ലോകമാകെ കൊറോണ ഭീതിയിൽ ലോക് ലോക്കഡൗണിലായിരിക്കുമ്പോൾ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ കൊറോണക്കൊപ്പം മറ്റൊരു മാരക പകർച്ചവ്യാധിയോടും പടവെട്ടുന്നുണ്ടായിരുന്നു. ഏക്കർ കണക്കിന് വരുന്ന വാഴത്തോട്ടങ്ങളിൽ കുലയ്ക്കാറായതും കുലച്ചതുമായ വാഴകൾ പനാമ വാട്ടം ബാധിച്ച് വാടി വീഴുന്നത് നോക്കി നിൽക്കാൻ മാത്രമാണ് കർഷകർക്ക് കഴിഞ്ഞത്. തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും രോഗത്തിൽ നിന്ന് വിളകളെ കരകയറ്റാൻ അവർക്കായില്ല.
ഫ്യൂസേറിയം ഓക്സിസ്പോറം വിഭാഗത്തിൽപെടുന്ന കുമിളുകൾ പരത്തുന്ന രോഗത്തെ’ ബനാന ക്യാൻസർ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ക്യാൻസർ പോലെ തന്നെ മാരകമായ ഒരു രോഗമാണിത്. പനാമ വാട്ടത്തെ പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന രാസവസ്തുക്കളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള വിളകളുടെ രോഗങ്ങൾ പരിഗണിച്ചാൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്ന രോഗങ്ങളിൽ ഒന്നാണിത്. 1890 കളിൽ മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ ഗ്രോ മിഷൽ എന്ന വാഴ ഇനത്തിന് ഫ്യൂസേറിയം വാട്ടം ഉണ്ടാക്കിയ കനത്ത നാശനഷ്ടമാണ് ഇതിന് പനാമ വാട്ടം എന്ന പേര് ലഭിക്കാൻ കാരണമായത്. ഇന്ത്യയിൽ ബംഗാൾ, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, പോണ്ടിച്ചേരി, ഗുജറാത്ത്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, ഒറീസ എന്നിങ്ങനെ അനേകം സംസ്ഥാനങ്ങളിൽ ഈ രോഗം കാണപ്പെടുന്നുണ്ട്.
ബാഹ്യ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വാഴകൾ വളർന്ന് നാലഞ്ചുമാസമാകുമ്പോഴാണ്. ഇലകൾ മഞ്ഞളിക്കുകയും വാടി തണ്ടൊടിഞ്ഞ് തൂങ്ങിക്കിടക്കുകയും ചെയ്യും. പുതിയ ഇലകൾ ഉണ്ടാകാതെയാകും. പിണ്ടിയിൽ അവിടവിടെയായി വിള്ളലുകൾ കാണാം. പിണ്ടി മണ്ണിനോട് ചേരുന്ന ഭാഗത്തുനിന്നാണ് വിള്ളൽ ആരംഭിക്കുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ വാഴ കടയോടെ ചരിഞ്ഞു വീഴും. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ രോഗത്തിലൂടെ കർഷകർക്കുണ്ടാകുന്നത്.
വാഴയുടെ ജലവാഹകക്കുഴലുകളിലാണ് കുമിളുകൾ വളരുന്നത്. ഇത് ജലത്തിന്റെ നീക്കം തടസ്സപ്പെടുത്തുകയും തന്മൂലം വാഴകൾ വാടി നശിക്കുകയും ചെയ്യും. വാഴകൾ മണ്ണിൽ വീണാൽ പിന്നീട് കുമിളുകൾ മണ്ണിൽ ജീവിക്കും. ഇതേ സ്ഥലത്ത് കൃഷി തുടർന്നാൽ പിന്നെയും രോഗം അടുത്ത വാഴകളിലേക്ക് ബാധിക്കും. ഒരു വാഴയിൽ രോഗം ബാധിച്ചാൽ പിന്നെ തോട്ടം മുഴുവനായി നശിപ്പിക്കാൻ ഈ രോഗത്തിനാവും. രോഗം ബാധിച്ച വാഴകളുടെ കന്നുകൾ നടാനായി ഉപയോഗിക്കുന്നത് വഴിയും ഈ രോഗം പടർന്നു പിടിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകൾ എത്തിച്ചു നടുന്നതും രോഗമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാത്ത ഇടങ്ങളിലേക്ക് പകരാൻ കാരണമാകും.
പൂവൻ, ഞാലി പൂവൻ, മൊന്തൻ, കർപ്പൂരവള്ളി, കാവൻഡിഷ് എന്നീ ഇനങ്ങൾ രോഗസാധ്യത ഏറ്റവും കൂടിയ ഇനങ്ങളാണ്. ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കാവൻഡിഷ് വാഴകളെയാണ് പനാമ വട്ടം സാരമായി ബാധിച്ചിരിക്കുന്നത്. റോബസ്റ്റ, ഗ്രാൻഡ് നൈൻ എന്നീ ഇനങ്ങൾ ഉൾപ്പെടുന്ന, വിപണി സാധ്യത ഏറ്റവും കൂടിയ വിഭാഗമാണ് കാവൻഡിഷ് വാഴകൾ.
പനാമ രോഗം മൂലമുള്ള നാശനഷ്ടം കർഷകർ വർഷങ്ങളായി സഹിക്കുന്നുണ്ട്. എന്നാൽ ഇത്തവണ രോഗത്തെ നേരിടാൻ ഉതകുന്ന ജൈവകീടനാശിനിയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ലോക്ഡൗൺ കാലത്തും വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരുന്ന പനാമ രോഗത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ശാസ്ത്രജ്ഞർ. ഭാരതീയ കൃഷി ഗവേഷണ കൗൺസിൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ് ട്രോപ്പിക്കൽ ഹോട്ടികൾച്ചറുമായി ചേർന്നാണ് കീടനാശിനി കണ്ടെത്തിയിരിക്കുന്നത്. ഐ സി എ ആർ ഫ്യൂസികോണ്ട് എന്ന് പേരിട്ടിരിക്കുന്ന ജൈവ കീടനാശിനി, ട്രൈക്കോഡർമ എന്ന മിത്ര കുമിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് ഫ്യൂസേറിയം കുമിളുകളെ നശിപ്പിക്കുകയും വാഴകൾക്ക് പ്രതിരോധശേഷി നൽകുകയും ചെയ്യുന്നു
പൗഡർ രൂപത്തിലുള്ള കീടനാശിനി നട്ട് മൂന്നാം മാസം മുതൽ ആറ് കിലോ 100 ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴുകുകയാണ് ചെയ്യുന്നത്. 3, 5, 7, 9 എന്നീ മാസങ്ങളിൽ ഈ പ്രക്രിയ തുടരണം. ഐ സി എ ആർ ഫ്യൂസികോണ്ട് എന്ന ജൈവ കീടനാശിനിയുടെ ഉപയോഗത്തിലൂടെ പല കർഷകർക്കും മൂന്ന് മാസങ്ങൾ കൊണ്ട് തങ്ങളുടെ വാഴകൃഷിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്. കൂടുതൽ കർഷകർക്ക് ലഭ്യമാകുന്ന രീതിയിൽ കീടനാശിനി ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Discussion about this post