സ്വന്തമായി ഗുണമേന്മയുള്ള പച്ചക്കറി കൃഷി ചെയ്യുന്ന ധാരാളം പേരുണ്ട് ഇപ്പോള്‍. എന്നാല്‍ ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കുമത് സാധ്യമാകണമെന്നില്ല. സ്ഥലപരിമിതി തന്നെ പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക്. അങ്ങനെയുള്ളവര്‍ക്ക് ഒരു ആശ്വാസമാണ് മൈക്രോഗ്രീന്‍. പലരുമത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് മൈക്രോഗ്രീന്‍?
വിത്തുമുളച്ച് 10-15 ദിവസത്തോളം മാത്രം പ്രായമുള്ള തൈകളാണ് മൈക്രോഗ്രീന്‍. നീളംകുറഞ്ഞ തണ്ടും ബീജപത്രങ്ങളും കുഞ്ഞിലകളുമാണ് മൈക്രോഗ്രീനിലുണ്ടാവുക. മുപ്പതോളം ഇനങ്ങളാണ് പ്രധാനമായും ഇന്ന് ഈ വിഭാഗത്തില്‍ ഭക്ഷ്യയോഗ്യമായി കരുതുന്നത്.
പ്രത്യേകം ട്രേകളിലാണ് മൈക്രോഗ്രീന്‍ വളര്‍ത്തുന്നത്. ദ്വാരമുള്ളതും ഇല്ലാത്തുമായ ട്രേകള്‍ വേണം. ദ്വാരമുള്ള ട്രേയില്‍ ചകിരിച്ചോറ് നിറച്ച് ഇതിലാണ് വിത്തുകള്‍ പാകേണ്ടത്. രണ്ടാമത്തെ ട്രേ ഉപയോഗിച്ച് മൂടിവയ്ക്കും. മൂന്നുനാലു ദിവസം കൊണ്ട് ഇവ മുള പൊട്ടും. അപ്പോള്‍ ട്രേ മലര്‍ത്തി വയ്ക്കുന്നു. പിന്നീട് ദ്വാരമില്ലാത്ത ട്രേയില്‍ വെള്ളം നിറച്ച് മുള പൊട്ടിയ ട്രേ ഇതിലേക്ക് ഇറയ്ക്കു വയ്ക്കുന്നു. ചകിരിച്ചോറിലൂടെ വേരിറങ്ങി വൈകാതെ ചെടി ജലം ആഗിരണം ചെയ്യും.
പരമാവധി രണ്ടാഴ്ചയോളമാണ് മൈക്രോഗ്രീന്‍ ചെടികളുടെ ആയുസ്സ്. അതിനാല്‍ വളം ഉപയോഗിക്കേണ്ടതില്ല, മറ്റ് കേടുകളുമില്ല. പരമാവധി 25 ഗ്രാം മാത്രം കഴിച്ചാല്‍ മതി എന്നതാണ് മൈക്രോഗ്രീന്‍സിന്റെ സവിശേഷത. പോഷകസമ്പന്നമായ ആഹാരമാണ് മൈക്രോഗ്രീന്‍. സാലഡ് തയ്യാറാക്കാന്‍ ഉപയോഗിക്കാം.
ജീവകം സി, എ, കെ, ഇ എന്നിവയ്‌ക്കൊപ്പം ധാതുക്കളുടെയും കലവറയാണ്. ഒന്നരയിഞ്ചില്‍ താഴെ മാത്രം പൊക്കമുള്ള മൈക്രോഗ്രീനില്‍ കീടനാശിനിയും ഉണ്ടാവില്ല.
Discussion about this post