കുമ്പളം കൃഷി ചെയ്തു തുടങ്ങാൻ അനിയോജ്യമായ മാസമാണ് മെയ് .
മെയ് മാസം കൃഷി ചെയ്തു തുടങ്ങിയാൽ ഓണ കാലത്തു വിളവ് എടുക്കാം .
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിൽ ഒന്നാണ് കുമ്പളം. ഔഷധ മൂല്യം ഏറെയുള്ള കുമ്പളത്തിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കുമ്പളത്തിന്റെ കാമ്പ് കൊണ്ട് ഉണ്ടാക്കുന്ന ആഗ്ര പേട എന്ന മധുരപലഹാരം ഏറെ പ്രശസ്തമാണ്. കേരളത്തിൽ പച്ചക്കറിക്കായാണ് ഈ വള്ളിച്ചെടി വളർത്തുന്നത്. മോരുകറി, ഓലൻ എന്നിവയ്ക്കായി കൂടുതലായി ഉപയോഗിക്കുന്നു. പ്രകൃതി ചികിത്സയിലും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കുമ്പളം. പ്രമേഹ രോഗത്തിനെതിരെ അത്യുത്തമാണിത്. പൂർണമായും ജൈവരീതിയിൽ കൃഷിചെയ്യാൻ യോജിച്ച വിളയാണ് കുമ്പളം.
ഇനങ്ങൾ
കെ എ യു ലോക്കൽ എന്ന ഇനം കുമ്പളത്തിന്റെ കായക്ക് 8 കിലോയോളം തൂക്കം വരും. മൊസൈക് രോഗത്തെ ചെറുക്കാൻ കഴിവുള്ള ഇനമാണ് ഇന്ദു. ഇടത്തരം വലിപ്പമുള്ള ഉരുണ്ട കായകൾ ഉള്ള ഇനമാണിത്. രണ്ടര കിലോ മാത്രം തൂക്കം വരുന്ന ചെറിയ കുമ്പളം ആണ് താര.
ഒരു സെന്റ് ഭൂമിയിൽ കുമ്പളം കൃഷി ചെയ്യുന്നതിന് നാല് ഗ്രാം വിത്ത് ആവശ്യമായി വരും. വരികൾ തമ്മിൽ നാലര മീറ്റർ അകലവും ചെടികൾ തമ്മിൽ രണ്ട് മീറ്റർ അകലവും വേണം. 30 മുതൽ 40 സെന്റീമീറ്റർ വരെ താഴ്ചയിലും രണ്ടടി വ്യാസത്തിലുമാണ് കുഴികളെടുക്കേണ്ടത്. കുഴിയൊന്നിന് 10 കിലോ ജൈവവളം ചേർത്തതിനുശേഷം വിത്ത് പാകാം. ഓരോ കുഴിയിലും നാലു മുതൽ അഞ്ച് വിത്ത് വരെ പാകണം. രണ്ട് സെന്റീമീറ്റർ ആഴത്തിലാണ് പാകേണ്ടത്. മൂന്നില പ്രായത്തിൽ ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകൾ മാത്രം നിലനിർത്തി മറ്റുള്ളവ പിഴുതുമാറ്റാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്ത് മുക്കി വച്ചശേഷം നടുന്നത് നല്ലതാണ്.
പടരുന്നതിനായി നിലത്ത് മരച്ചില്ലകളും തെങ്ങോലകളും വിരിക്കാം. ആവശ്യത്തിനുമാത്രം ജലസേചനം നൽകാൻ ശ്രദ്ധിക്കണം.
വളപ്രയോഗം
അടിവളമായി ഒരു സെറ്റിന് 100 കിലോഗ്രാം ജൈവവളമാണ് വേണ്ടത്. ഒരു കിലോ പച്ച ചാണകം, 10 ലിറ്റർ വെള്ളത്തിൽ കലക്കി പൂക്കാൻ തുടങ്ങുന്ന സമയത്ത് രണ്ടാഴ്ച കൂടുമ്പോൾ തളിച്ചു കൊടുക്കാം. രണ്ടാഴ്ചയിലൊരിക്കൽ ജീവാമൃതം തളിച്ചുകൊടുക്കുന്നത് മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിപ്പിക്കും.
രോഗ കീട നിയന്ത്രണ മാർഗങ്ങൾ
2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നത് മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവയുടെ ആക്രമണത്തെ തടയും. ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ തുരത്താനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രവും 10 ഗ്രാം കാന്താരിമുളക് അരച്ചതും ഒമ്പത് ലിറ്റർ വെള്ളവും ചേർത്ത് നിർമ്മിച്ച ലായനി അരിച്ചെടുത്ത് സ്പ്രേ ചെയ്യാവുന്നതാണ്. ചിത്ര കീടങ്ങളെ തുരത്താൻ വേപ്പിൻകുരു സത്ത് ഉപയോഗിക്കാം.
പലതരം മിത്രകീടങ്ങൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മിത്ര കീടങ്ങളുടെ ഇളം ദശകൾ ഭക്ഷിക്കുന്നത് ശത്രുകീടങ്ങളെയാണ് . ജൈവകീടനാശിനികൾക്കൊപ്പം ഇവയുടെ പ്രവർത്തനം കൂടിയാകുമ്പോൾ ശത്രു കീടങ്ങളെ പരമാവധി നിയന്ത്രിക്കാനാകും. മിത്ര കീടങ്ങളുടെ ജീവിതചക്രത്തിൽ പൂർണ്ണവളർച്ചയെത്തിയ പ്രാണികൾ ഭക്ഷിക്കുന്നത് പൂമ്പൊടിയും പൂന്തേനുമാണ്. തലവെട്ടി, തുമ്പ, പെരുവലം, തുളസി, മൈലാഞ്ചി, ബന്ധി, ചെമ്പരത്തി എന്നീ പൂച്ചെടികൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് മിത്ര കീടങ്ങളെ തോട്ടത്തിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു. വെള്ളരി വർഗ പച്ചക്കറികളോടൊപ്പം തേനീച്ച വളർത്തുന്നതും കൃത്യമായി പരാഗണം നടക്കാൻ സഹായിക്കും.
20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ വിത്ത് മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. മൃദുരോമപൂപ്പൽ, ചൂർണ്ണപൂപ്പൽ എന്നീ രോഗങ്ങൾക്ക് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും തളിച്ചു കൊടുക്കാവുന്നതാണ്. രോഗാരംഭത്തിൽ തന്നെ ഇത് ചെയ്യാൻ ശ്രദ്ധിക്കണം. രോഗം വന്ന സസ്യഭാഗങ്ങൾ തീയിട്ടു നശിപ്പിച്ച ശേഷമാണ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത്.
ഉടനെ പാകംചെയ്ത ഉപയോഗിക്കുന്നതിന് ഇളം പ്രായത്തിൽ തന്നെ കുമ്പളം വിളവെടുക്കണം. വിത്തുപാകി മൂന്നുമാസമെത്തുമ്പോൾ ആദ്യ വിളവെടുപ്പ് നടത്താം. കായകൾ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നതിനായി നല്ലതുപോലെ വിളഞ്ഞ കായ്കളാണ് പറിച്ചെടുക്കുന്നത്.
Discussion about this post