മറ്റെല്ലാ മേഖലകളിലെന്നപോലെ കൃഷി, മൃഗപരിപാലനം തുടങ്ങിയ മേഖലകളിലും സ്ത്രീകൾ ധാരാളം വിവേചനങ്ങൾ അനുഭവിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ കർഷക സംഘങ്ങളിൽ അടക്കം സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോഴും വളരെ കുറവ് തന്നെ. വേതനം നൽകുന്നതിൽ സ്ത്രീ-പുരുഷ വിവേചനം ഇപ്പോഴും നിലനിൽക്കുന്നു. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നത് വെറും 14% സ്ത്രീ കർഷകർ മാത്രമാണ്. കാർഷികരംഗത്തെ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മെഷിനറികളും പലതും സ്ത്രീ സൗഹൃദമല്ലാത്തവയാണ്. പരിശീലനങ്ങൾ നേടുന്നതിലും വിപണി കണ്ടെത്തുന്നതിലും സ്വയം സംരംഭകരാകുന്നതിലും സ്ത്രീകൾ പിന്നിലാണ്.
ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഒക്ടോബർ 15 രാഷ്ട്രീയ മഹിളാ കിസാൻ ദിവസ് ആയി ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന ഇതേ ദിവസം അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായും ആചരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ പ്രമേയം. തൊഴിൽ ചെയ്യുന്ന മൂന്നിലൊന്ന് സ്ത്രീകൾ കാർഷിക മേഖലയിലാണ് പ്രവർത്തിക്കുന്നത്. കാർഷികമേഖലയിലെ സ്ത്രീശാക്തീകരണം മെച്ചപ്പെട്ട ഭക്ഷ്യ ഉൽപാദനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും പ്രധാനമാണ്.
Discussion about this post