോയിഡുകൾ ഈ ചെടിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഈ ഫ്‌ളവനോയിഡുകളാണ് ഇവക്ക് ആന്റിഓക്സിഡന്റ് കഴിവുകൾ നൽകുന്നത്. അതുപോലെതന്നെ ഇവയിൽ അടങ്ങിയിട്ടുള്ള പൈറോലിസിഡിൻ എന്ന ആൽക്കലോയ്ഡ് കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്.
ഔഷധഗുണങ്ങൾ
ഇതിന്റെ നീര് പനിക്കുള്ള നല്ലൊരു മരുന്നാണ്. ഇത് ചതച്ചു പിഴിഞ്ഞെടുത്ത നീര് നിറുകയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനം ലഭിക്കും. മൈഗ്രേൻ പ്രശ്നത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഇലയും ഉപ്പും ചേർത്ത് അരച്ചു പിഴിഞ്ഞെടുത്ത നീര് ടോൺസിലൈറ്റിസിന് ശമനം നൽകും. കണ്ണിനു കുളിർമ ലഭിക്കുന്നതിനും നേത്രരോഗങ്ങൾക്കും ഇവയുടെ നീര് വളരെ ഫലപ്രദമാണ്. ഉദര സംബന്ധമായ അസുഖങ്ങൾക്കും ദഹനത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്. പൈൽസിനും ബ്ലീഡിങ്ങിനും ഉള്ള നല്ലൊരു ഔഷധമാണ് മുയൽചെവിയൻ.
Discussion about this post