കടും വയലറ്റ് നിറത്തിലുള്ള മിനുസമുള്ള ഉരുണ്ട ഫലമാണ് മംഗോസ്റ്റീൻ. കിരീടം വെച്ചതുപോലെയുള്ള ഞെട്ടാണ് കാഴ്ചയിൽ മംഗോസ്റ്റീനെ കൂടുതൽ ആകർഷകമാക്കുന്നത്. ഉള്ളിൽ മധുരമൂറുന്ന വെളുത്ത കാമ്പുണ്ട്. ജന്മം കൊണ്ട് ഇന്തോനേഷ്യക്കാരിയാണെങ്കിലും ഇന്ത്യയിലും കൃഷി ചെയ്യാൻ യോജിച്ച വിളയാണിത്. തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളാണ് പഴങ്ങളുടെ റാണിയായ മംഗോസ്റ്റീൻ കൃഷിക്ക് യോജിച്ചത്.
മാംസ്യം, ജീവകം ബി, സി, എ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഫലങ്ങൾ പോഷക സമ്പന്നമാണ് .പഴുത്ത പഴങ്ങൾ അതേപടി കഴിക്കാം. ഒപ്പം ജാം, സ്ക്വാഷ് എന്നിവ തയ്യാറാക്കുകയുമാകാം. പഴത്തിന്റെ തൊലിക്കും വൃക്ഷത്തിന്റെ ഇലകൾക്കും ധാരാളം ഔഷധഗുണങ്ങളുണ്ട്.
25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിതഫലവൃക്ഷമാണ് മാങ്കോസ്റ്റീൻ. തണലുള്ള സ്ഥലങ്ങളാണ് വളർത്താൻ നല്ലത്. കൃത്യമായ നനയും വേണം.
മങ്കോസ്റ്റീൻ വിത്തുകൾക്ക് വളരെവേഗം മുളക്കാനുള്ള കഴിവ് നഷ്ടപ്പെടും. അതിനാൽ വിത്ത് ശേഖരിച്ച ഉടൻതന്നെ പാകണം. ഒരു കായയിൽ നിന്ന് മുളക്കാൻ കഴിവുള്ള ഒന്നോ രണ്ടോ വിത്തുകളാണ് ലഭിക്കുക. ഇവ മുളച്ചു വരാൻ രണ്ടു മുതൽ മൂന്നാഴ്ച വരെ എടുക്കും. വളരെ സാവധാനത്തിൽ വളരുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്. ആദ്യത്തെ നാലു വർഷക്കാലത്തോളം നല്ല തണൽ വേണം. രണ്ടുവർഷം പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്. നല്ലനീർവാർച്ചയും വളക്കൂറുമുളള മണ്ണു വേണം. 6 മാസം പ്രായമായ ഒട്ടുതൈകളും നടാനായി ഉപയോഗിക്കാം.
90 സെന്റീമീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിലാണ് തൈകൾ നടേണ്ടത്. ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ തമ്മിൽ 9 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കാം. ജൈവവളമായി കാലിവളം കമ്പോസ്റ്റ് തുടങ്ങിയവ ചേർക്കാം. എല്ലുപൊടിയും അഴുകി പൊടിഞ്ഞ ചാണകവും ഉത്തമ വളങ്ങളാണ്. നല്ല വളർച്ചയ്ക്കും കാര്യമായ വിളവിനും നല്ല രീതിയിൽ ജൈവവളം നൽകണം
വിത്ത് മുളപ്പിച്ച തൈകൾ 8 മുതൽ 15 വർഷത്തിനുള്ളിലാണ് കായ്ക്കുക. എന്നാൽ ഒട്ടു തൈകൾ ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും. വളരുന്ന സമയത്ത് തണൽ ആവശ്യമായതിനാൽ തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യുന്നത് നല്ലതാണ്.
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് മംഗോസ്റ്റീൻ മരങ്ങൾ പൂവിടുന്നത്. മൂന്നുമാസം കൊണ്ട് കായകൾ മൂപ്പെത്തും. ജൂൺ-ജൂലൈ മാസങ്ങളിൽ വിളവെടുക്കാം. പച്ച നിറത്തിൽ നിന്ന് കായ്കൾ വയലറ്റ് നിറത്തിലേക്ക് മാറുമ്പോഴാണ് വിളവെടുക്കാൻ പാകമാകുന്നത്. 20 വർഷത്തിനുമേൽ പ്രായമായ ഒരു മരത്തിൽനിന്ന് പരമാവധി 500 കായകൾ വരെ ലഭിക്കും.
Discussion about this post