നമ്മുടെ കേരളത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന ഒരു നാടുണ്ട്. തരിശുഭൂമികളില്‍ ഞാറ്റു പാട്ടുകളുടെ അകമ്പടിയോടെ വിളവിറക്കി മഴക്കാലം ഉത്സവം ആക്കാനായി ആരംഭിച്ച “ മഴപൊലിമ ” പരിപാടിയ്ക്ക് അവിടം തുടക്കം കുറിച്ചിരിക്കുകയാണ്.
തരിശുഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുക, യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയിലെ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുക എന്നി ലക്ഷ്യങ്ങളോടെ കാസര്‍ഗോഡ് ജില്ലയിലെ കുടുംബശ്രീ മിഷന്‍ ആവിഷ്ക്കരിച്ച കാര്‍ഷിക പുനരാവിഷ്കരണ പരിപാടിയാണ് മഴപൊലിമ.
2017 ല്‍ ആരംഭിച്ച പരിപാടി ഇപ്പോഴും മുടക്കമില്ലാതെ മുന്നോട്ട് പോകുന്നു.
ഇക്കുറി ബളാല്‍, ചെമ്മനാട്, അജാന്തൂര്‍, വലിയ പറമ്പ, തൃക്കരിപ്പൂര്‍, കുമ്പള, കിനാന്തൂര്‍, കരിന്തളം, പള്ളിക്കര, മൂളിയാര്‍ എന്നി പഞ്ചായത്തുകളിലാണ് പരിപാടിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ജനജീവിതം സുസ്ഥിരവികസനവുമായി കോര്‍ത്തിണക്കി കൊണ്ടുള്ള അടിസ്ഥാന മേഖല പദ്ധതികളിലെ വികസനമാണ് ലക്ഷ്യം. അടിസ്ഥാന മേഖലകളായ ജല സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക – സാമൂഹിക സുരക്ഷ എന്നി മേഖലകളിലെ സ്വയം പര്യാപ്തതയാണ് മഴപൊലിമയിലൂടെ ലക്‌ഷ്യം വക്കുന്നത് എന്ന് സാരം.
ജില്ലയിലെ തരിശുഭൂമി ഭക്ഷ്യ സമൃദ്ധമാക്കുന്നതിലൂടെ വന്‍ കാര്‍ഷിക മുന്നേറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 930 ഏക്കര്‍ തരിശുഭൂമി കൃഷിക്കായി കണ്ടെത്തി കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ സംഭരിച്ച നെല്ല് അരിശ്രീ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്.
വയല്‍ കൃഷിയ്ക്കൊപ്പം കര നെല്‍കൃഷി, പച്ചക്കറി കൃഷി, കിഴങ്ങ് – വാഴ തുടങ്ങിയവ മഴപൊലിമയുടെ ഭാഗമായി ആരംഭിച്ചതാണ്. .ഇവ വിളവെടുക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ആഴ്ച ചന്തകള്‍, വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴി വില്‍പ്പനയും നടത്തുന്നു.
മഴപൊലിമയിലൂടെ സമ്പാദിച്ച അരിയും വിളകളും വിപണിയില്‍ എത്തുന്നതോടെ കര്‍ഷകര്‍ക്ക് വരുമാനം നേടിയെടുക്കാനുള്ള മാര്‍ഗം കൂടിയാണ് ഒരുങ്ങുന്നത്. ഇതിലെ മറ്റൊരു നേട്ടം വിഷരഹിത വിളകള്‍ ജനങ്ങളില്‍ എത്തിക്കാനായി എന്നതാണ്.
കൂടാതെ ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് മഴ വെള്ളം നേരിട്ട് കടലില്‍ പതിക്കാതെ സംഭരണികള്‍ ഒരുക്കിയത് കൊണ്ട് ജല വിതാനം ഉയര്‍ത്താനും, കുടിവെള്ള പ്രശ്നം പരിഹരിക്കാനുമായിട്ടുണ്ട്.
Discussion about this post