കുട്ടിക്കാലത്ത് മഞ്ചാടി പെറുക്കി കളിക്കാത്തവരായി ആരാണുള്ളത്? മഞ്ചാടിക്കുരു തീപ്പെട്ടിക്കൂടിനുള്ളിലാക്കി ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന കുട്ടിക്കാലം ആസ്വദിച്ചവർ ആയിരിക്കും നമ്മളിൽ പലരും. മഞ്ചാടിക്കുരുവിന് വേണ്ടി കൂട്ടുകാരോട് വഴക്കിട്ടിട്ടുമുണ്ടാകും. ഗൃഹാതുരത്വം നിറഞ്ഞു തുളുമ്പുന്ന ഓർമ്മകളാണ് മഞ്ചാടിക്കുരുവിന്റെത്.
അടിനാന്തേറ പാവോനിയ എന്നാണ് മഞ്ചാടിയുടെ ശാസ്ത്രനാമം. പയറിന്റെ കുടുംബം. കുടുംബത്തിലെ മറ്റു പലരെയും പോലെ തന്നെ മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുവാനുള്ള കഴിവുണ്ട് മഞ്ചാടിക്ക്. ”റെഡ് ലക്കി സീഡ്” എന്നാണ് ഇംഗ്ലീഷിൽ പേര്.
ഉഷ്ണമേഖലാ സസ്യമാണ് മഞ്ചാടി. പെട്ടെന്ന് വളരാൻ കഴിവുള്ള ഇവ ഒരു തണൽ മരമാണ്. അലങ്കാര വൃക്ഷമായും മഞ്ചാടി വളർത്താറുണ്ട്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കൾ. മെയ്- ജൂലൈ മാസങ്ങളിലാണ് പൂക്കാലം. മഞ്ചാടി മരത്തിന്റെ വിത്തിനെയാണ് നമ്മൾ മഞ്ചാടിക്കുരു എന്ന് വിളിക്കുന്നത്.
ഗാലറ്റിറ്റൊൾ, ആംപിലോപ്സിൻ, ബ്യുട്ടീൻ, ഒലിയനോലിക് ആസിഡ്, സ്റ്റിഗമാസ്റ്റിറോൾ, അസെറ്റയിൽഎഥനോലമിൻ, എന്നിങ്ങനെ ഒത്തിരി ഘടകങ്ങൾ മഞ്ചാടിയിൽ ഉണ്ട്. ഇവയാണ് മഞ്ചാടിയുടെ ഔഷധ ഗുണങ്ങൾക്ക് കാരണം. മഞ്ചാടിയുടെ തടി കെട്ടിടം, ഫർണിച്ചർ, എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. വിറകായും ഉപയോഗിക്കുന്നു. തളിരിലകൾ ഭക്ഷ്യയോഗ്യമാണ്.
Discussion about this post