തിരുവനന്തപുരം : കേരളത്തിൽ ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കാൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കൃഷി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് മുന്നോടിയായി ഇരു വകുപ്പുകളിലെയും മന്ത്രിമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യം സംസ്ഥാനത്ത് നേരിടുന്ന സാഹചര്യത്തിലാണ് നീക്കം. ആയുഷ് വകുപ്പിലേയും കൃഷി വകുപ്പിലേയും ഔഷധ സസ്യകൃഷിക്ക് ലഭ്യമായ ഫണ്ട് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. ഇത്തരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന അസംസ്‌കൃത ഔഷധങ്ങള്‍ പൊതു, സഹകരണ, സ്വകാര്യ മേഖലയിലെ ഔഷധ നിര്‍മ്മാതാക്കള്‍ ‘ബൈ ബാക്ക്’ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ന്യായവില ഉറപ്പുവരുത്തി ശേഖരിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലഭ്യമായ ഭൂമിയും ഇതിനായി ഉപയോഗപ്പെടുത്തും.
ഹ്രസ്വകാല വിളകളും ദീര്‍ഘകാല വിളകളും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇടവിളയായി ഔഷധ സസ്യ കൃഷി നടത്തുന്നതും പരിഗണിക്കും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് വിശദമായ കര്‍മ്മപദ്ധതി തയ്യാറാക്കി അടിയന്തരമായി നടപ്പിലാക്കുന്നതിന് കമ്മിറ്റിയും രൂപീകരിച്ചു.
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകി, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പത്മ മൊഹന്ദി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post