കുട്ടനാടിന്റെ കൃഷിയും ജീവിതവും ഹൃദയത്തിൻ സൂക്ഷിച്ചിരുന്ന എം.എസ്. സ്വാമിനാഥൻ എന്ന മഹാപ്രതിഭയുടെ സംഭാവനകളുടെ സ്മരണാർത്ഥം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’ എന്ന് അറിയപ്പെടുമെന്നും കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു.ശാസ്ത്രം സാധാരണ മനുഷ്യന് വേണ്ടിയുള്ള പ്രവർത്തനമാണെന്ന് ജീവിതം കൊണ്ടും കർമമേഖലകൊണ്ടും തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ എന്ന് കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ശാസ്ത്രജ്ഞൻ എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നും ലോകത്തിന് മാതൃകയാകാൻ അദ്ദേഹത്തിനായി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ഡോ. എം. എസ്. സ്വാമിനാഥൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം പിൽക്കാലത്ത് മുന്നോട്ടുവെച്ചത് നിത്യഹരിത വിപ്ലവം എന്ന ആശയമാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള കാർഷിക മുന്നേറ്റമാണ് ഇനി രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. ഏറ്റവും കുറഞ്ഞ അവശ്യ ധാതുവളങ്ങളും കുറഞ്ഞ രാസകീടനാശിനികളും ഉപയോഗിച്ച് കൃഷി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കു മാത്രമല്ല, സാമ്പത്തിക മുന്നേറ്റത്തിനും കാർഷിക വികസനം അനിവാര്യമാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.ആസൂത്രണ കമ്മിഷൻ അംഗമായിരിക്കെ സ്ത്രീയും വികസനവും പരിസ്ഥിതിയും വികസനവും എന്നീ വിഷയങ്ങൾ അവതരിപ്പിക്കാൻ സാധിച്ച ദീർഘദർശിയായിരുന്നു എം.എസ്. സ്വാമിനാഥൻ എന്നും മന്ത്രി ഓർമിച്ചു.
Discussion about this post