പലർക്കും വളരെ ശല്യമായി തോന്നുന്നൊരു ചെടിയാണ് മതിൽപച്ച. വളരുന്നിടത്തെല്ലാം കാടുപിടിച്ചു വളരും. പറിച്ച് കളഞ്ഞ് ഒഴിവാക്കുവാൻ നോക്കിയാലും പെട്ടെന്നൊന്നും നടക്കില്ല. റോക്ക് വീഡ്, ഗൺ പൗഡർ പ്ലാന്റ്, എന്നൊക്കെയാണ് മതിൽപച്ചയുടെ ഇംഗ്ലീഷ് പേരുകൾ . അമേരിക്കയാണ് ജന്മദേശമെങ്കിലും എല്ലായിടത്തും ഇവരെ ഇപ്പോൾ കാണാം.
പൈലിയ മൈക്രോഫില്ല എന്നാണ് മതിൽ പച്ചയുടെ ശാസ്ത്രനാമം. ആർട്ടിക്കേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. നേർത്ത മാംസളമായ തണ്ടുകളാണ് ഇവയ്ക്ക്. ഇളം പച്ച നിറമുള്ള ചെറിയ ഇലകൾ. ചെറിയ പൂക്കൾ. നിലത്ത് വളരുമ്പോഴാണ് കാട് പിടിക്കുന്നത്. ചട്ടികളിൽ ഇവയെ ഭംഗിയായി വളർത്തിയെടുക്കാം.
നല്ല ഈർപ്പമുള്ള സ്ഥലങ്ങളിലെ മതിൽ പച്ച വളരൂ. തണലുള്ള സ്ഥലങ്ങൾ ആണ് ഇഷ്ടം. നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാൽ ഇലകൾ കൊഴിഞ്ഞു പോകും. ചിലയിടങ്ങളിൽ ഗ്രൗണ്ട് കവർ ആയി മതിൽപച്ച ഉപയോഗിക്കാറുണ്ട്.
ഓസ്ട്രേലിയ, ചൈന, ഗാലപ്പഗോസ് ദ്വീപുകൾ, ജപ്പാൻ, ഫിലിപ്പൈൻസ്, എന്നിവിടങ്ങളിലൊക്കെ ഇവ ഒരു അധിനിവേശ സസ്യമാണ്. ഔഷധ സസ്യം കൂടിയാണ് മതിൽപച്ച. കൊർസെറ്റിൻ, എപ്പിജെനിൻ, റോട്ടിനോസൈഡ്, ലൂട്ടിയോലിൻ, എന്നീ ഫിനോളിക് സംയുക്തങ്ങളും മതിൽപച്ചയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ആന്റി ഓക്സിഡന്റ് കഴിവുകളും മതിൽപച്ചയ്ക്കുണ്ട്.
Discussion about this post