ഇന്നത്തെ കാലത്ത് ഒട്ടു മിക്ക വീടുകളുടെയും അകത്തളത്തെ ആകർഷണീയമാക്കുവാൻ അലങ്കാരച്ചെടികൾ ഉപയോഗപ്പെടുത്താറുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് മണി പ്ലാൻറ്. മണി പ്ലാൻറ് വീടിനുള്ളിൽ വച്ചാൽ സൗഭാഗ്യം കടന്നുവരുമെന്ന വിശ്വാസവും പലരിലും ഉണ്ട്. ഇതും ഈ അലങ്കാര ചെടിയുടെ വിപണന സാധ്യതകൾ ഉയർത്തുന്നുണ്ടെന്ന് നിസ്സംശയം പറയാം. അകത്തളത്തിൽ മാത്രമല്ല മുറ്റത്തെ ആരാമത്തിലും കുറ്റിച്ചെടിയായും വള്ളിച്ചെടിയായും മണി പ്ലാൻറ് വളർത്താവുന്നതാണ്. ഇതിൻറെ തണ്ടിന്റെ മുട്ടിൽ നിന്ന് വേരുകൾ ഉല്പാദിപ്പിച്ചാണ് ഇത് വളർത്തുന്നത്.ചെടികളുടെ വളർച്ചയ്ക്ക് നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകണം എന്ന കാഴ്ചപ്പാട് മണിപ്ലാന്റിനെ സംബന്ധിച്ചോളം തെറ്റാണ്. കാരണം ഈ ചെടിക്ക് ഭാഗികമായ വെയിൽ മാത്രമേ ആവശ്യമുള്ളൂ. നമ്മുടെ വീട്ടിലെ ഡൈനിങ് ടേബിൾ പോലും ഒരു ചെറിയ സെറാമിക് ചട്ടിയിൽ വളരെ ആകർഷണീയമായി ഈ സസ്യം വളർത്തിയെടുക്കാം. കൂടാതെ ഹാങ്ങിങ് പ്ലാൻറ് ആയോ, ചില്ലു പാത്രത്തിലെ ജലത്തിലോ, ഭിത്തികളിലോ മനോഹര വള്ളിച്ചെടിയായോ ഇത് വളർത്താം.
വീട്ടിൽ മണി പ്ലാൻറ് വളർത്തിയാൽ?
വീടിനുള്ളിൽ മണി പ്ലാൻറ് സ്ഥാപിക്കുന്നതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന് വീടിനുള്ളിലെ അശുദ്ധ വായുവിനെ നീക്കം ചെയ്യാനുള്ള സവിശേഷ കഴിവ് മണി പ്ലാന്റിന് ഉണ്ട്. അതുകൊണ്ടുതന്നെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അകത്തള ചെടികളിൽ നിർദ്ദേശിക്കുന്ന ഒരു പേരായി മണി പ്ലാൻറ് മാറിയത്. ഇതിൻറെ മറ്റൊരു കഴിവ് പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മണി അതായത് പൈസ സമ്പാദനത്തിന് മണി പ്ലാൻറ് വീട്ടിൽ സൂക്ഷിക്കാം. ചൈനക്കാരുടെ വാസ്തു വിദ്യയിൽ ഇതിന് പ്രഥമസ്ഥാനം നൽകിയിരിക്കുന്നതും അതുകൊണ്ടുതന്നെ.
എങ്ങനെ വളർത്താം, എവിടെ വളർത്താം?
ആമുഖത്തിൽ കുറിച്ചിട്ട പോലെ കുറ്റിച്ചെടിയായോ വള്ളിച്ചെടി ആയോ ജലത്തിലോ ഇത് അനായാസം വളർത്തിയെടുക്കാം. അധികം പ്രായമാകാത്ത ചെടികളുടെ തണ്ടുകൾ ഉപയോഗപ്പെടുത്തി നമുക്ക് തൈകൾ തയ്യാറാക്കാം. ഇതിനുവേണ്ടി ചില്ലു ഗ്ലാസിൽ ശുദ്ധജലം നിറച്ച് തണ്ടിന്റെ മുട്ട് ഉൾപ്പെടെയുള്ള കഷ്ണം അതിൽ ഇറക്കി വച്ചാൽ മതി. ഇതിൽ ഏകദേശം രണ്ടാഴ്ചക്കുള്ളിൽ വേരുകൾ ഉണ്ടാകും. ഇത് വള്ളി ചെടിയായി വളർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് തൈകൾ ചട്ടിയിലേക്ക് മാറ്റി അതിൽ ഉറപ്പുള്ള താങ്ങുകൾ നൽകി പരമാവധി മൂന്ന് ചെടികൾ വരെ മനോഹരമായി വളർത്തിയെടുക്കാം. വീട്ടു മുറിയുടെ ജനൽ അരികിലോ, ബാൽക്കണിയിലോ ഇത് വയ്ക്കാം. വാസ്തുവിദ്യ പ്രകാരം നമ്മുടെ മുറികളിൽ മണി പ്ലാൻറ് സ്ഥാപിക്കുമ്പോൾ പടിഞ്ഞാറ്, തെക്ക്- പടിഞ്ഞാറ് ദിശകൾ ഒഴിവാക്കുക. തെക്ക് അഭിമുഖമായി സ്ഥാപിക്കുമ്പോൾ സാമ്പത്തികനില മെച്ചപ്പെടും എന്നും, വടക്ക് അഭിമുഖമായി സ്ഥാപിക്കുമ്പോൾ വീട്ടിൽ ഐശ്വര്യം കടന്നു വരുമെന്നും വിശ്വാസവും പലരിലും നിലനിൽക്കുന്നു. മണ്ണിൽ മാത്രമല്ല ശുദ്ധജലത്തിലും ഇത് വളർത്താം. ഇതിനുവേണ്ടി ഉപയോഗശൂന്യമായ ചില്ലു കുപ്പിയോ, വിപണിയിൽ നിന്ന് ലഭ്യമാകുന്ന മനോഹര ഗ്ലാസ് ബൗളുകളോ ഉപയോഗപ്പെടുത്താം. ചില്ലുപാത്രത്തിൽ രണ്ട് ഇഞ്ച് കനത്തിൽ വെള്ളം നിറച്ചു വേരുകളുള്ള മണി പ്ലാൻറ് കഷണങ്ങൾ ഇറക്കി വച്ചാൽ മാത്രം മതി. പ്രത്യേക പരിപാലനമുറകൾ ഇല്ലാതെ അനായാസം ഈ രീതിയിൽ മണി പ്ലാൻറ് വളർത്താം. ചില്ലുപാത്രത്തിൽ ഗപ്പി ഉൾപ്പെടെയുള്ള ആകർഷണീയ മത്സ്യങ്ങളും വളർത്താവുന്നതാണ്.
Discussion about this post