പശുക്കള്‍ക്കും എരുമകള്‍ക്കും കണ്ടുവരുന്ന രോഗമാണ് ചര്‍മമുഴ. പശുക്കളുടെ പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയാന്‍ ചര്‍മമുഴ രോഗം ഇടയാക്കാറുണ്ട്. കാപ്രിപോക്‌സ് വൈറസ് ഇനത്തിലെ എല്‍എസ്ഡി വൈറസുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ് വൈറസ് കന്നുകാലികളിലേക്ക് എത്തിക്കുന്നത്. ഇതിന് പുറമെ രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകര്‍ച്ചക്ക് സാധ്യതയുണ്ട്.
കടുത്ത പനി, പാലുല്‍പാദനം കുറയുക, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം തുടങ്ങിയവയാണ് ചര്‍മമുഴയുടെ ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റാല്‍ 4 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ കന്നുകാലികളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ആദ്യ ലക്ഷണങ്ങള്‍ക്ക് പിന്നാലെ ത്വക്കില്‍ പല ഭാഗങ്ങളിലായി നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്.
കന്നുകാലികളില്‍ അസ്വാഭാവികമായി രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി ചികിത്സ ലഭ്യമാക്കണം. ഒപ്പം മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍്കിയിട്ടുണ്ട്.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, പനി, വേദന സംഹാരികള്‍, കരള്‍ സംരക്ഷണ ഉത്തേജക മരുന്നുകള്‍, ജീവകധാതുമിശ്രിത കുത്തിവെപ്പുകള്‍ എന്നിവ രോഗാരംഭത്തില്‍ തന്നെ നല്‍കുക.
മുഴകള്‍ പൊട്ടി വ്രണങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈച്ചകളെ അകറ്റാനും മുറിവുണക്കാനുള്ളതുമായ മരുന്നകള്‍ പ്രയോഗിക്കണം.
രോഗാണുവിന്റെ വാഹകരായ ബാഹ്യപരാദങ്ങളെ തടയുന്നതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.
Discussion about this post