പയർ വർഗ്ഗത്തിലെ ഒരംഗമായ മുതിര പോഷകങ്ങളുടെ കലവറയാണ് . ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. . കുതിരയുടെ ഭക്ഷണമായി അറിയപ്പെടുന്ന മുതിരയെ ഇംഗ്ലീഷിൽ ഹോഴ്സ് ഗ്രാം എന്ന് വിളിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനു മുകളിലുള്ള പ്രദേശത്ത് വളരുന്ന വിളയാണിത്. കൊഴുപ്പ് തീരെ കുറഞ്ഞ മുതിരയിൽ ഉയർന്ന അളവിൽ ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.
ഒന്നര മീറ്റർ വരെ പൊക്കത്തിൽ പടർന്നുവളരുന്ന ഏകവർഷിയായ സസ്യമാണ് മുതിര. തണ്ടുകൾ രോമാവൃതമായതാണ്. ഇലകൾക്ക് മൂന്ന് ഇതളുകൾ ഉണ്ടായിരിക്കും. മഞ്ഞ നിറത്തിലുള്ള പൂക്കളടങ്ങിയ പൂങ്കുലകളാണ് മുതിരയുടേത്. കായകൾ നീണ്ടുവളഞ്ഞതും രോമാവൃതവും പാകമാകുമ്പോൾ രണ്ടായി പൊട്ടുന്നതുമായിരിക്കും. ഒരു കായയിൽ 5-6 വിത്തുകൾ വരെ ഉണ്ടാകും . വിത്തുകൾ ക്രീം മഞ്ഞ എന്നീ നിറങ്ങളോടുകൂടിയതും പരന്നതുമാണ്. വിത്തുകൾ പഴകും തോറും നിറവ്യത്യാസം വന്നുകൊണ്ടിരിക്കുന്നു എന്നതും മുതിരയുടെ ഒരു പ്രത്യേകതയാണ്.വിത്തിൽ ആൾബുമിനോയിഡുകൾ. സ്റ്റാർച്ച്, എണ്ണ, ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്, വേര് എന്നിവ ഔഷധയോഗ്യമായ ഭാഗങ്ങളാണ്.
Co- 1 , പട്ടാമ്പി ലോക്കൽ, എ കെ -21, എ കെ -42 എന്നിവ പ്രധാന ഇനങ്ങളാണ്. സാധാരണയായി സെപ്റ്റംബർ -ഒക്ടോബർ മാസത്തിലാണ് മുതിര കൃഷിചെയ്യുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും കൃഷി ചെയ്യാം. വിത്ത് വിതയ്ക്കുകയോ 25 സെന്റിമീറ്റർ അകലത്തിൽ വരിവരിയായി നുരിയിടുകയോ ചെയ്യാം. സെന്റിന് 2 കിലോ എന്ന തോതിൽ കുമ്മായം ചേർത്ത് രണ്ടാഴ്ചക്ക് ശേഷം ഒരു സെന്റിന് 80 കിലോ എന്ന തോതിൽ കാലിവളം അടിവളമായി ചേർക്കാം. അടിവളമായി സെന്റിന് 555ഗ്രാം റോക്ക് ഫോസ്‌ഫേറ്റും നൽകാം. കൃത്യമായി നന നൽകാൻ ശ്രദ്ധിക്കണം. 100 മുതൽ 110 ദിവസത്തിനുള്ളിൽ വിളവെടുക്കാം.
Discussion about this post