ഈ ഓണക്കാലത്തിന്റെ പ്രധാന പ്രത്യേകത, അത്തപ്പൂക്കളങ്ങളിൽ ഉപയോഗിച്ച ചെണ്ടുമല്ലിപ്പൂക്കളിൽ ഒരു പങ്ക് ‘Made in Kerala ‘ആയിരുന്നു എന്നതാണ്.
മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ ഉള്ള ഇനങ്ങൾ ആണ് കൂടുതൽ കളം നിറഞ്ഞത്. (വെള്ള നിറമുള്ള പൂക്കൾക്ക് 300-350 രൂപ വരെ വന്നു. പക്ഷെ അധികം ഉത്പാദിപ്പിച്ചു കണ്ടില്ല ).
സംഘടിതമായ കൃഷി മാത്രം എടുത്താൽ തന്നെ കേരളത്തിൽ ഒരു അഞ്ഞൂറ് ഹെക്റ്ററിൽ എങ്കിലും പൂകൃഷി തകൃതിയായി നടന്നു. ഇത്രയധികം പൂക്കൾ ഉണ്ടാക്കിയത് കർഷകർ നേരിട്ട് വിപണനം ചെയ്തത് പ്രാദേശിക പൂക്കച്ചവടക്കാരിൽ ഒരു വിഭാഗത്തിന് വലിയ അസ്വസ്ഥതകൾ ഉണ്ടാക്കി എന്ന് വേണം കരുതാൻ. അതിനാൽ ഓണം കഴിഞ്ഞപ്പോൾ പലരും പൂ വാങ്ങാൻ തയ്യാറായതുമില്ല എന്ന വാർത്തകളും കേട്ടു.തോവാളയിലെ ചെണ്ടുമല്ലിപ്പൂക്കൾ 70-80 നിലവാരത്തിൽ കച്ചവടം നടന്നപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിച്ച പൂക്കൾ ശരാശരി 150 രൂപയ്ക്കാണ് വിറ്റ് പോയത്.ഓണം കഴിഞ്ഞതോടെ ഈ തോട്ടങ്ങളിലെ പൂക്കൾ മാന്യമായ വിലയ്ക്ക് വിറ്റ്പോകാത്തത് ഒരു സങ്കടക്കാഴ്ചയായി.
ഈ പശ്ചാത്തലത്തിൽ ചെണ്ടുമല്ലികൃഷി ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങൾ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു. ഇത് വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ കൂടി പങ്ക് വയ്ക്കുകയാണെങ്കിൽ അത് ക്രോഡീകരിച്ച്, അടുത്ത ഓണക്കാലത്തേക്കുള്ള ഒരു സ്ട്രാറ്റെജി രൂപീകരിക്കാം.
1. ഈ വർഷത്തെ പൂക്കൃഷിയിലൂടെ നമ്മൾ, തോവാള പോലെയുള്ള പരമ്പരാഗത പൂഗ്രാമങ്ങളുമായിട്ടാണ് മത്സരിച്ചത് .
വളരെ സൂസംഘടിതമായ ഒരു Supply Chain നുമായാണ് നമ്മൾ ഏറ്റുമുട്ടിയത് . അവരാകട്ടെ ഓണക്കാലം മാത്രം നോക്കിയല്ല കൃഷി ചെയ്യുന്നത്.വർഷം മുഴുവനും പൂക്കൾ ഉത്പാദിപ്പിക്കുന്നവരാണവർ . അവിടെ കൂലിചെലവ് വളരെ കുറവാണ്. ആയതിനാൽ അവർക്ക് കിലോയ്ക്ക് 20-25 രൂപ കിട്ടിയാലും ലാഭകരമാണ്.
അത് വിൽക്കാൻ സഹായിക്കുന്ന ഇടനിലക്കാർക്കും പൂക്കച്ചവടക്കാർക്കും അത് win -win സാഹചര്യമാണൊരുക്കുന്നത്.
മറുവശത്ത്, നമ്മുടെ കർഷകർ അങ്ങനെ ഒരു marketing tie up ഇല്ലാതെയാണ് കൃഷിയ്ക്കിറങ്ങുന്നത്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിൽ പറിക്കുന്ന പൂക്കൾക്ക് മികച്ച വില ലഭിക്കും. പക്ഷെ 65 ദിവസം വരെ വിളവെടുപ്പ് കാലം ഉള്ള ചെണ്ടുമല്ലി ചെടികളിലെ ബാക്കി പൂക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചു നമുക്ക് ധാരണക്കുറവുണ്ട്.
2. പൂക്കച്ചവടക്കാർക്ക് വർഷം മുഴുവൻ പൂക്കൾ വേണം. നമുക്കതിന് കഴിഞ്ഞില്ലെങ്കിൽ അവർ നമ്മുടെ കർഷകരുമായി കൈകോർക്കാൻ സാധ്യത കുറവാണ്.അത് കണക്കിലെടുക്കണം.
3. സന്ദർശകരെ തോട്ടത്തിലേക്ക് ആകർഷിച്ച് അതിന്റെ gate fee പോലെയുള്ള ധനസമ്പാദനം നടത്താൻ എല്ലാവർക്കും കഴിയുമെന്ന് തോന്നുന്നില്ല.
4. ഓണത്തിന് ചെണ്ടുമല്ലി മാത്രമല്ല പൂക്കളങ്ങൾക്ക് വേണ്ടത്. പല നിറങ്ങളിൽ ഉള്ള അരളിപ്പൂക്കൾ (Nerium ), തെച്ചി (Ixora ), പല നിറങ്ങളിൽ ഉള്ള വാടാമല്ലി (Gomphrena ), കോഴിപ്പൂവ് (Celosia ), പല നിറങ്ങളിൽ (പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള )ജമന്തി (Chrysanthemum ) എന്നിവയൊക്കെ ആവശ്യമുണ്ട്. അവയുടെ ഉത്പാദന സാദ്ധ്യതകൾ പരിശോധിക്കണം. ഇതിൽ ചിലവ ദീർഘകാല വിളകൾ ആണ്. ചെണ്ടുമല്ലിയിൽ തന്നെ വെള്ള നിറത്തിൽ ഉള്ള ഇനങ്ങളും ആരും കാര്യമായി കൃഷി ചെയ്ത് കണ്ടില്ല.
5. നല്ല സൂര്യപ്രകാശമുളള, നീർ വാർച്ചയുള്ള, ജലസേചന സൗകര്യമുളള സ്ഥലങ്ങൾ ആണ് പൂകൃഷിയ്ക്ക് വേണ്ടി തരം മാറ്റുന്നത്. അവിടെ തക്കാളി അടക്കമുള്ള (ജൂൺ -ജൂലൈ മാസങ്ങളിൽ കഴിഞ്ഞ രണ്ട് മൂന്ന് വര്ഷങ്ങളായി വലിയ വില ലഭിക്കുന്നു )വിറ്റഴിക്കാൻ പ്രയാസമില്ലാത്ത പച്ചക്കറികൾ ചെയ്യുന്നതിനേക്കാൾ ലാഭകരമാണോ പൂക്കൃഷി എന്ന് പരിശോധിക്കണം.
6. Foodscaping എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഇടവിളകൾ ആയി ചീര, മുളക് എന്നിവയ്‌ക്കൊപ്പം ചെണ്ടുമല്ലി, വാടാമല്ലി, കോഴിപ്പൂവ് എന്നിവ കൃഷി ചെയ്‌താൽ ഉള്ള ലാഭക്ഷമത Economist കൾ കണ്ടെത്തണം.
7.ആദ്യമാദ്യം ഉള്ള പൂക്കൾ നല്ല വലിപ്പത്തിലും പിന്നെ വലിപ്പം കുറഞ്ഞും കാണുന്നു. ‘എണ്ണത്തിൽ കൂടുമ്പോൾ വണ്ണത്തിൽ കുറയുമല്ലോ’. പൂക്കളുടെ വലിപ്പം നിശ്ചയിക്കുന്നതിൽ Single Pinching, Double Pinching എന്നിവയുടെ സ്വാധീനം പഠനവിധേയമാക്കണം. Soil test based ആയ ഒരു വളപ്രയോഗ രീതി ഓരോ agro ecological zone നുമായി കാർഷിക സർവ്വകലാശാല ചിട്ടപ്പെടുത്തണം.
8. വാടാമല്ലി പോലെയുള്ള ചെറിയ പൂക്കൾ വിളവെടുക്കുന്നത് വളരെ ശ്രമകരം ആണെന്ന് കർഷകർ തിരിച്ചറിയുന്നു.
9. വലിപ്പമുള്ള പൂക്കൾ തരുന്ന, ചെണ്ടുമല്ലിയുടെ സങ്കര ഇനങ്ങൾ താങ്ങാവുന്ന നിരക്കിൽ കൊടുക്കാൻ കാർഷിക സർവ്വകലാശാല പദ്ധതി തയ്യാറാക്കണം.
10. ചെണ്ടുമല്ലി കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ നിമാവിര ശല്യം കുറയുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഓണക്കാല പച്ചക്കറി കൃഷിക്കാർക്ക്, ഇടവിളയായി ചെണ്ടുമല്ലി ഉൾപ്പെടുത്താൻ ഒരു വലിയ കാരണമാണത്.
11. വിളവെടുത്ത് കഴിഞ്ഞ് ഉള്ള അവശിഷ്ടങ്ങൾ ഉപയോഗിച്ച് കീട വിരട്ടികൾ (pest repellants ), നിമാവിര നാശിനികൾ എന്നിവ കൃഷിയിടത്തിൽ ഉണ്ടാക്കാൻ ഉള്ള സാങ്കേതിക വിദ്യകൾ വേണം.
12. ചെണ്ടുമല്ലി പൂക്കളിൽ നിന്നും കൊതുക് തിരി, അഗർബത്തി എന്നിവ ഉണ്ടാക്കാൻ കഴിയും. അതിന് കൂടുതൽ സൗരഭ്യം നൽകി എങ്ങനെ വിറ്റഴിക്കാൻ കഴിയും എന്ന് പരിശോധിക്കണം. (ഉണ്ടാക്കൽ ഒരു പ്രശ്നമില്ല, പക്ഷെ വിപണനം എളുപ്പമാകില്ല). വലിയ ബ്രാൻഡ്കളോടാണ് വിപണിയിൽ മത്സരിക്കേണ്ടത്.
13. ചെണ്ടുമല്ലിപ്പൂക്കളിൽ നിന്നും ഭക്ഷ്യയോഗ്യമായ നിറങ്ങൾ (natural food colour, dye ) എന്നിവ ഉണ്ടാക്കാൻ ആവശ്യമായ സാങ്കേതിക വിദ്യയും അത് വിൽക്കാനുള്ള forward linkages ഉം ഉണ്ടാക്കണം.
14. ഈ പൂക്കളിൽ നിന്നും Lutein, Carotenoids പോലെയുള്ള പോഷകവസ്തുക്കൾ ഉത്പാദിപ്പിക്കാനും അവ വിൽക്കാൻ ഉള്ള industry linkages ഒരുക്കണം.
15. Marigold Leaf Tea, Dried petals, Pot pourie തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദന -വിപണന സാദ്ധ്യതകൾ പരിശോധിക്കണം.
കൂടുതൽ പോയിന്റുകൾ വായനക്കാരിൽ നിന്നും ക്ഷണിക്കുന്നു.
വാണിജ്യാടിസ്ഥാനത്തിൽ ഇറുപ്പ് പൂക്കൾ (loose flowers )കൃഷി കേരളത്തിൽ സാധ്യമാണ് എന്ന് കർഷകർ തെളിയിച്ചു. ഇനി അത് ലാഭകരമാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കേണ്ടത്.
കേരളത്തിൽ ഉണ്ടാക്കിയ പൂക്കൾ കൊണ്ട് മാല കെട്ടുമ്പോൾ കൈകൾക്ക് അഴലക്കവും ചൊറിച്ചിലും ഉണ്ടാകുന്നില്ലെന്ന് ചില പൂക്കടക്കാർ പറഞ്ഞുവത്രെ. അപ്പോൾ Safe to use /handle എന്ന tag line ഓട് കൂടി ഉള്ള പൂക്കൾ തരാം എന്ന് പറഞ്ഞ് പൂമാല കെട്ടുന്നവരെ ആകർഷിക്കണം. ഒരു സ്ഥിര -ന്യായ വിലയ്ക്ക് വർഷം മുഴുവൻ അവർക്ക് പൂക്കൾ കൊടുക്കാൻ നമ്മുടെ കർഷകർ തയ്യാറാകുകയും വേണം.
എഴുതി തയ്യാറാക്കിയത്: പ്രമോദ് മാധവൻ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ , ആലപ്പുഴ
Discussion about this post